പ്രതിഷേധ പ്രകടനങ്ങളില്‍ പങ്കെടുക്കരുതെന്ന് വിദ്യാര്‍ത്ഥിനികളോട് ബനാറസ് ഹിന്ദു യൂണിവേഴ്‌സിറ്റി

ലിംഗവിവേചനത്തിനെതിരെ ബനാറസ് ഹിന്ദു യൂണിവേഴ്‌സിറ്റി വിസിക്ക് നല്‍കിയ പരാതി

വാരാണസി: വിദ്യാര്‍ത്ഥികളുടെ സ്വാതന്ത്രത്തിലുള്ള കടന്നുകയറ്റമാണ് കഴിഞ്ഞ കുറച്ചു വര്‍ഷങ്ങളായി ഇന്ത്യന്‍ സര്‍വകലാശാലകളില്‍ നടന്നുകൊണ്ടിരിക്കുന്നത്. കേരളത്തിലടക്കമുള്ള വിവിധ വിദ്യാര്‍ത്ഥി സമരങ്ങളുടെ കാരണം ഈ കടന്നുകയറ്റം തന്നെയാണ്. എഫ് ടി ഐ ഐ, ഹൈദരാബാദ് സെന്‍ട്രല്‍ യൂണിവേഴ്‌സിറ്റി, ഡല്‍ഹി യൂണിവേഴ്‌സിറ്റി, ജെഎന്‍യു, എന്‍ഐടി ശ്രീനഗര്‍, ഐഐടി മദ്രാസ് അങ്ങനെ ഒടുവില്‍ ബനാറസ് ഹിന്ദു യൂണിവേഴ്‌സിറ്റി((BHU)യിലും വിദ്യാര്‍ത്ഥി പ്രതിഷേധങ്ങള്‍ക്ക് തടയിടാനുള്ള ശ്രമം നടക്കുകയാണ്. ഒരു വ്യത്യാസം മാത്രം, ഇവിടെ പെണ്‍കുട്ടികള്‍ പ്രതിഷേധിക്കരുത് എന്നാണ് വിലക്ക്.

40,000 വിദ്യാര്‍ത്ഥികള്‍ താമസിച്ചു പഠിക്കുന്ന ഏഷ്യയിലെ തന്നെ വലിയ ക്യാംപസ്സാണ് ബനാറസ് ഹിന്ദു സര്‍വകലാശാല. ഇവിടെ പെണ്‍കുട്ടികള്‍ക്ക് പ്രതിഷേധിക്കാന്‍ അവകാശമില്ല. സര്‍വകലാശാലയില്‍ പ്രവേശനം നേടും മുമ്പ് തന്നെ സമരങ്ങളില്‍ പങ്കെടുക്കില്ലെന്ന് എഴുതിനല്‍കണമെന്ന്‌ ഒരു വിദ്യാര്‍ത്ഥിയോട് സര്‍വകലാശാല അധികൃതര്‍ ആവശ്യപ്പെട്ടത് വാര്‍ത്തയായിരുന്നു.

ബനാറസ് ഹിന്ദു യൂണിവേഴ്‌സിറ്റിയുടെ മഹിളാ മഹാ വിദ്യാലയയില്‍ സൈക്കോളജി വിദ്യാര്‍ത്ഥിയായ ജാനവി വര്‍മയോടാണ് ക്യാംപസില്‍ നടക്കുന്ന ഒരു ധര്‍ണയില്‍ പോലും പങ്കെടുക്കരുതെന്ന് ആവശ്യപ്പെട്ടുകൊണ്ടുള്ള സത്യവാങ്മൂലത്തില്‍ ഒപ്പിടാന്‍ ആവശ്യപ്പെട്ടത്. ഇതില്‍ ഒപ്പിടാത്തവര്‍ക്ക് ഹോസ്റ്റലില്‍ മുറി നല്‍കില്ല. സ്ത്രീ വിദ്യാര്‍ത്ഥികള്‍ക്ക് സമരം ചെയ്യാനുള്ള അവകാശം നിഷേധിക്കുന്ന നിയമം ഭു (BHU)വില്‍ കാലങ്ങളായി നിലനില്‍ക്കുന്നതാണ്. ക്യാംപസിനുപുറത്ത് ഏതെങ്കിലും പരിപാടികളില്‍ പങ്കെടുക്കുന്നതില്‍ നിന്നും വിലക്കുണ്ട്. വിദ്യാര്‍ത്ഥികള്‍ ചെറിയ പാവാടകളോ ഷോര്‍ട്‌സോ ഇടുന്നതിലും വിലക്കുണ്ട്.

ഭുവിലെ ലിംഗവിവേചനം ഇതില്‍ തീരുന്നില്ല. ഇന്റര്‍നെറ്റ് സൗകര്യവും മൊബൈല്‍ ഉപയോഗവും പുരുഷ വിദ്യാര്‍ത്ഥികള്‍ക്ക് മാത്രമേ അനുവദിച്ചിട്ടുള്ളൂ. ലേഡീസ് ഹോസ്റ്റലിലെ കൂളറുകള്‍ പ്രവര്‍ത്തിക്കുന്നില്ല. ലൈബ്രറിയില്‍ പോലും പെണ്‍കുട്ടികള്‍ക്ക് സമയനിയന്ത്രണമുണ്ട്. ചില രാജ്യസഭാംഗങ്ങള്‍ സഭയില്‍ ഇക്കാര്യം ഉന്നയിച്ചപ്പോഴാണ് ഇതിനെതിരെ പ്രതിഷേധം ശക്തമായത്.

ബനാറസ് ഹിന്ദു യൂണിവേഴ്‌സിറ്റിയില്‍ സെന്‍ട്രല്‍ ഇന്‍ഡസ്ട്രിയല്‍ സെക്യൂരിറ്റി ഫോഴ്‌സിനെ വിന്യസിക്കണമെന്ന് യൂണിവേഴ്‌സിറ്റി അധികൃതര്‍ കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിനോട് ആവശ്യപ്പെട്ടതും വിവാദമായിരുന്നു. ജെഎന്‍യുവിലേത് പോലെ ‘അനിഷ്ടസംഭവങ്ങള്‍’ ഉണ്ടാകാതിരിക്കാനാണ് ഇത്.

DONT MISS
Top