എല്ലാവരേയും കടത്തിവെട്ടാന്‍ ബിഎസ്എന്‍എല്ലിന്റെ ‘ഒടുക്കത്തെ’ ഓഫര്‍; മറ്റുകമ്പനികളുടെ സമാന താരിഫില്‍ ദിവസേന 2 ജിബി സൗജന്യ 4ജി ഡേറ്റ 28 ദിവസത്തേക്ക്

ബിഎസ്എന്‍എല്‍

ജിയോ ഒഴിച്ചുള്ള ടെലക്കോം കമ്പനികള്‍ക്ക് ഇപ്പോള്‍ ഒരേ മനസാണ്, ഒരേ ചിന്തയാണ്- എങ്ങനെയും ജിയോയെ തളയ്ക്കുക. അതേ സമയം ജിയോ ആരേയും കൂസാതെ മുന്നോട്ട് എന്ന നയവും പിന്തുടരുന്നു. ഇതിനിടയിലാണ് എല്ലാ കമ്പനികളും ഏകദേശം ഒന്നെന്ന് തോന്നിക്കുന്ന ഓഫറുകളുമായി രംഗത്തെത്തിയത്. എല്ലാ ഓഫറുകളും 300നും 400നും ഇടയില്‍ ഉള്ളവ. ഐഡിയ ഒഴിച്ച് ബാക്കിയെല്ലാവരും ദിവസേന 1ജിബി നെറ്റ് തന്നപ്പോള്‍ 500 എംബി മാത്രം തന്ന് ഐഡിയ കൂട്ടത്തിലെ പിശുക്കനായി.

എന്നാല്‍ ബിഎസ്എന്‍എല്‍ കാത്തിരുന്ന് അടിച്ചുപൊളിച്ചിരിക്കുകയാണ്. എല്ലാവരേയും കടത്തിവെട്ടിയ ഓഫറാണ് കമ്പനി അവതരിപ്പിച്ചിരിക്കുന്നത്. 339 രൂപയ്ക്ക് 28 ദിവസത്തേക്ക് ദിവസേന 2 ജിബി. രണ്ടു ജിബിക്കു പുറമെ ഇന്ത്യയിലെവിടെയും ബിഎസ്എന്‍എല്‍ നെറ്റ്‌വര്‍ക്കിലേക്കു സൗജന്യമായി വിളിക്കാം. കൂടാതെ മറ്റു നെറ്റ്‌വര്‍ക്കുകളിലേക്ക് 25 മിനിട്ട് കോളുകള്‍ ഫ്രീയായി നല്‍കും.

18 മുതലാണ് പുതിയ ഓഫര്‍ നിലവില്‍ വരുന്നത്. എന്തായാലും ബിഎസ്എന്‍എല്ലിന്റെ ഈ ഓഫറിന് വന്‍ സ്വീകാര്യതയ ലഭിക്കുമെന്നുറപ്പാണ്. എന്തായാലും ഓഫര്‍ ഇല്ലാത്തതിനേക്കുറിച്ചോര്‍ത്ത് ആരും മറ്റ് നെറ്റ്‌വര്‍ക്കുകള്‍ തേടിപ്പോകേണ്ട എന്നാണ് കമ്പനിയുടെ പക്ഷം. എന്നാല്‍ ആയിരം ജിബി തന്നാലും ബിഎസ്എന്‍എല്ലിലേക്കില്ല എന്ന് കടുപ്പിച്ച് നടക്കുന്നവരേയും കൂടെ വരുതിയിലാക്കാന്‍ നെറ്റ്‌വര്‍ക്കിന്റെ ഗുണനിലവാരം വര്‍ദ്ധിപ്പിക്കാന്‍ ബിഎസ്എന്‍എല്‍ തയാറാകുമെന്നും പ്രതീക്ഷിക്കാം.

DONT MISS
Top