നഷ്ടമാകുന്ന പ്രകൃതിയുടെ നേര്‍ക്കാഴ്ചകള്‍ നല്‍കി ബയോഫീലിയ ചിത്രപ്രദര്‍ശനം

ചിത്രപ്രദര്‍ശനത്തില്‍ നിന്ന്

കോഴിക്കോട്: നഷ്ടമാകുന്ന പ്രകൃതിയുടെ നേര്‍ക്കാഴ്ചകളുമായി ബയോഫീലിയ ചിത്രപ്രദര്‍ശനം. മനുഷ്യനും പ്രകൃതിയും ജീവജാലങ്ങളും തമ്മിലുള്ള ബന്ധങ്ങളാണ് കോഴിക്കോട് ആര്‍ട്ട് ഗ്യാലറിയിലെ പ്രദര്‍ശനത്തിലൂടെ തുറന്ന് കാട്ടുന്നത്. സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള 40 ഓളം കലാകരന്മാരാണ് തങ്ങളുടെ സൃഷ്ടികള്‍ പ്രദര്‍ശിപ്പിച്ചിട്ടുള്ളത്.

കണിക്കൊന്ന പൂത്തതും മഞ്ഞക്കിളി അതില്‍ ചേക്കേറിയതും വേലിയിലിരിക്കുന്ന അണ്ണാറക്കണ്ണനുമെല്ലാം പ്രദര്‍ശനത്തിലെ ചിത്രങ്ങളുടെ കൂട്ടത്തിലുണ്ട്. മനുഷ്യന്‍ മൃഗങ്ങളായി യുദ്ധം ചെയ്യുന്ന ചിത്രത്തിലൂടെ പ്രകൃതിയുടെ നശികരണത്തെയും കലാകരന്മാര്‍ വരച്ചുകാട്ടുന്നു.

മരങ്ങള്‍ വെട്ടി നശിപ്പിക്കുന്നതും ജീവന്‍ തന്നെ ചോദ്യചിഹ്നമായി മാറുന്നതുമെല്ലാം ഇക്കൂട്ടത്തിലുണ്ട്. പാരിസ്ഥിതിക രാഷ്ട്രീയത്തിന്റെ സമകാലികാവസ്ഥയുടെ നേര്‍ക്കാഴ്ച കൂടിയാണ് ബയോഫീലിയ.

ഭക്ഷണസംസ്‌കാരത്തെ സൂചിപ്പിക്കുന്നതുള്‍പ്പെടെ നിരവധി ശില്‍പ്പങ്ങളും പ്രദര്‍ശനത്തിലുണ്ട്. കലാകരന്റെ സ്വത്വവും പ്രകൃതിയും തമ്മിലുള്ള പാരസ്പര്യം പുതിയ സൃഷ്ടികളുടെ പിറവിയ്ക്ക് കാരണമാകുമെന്ന അടിസ്ഥാനവാദത്തിന്റെ സാധ്യതകളാണ് പ്രദര്‍ശത്തിലൂടെ ചിത്രകാരന്മാര്‍ തുറുന്നു കാണിച്ചിരിക്കുന്നത്.

DONT MISS
Top