കൊട്ടിയൂര്‍ പീഡനകേസ്: വയനാട് ശിശുക്ഷേമ സമിതി അധ്യക്ഷന്‍ ഫാ. തേരകം അടക്കം മൂന്ന് പേര്‍ പൊലീസ് സ്റ്റേഷനില്‍ കീഴടങ്ങി

പേരാവൂര്‍: കൊട്ടിയൂര്‍ പീഡനക്കേസില്‍ വയനാട് സി ഡബ്ലു സി മുന്‍ ചെയര്‍മാന്‍ ഫാദര്‍ തോമസ് തേരകവും പത്താം പ്രതിയ സിസ്റ്റര്‍ ബെറ്റിയും, സിസ്റ്റര്‍ ഓഫീലിയയും കീഴടങ്ങി. ഇന്ന് രാവിലെ 6.15ഓടെയാണ് മൂവരും പേരാവൂര്‍ പൊലീസ് സ്റ്റേഷനില്‍ സിഐക്കു മുന്നിലെത്തി കീഴടങ്ങിയത്. ഇവരെ ഇന്നു തന്നെ കോടതിയില്‍ ഹാജരാക്കും. കേസില്‍ പ്രതിചേര്‍ക്കപ്പെട്ട തങ്കമ്മയും ഇന്ന് കീഴടങ്ങുമെന്നാണ് പ്രതീക്ഷിക്കുന്നത്. പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ ബലാല്‍സംഗം ചെയ്ത് ഗ‍‍ര്‍ഭിണിയാക്കിയ കേസില്‍ പ്രതിയായ വൈദികരെ സംരക്ഷിക്കാന്‍ ശ്രമിച്ചെന്നും കുറ്റം മറയ്‌ക്കാന്‍ ശ്രമിച്ചെന്നുമാണ് കൂട്ടുപ്രതികള്‍ക്കെതിരായ ആരോപണം.

കൊട്ടിയൂര്‍ കേസില്‍ ഫാദര്‍ തേരകം അടക്കം നാല് പ്രതികള്‍ ഇന്ന് പൊലീസ് സ്റ്റേഷനിലെത്തി കീഴടങ്ങിയേക്കുമെന്ന് നേരത്തെ പൊലീസിന് വിവരം ലഭിച്ചിരുന്നു. ശേഷിക്കുന്ന പ്രതികളും അടുത്ത ദിവസങ്ങളിലായി കീഴടങ്ങിയേക്കുമെന്നാണ് സൂചന.

കൊട്ടിയൂര്‍ പീഡനകേസിലെ പ്രതികള്‍ കോടതിയില്‍ കീഴടങ്ങണമെന്നും കീഴടങ്ങിയാല്‍ അന്നേ ദിവസം ദിവസം തന്നെ മൊഴി രേഖപ്പെടുത്തി കോടതിയില്‍ ഹാജരാക്കണമെന്നും കീഴക്കോടതി അന്നേദിവസം തന്നെ നാലുപേര്‍ക്കും ഉപാധികളോടെ ജാമ്യം നല്‍കണമെന്നും കോടതി നേരത്തെ ഉത്തരവിറക്കിയിരുന്നു.പ്രതികളുടെ പ്രായം പരിഗണിച്ചാണ് തീരുമാനമെന്ന് വ്യക്തമാക്കിയ കോടതി പൊലീസ് ചുമത്തിയ കുറ്റങ്ങള്‍ നിലനില്‍ക്കുമോയെന്ന സംശയവും പ്രകടിപ്പിച്ചു.

ജാമ്യം ലഭിക്കാവുന്ന കുറ്റങ്ങളേ രേഖകള്‍ പരിശോധിച്ചതില്‍ നിന്ന് കാണുന്നുളളു. അവയില്‍ പലതും തന്നെ പ്രഥമദൃഷ്‌ട്യാ നിലനില്‍ക്കില്ലെന്നും കോടതി പറഞ്ഞു. ജാമ്യത്തിനുശേഷം തിങ്കള്‍, വെളളി ദിവസങ്ങളില്‍ അന്വേഷണ ഉദ്യോഗസ്ഥന്‍ മുമ്പാകെ ഹാജരാകണം,പാസ്‌പോര്‍ട്ട് സമര്‍പ്പിക്കണം തുടങ്ങിയ വ്യവസ്ഥകളും ഹൈക്കോടതി നിര്‍ദേശിച്ചിട്ടുണ്ട്.

DONT MISS
Top