നായ്ക്ക് ഭക്ഷണമായി ജീവനുള്ള പൂച്ചയെ നല്‍കി; ദുബായില്‍ യുവാക്കള്‍ക്ക് കിട്ടിയത് ‘മാതൃകാപരമായ ശിക്ഷ’; മൂന്ന് മാസം മൃഗശാല വൃത്തിയാക്കണം

ദുബായ്: പൂച്ചയെ ജീവനോടെ നായ്ക്ക് ഭക്ഷണമായി നല്‍കിയ സ്വദേശി യുവാവിന് ദുബായില്‍ മാതൃകാപരമായ ശിക്ഷ. മൃഗശാല വൃത്തിയാക്കലാണ് യുവാവിന് ശിക്ഷയായി ലഭിച്ചത്. യുവാവിന്റെ സഹായികള്‍ക്കും ഇതേ ശിക്ഷതന്നെയാണ് ദുബായ് ഭരണാധികാരി വിധിച്ചത്.

പൂച്ചയെ കെണിവെച്ച് പിടിച്ചാണ് സ്വദേശി യുവാവും സഹായികളും ചേര്‍ന്ന് നായക്ക് തീറ്റയായി നല്‍കിയത്. തുടര്‍ന്ന്് ദൃശ്യങ്ങള്‍ മൊബൈലില്‍ പകര്‍ത്തി സമൂഹമാധ്യമങ്ങളില്‍ പ്രചരിപ്പിക്കുകയും ചെയ്തു. ദൃശ്യങ്ങള്‍ ശ്രദ്ധയില്‍പ്പെട്ടതിനെത്തുടര്‍ന്നാണ് സ്വദേശി യുവാവിനെ കഴിഞ്ഞ ദിവസം ദുബായ് പൊലീസ് അറസ്റ്റ് ചെയ്തത്. ഇയാളുടെ സഹായികളായ രണ്ട് ഏഷ്യക്കാരും പിടിയിലായി. തുടര്‍ന്ന് യുഎഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ഷെയ്ഖ് മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തും ശിക്ഷ വിധിക്കുകയായിരുന്നു.

മൂന്നു പേരും മൂന്നുമാസമാണ് മൃഗശാല വൃത്തിയാക്കേണ്ടത്. ദിവസം നാലുമണിക്കൂര്‍ വീതം മൃഗശാലയില്‍ പണിയെടുക്കണം. യുവാവിന്റെ പ്രവര്‍ത്തി ഇസ്ലാമിക മൂല്യങ്ങള്‍ക്ക് വിരുദ്ധമാണെന്നും ചൂണ്ടിക്കാട്ടിയാണ് ശിക്ഷ. നേരത്തെ അശ്രദ്ധമായി വാഹനം ഓടിച്ച പതിനേഴ്കാരന് റോഡ് വൃത്തിയാക്കുന്ന ശിക്ഷയും ഷെയ്ഖ് മുഹമ്മദ് ശിക്ഷിച്ചിരുന്നു.

DONT MISS
Top