പെപ്സിക്കും കോളയ്ക്കും മുൻപിൽ മുട്ടിടിച്ച് വ്യാപാരികൾ; പെപ്സി-കോള ബഹിഷ്കരണത്തിൽ നിന്നും പിന്മാറി

തിരുവനന്തപുരം: പെപ്‌സി, കോള, കോള ഉത്പന്നങ്ങള്‍ എന്നിവ ബഹിഷ്‌കരിക്കാനുള്ള തീരുമാനത്തില്‍ നിന്നും വ്യാപാരികള്‍ പിന്മാറി. ഇന്നലെ നടന്ന കേരല വ്യാപാരി വ്യാവസായി ഏകോപന സമിതിയുടെ സെക്രട്ടറിയേറ്റ് യോഗത്തിനു ശേഷമാണ് ബഹിഷ്‌കരണ സമരത്തില്‍ നിന്നും പിന്മാറുന്നതായി ഭാരവാഹികള്‍ അറിയിച്ചത്.

കേരളത്തിലെ പത്ത് ലക്ഷത്തോളം വരുന്ന വ്യാപാരികള്‍ കോള, പെപ്‌സി, പെപ്‌സി ഉത്പന്നങ്ങള്‍ തുടങ്ങിയുടെ വില്‍പന നിര്‍ത്തിവയ്ക്കുമെന്നും വാങ്ങിവച്ച ഉത്പന്നങ്ങള്‍ ഒരാഴ്ചയ്ക്കകം കമ്പനിക്ക് തിരികെ നല്‍കുമെന്നുമായിരുന്നു പ്രഖ്യാപിച്ചിരുന്നത്.ബഹുരാഷ്ട്ര ശീതളപാനീയ കമ്പനികളുടെ ഉത്പന്നങ്ങള്‍ വാങ്ങുകയോ വില്‍ക്കുകയോ ചെയ്യില്ലെന്നത് അകിലേന്ത്യ വ്യാപാരി സംഘടനയുടെ തീരുമാനമാണെന്നും വ്യാപാരികള്‍ അറിയിച്ചിരുന്നു.പകരം നാടന്‍ പാനീയങ്ങള്‍ വില്‍ക്കാനാണ് ആലോചനയെന്നും ജലചൂഷണത്തിനെതിരെയുളള പോരാട്ടത്തില്‍ അണിനിരക്കുമെന്ന് കേരള വ്യാപ്യാരി വ്യവസായി ഏകോപന സമിതി സംസ്ഥാന പ്രസിഡണ്ട് ടി നസറുദിന്‍ പറഞ്ഞു.

എന്നാല്‍ ഇന്നലെ കേരള വ്യാപാരി വ്യാവസായി ഏകോപന സമിതിയുടെ സെക്രട്ടറിയേറ്റ് യോഗത്തില്‍ നേതാക്കളുടെ ഏകപക്ഷീയ തീരുമാനത്തിനെതിരെ വ്യാപക വിമര്‍ശനമുണ്ടായി. തുടര്‍ന്ന് മുഖ്യമന്ത്രി പിണറായി വിജയനെ കണ്ട ഭാരവാഹികള്‍ സര്‍ക്കാര്‍ വില്‍പന നിയന്ത്രണത്തിന് തീരുമാനമെടുത്താല്‍ സഹകരിക്കുമെന്ന വാഗ്ദാനം മുന്നോട്ടു വച്ചു.

കോള, പെപ്‌സി തുടങ്ങിയ ശീതളപാനീയങ്ങള്‍ ബഹിഷ്‌കരിച്ചു കൊണ്ടുള്ള തമിഴ്‌നാട് മാതൃക പിന്തുടര്‍ന്നാണ് കേരളത്തിലും ബഹിഷ്‌കരണത്തിന് ആഹ്വാനവുമായി വ്യാപാരികള്‍ രംഗത്തെത്തിയത്. വന്‍ അഭിനന്ദനങ്ങളോടെയാണ് കോള, പെപ്‌സി തുടങ്ങിയവ ബഹിഷ്‌കരിക്കാനുള്ള തീരുമാനങ്ങളെ സംസ്ഥാനം ഏറ്റെടുത്തത്.

ശീതളപാനീയ കമ്പനികൾ നടത്തുന്ന വർധിച്ച ജലചൂഷണത്തിൽ പ്രതിഷേധിച്ച് ബഹുരാഷ്ട്ര കമ്പനി ഉൽപന്നങ്ങളുടെ വിൽപന നിർത്താനുള്ള വ്യാപാരികളുടെ നീക്കം ശ്രദ്ധേയവും അഭിനന്ദനാർഹവുമാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പ്രതികരിച്ചിരുന്നു. ജീവിത ശൈലീ രോഗങ്ങൾ, ജലചൂഷണം, മലിനീകരണം എന്നിങ്ങനെയുള്ള വിപത്കരമായ ഭീഷണികളെ ചെറുക്കാനുള്ള എല്ലാ നീക്കങ്ങളെയും ഈ സർക്കാർ പിന്തുണക്കുകയും പ്രോത്സാഹിപ്പിക്കുകയും ചെയ്യുമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.

എന്നാല്‍ ബഹിഷ്കരണ തീരുമാനത്തില്‍ നിന്നും പിന്മാറി തീരുമാനം നടപ്പിലാക്കുന്നതിന് സര്‍ക്കാറിനെ കൂട്ടുപിടിക്കാനുള്ള വ്യാപാരി വ്യവസായി ഏകോപന സമിതിയുടെ തീരുമാനം വിമര്‍ശനത്തിലേക്കാണ് വഴിതുറക്കുന്നത്.

DONT MISS
Top