ജീവന്‍ രക്ഷിക്കാന്‍ തിരണ്ടി പറന്ന് പൊങ്ങി; അന്തം വിട്ട് വിനോദ സഞ്ചാരികള്‍ (വീഡിയോ)

ഈഗിള്‍ റേ എന്ന് ചിലയിനം തിരണ്ടികളെ വിളിക്കുന്നത് വെറുതെയല്ല. ചില അവസരത്തില്‍ അത്യാവശ്യം പറക്കാനും സാധിക്കുമെന്ന് തെളിയിച്ചിരിക്കുകയാണ് ഇത്തരമൊരു തിരണ്ടി. തന്നെ പിന്തുടര്‍ന്നുവന്ന ഇരപിടിയനില്‍ നിന്ന് രക്ഷപ്പെടാനാണ് തിരണ്ടി തന്റെ കഴിവ് പുറത്തെടുത്തത്. ഒരിക്കലും പ്രതീക്ഷിക്കാത്ത രീതിയിലുള്ള തിരണ്ടിയുടെ നീക്കം സ്രാവിനെ കുഴക്കി.

ഒരു ചുറ്റികത്തലയന്‍ സ്രാവാണ് തിരണ്ടിയെ പിന്തുടര്‍ന്നത്. വായിലകപ്പെടുമെന്ന് മനസിലായ അവസാന നിമിഷത്തിലാണ് പാവം തിരണ്ടി പതിനെട്ടാമത്തെ അടവ് പുറത്തെടുത്തത്. ഈഗിള്‍ റേ എന്ന ഇനത്തില്‍പ്പെട്ട തിരണ്ടിക്ക് പരുന്തിനെ അനുസ്മരിപ്പിക്കുന്നതുപോലെ ചിറകുകളും ഉണ്ട്. എങ്കില്‍പ്പിന്നെ പറന്നാലെന്താണ്? സ്രാവിന് പിന്ന തിരണ്ടിയെ പിന്തുടരാനായില്ല. വെള്ളം കുറഞ്ഞ കര പ്രദേശത്തേക്ക് തിരണ്ടി പറന്നുചാടി രക്ഷപ്പെട്ടു.

തിരണ്ടി ചാടുന്നതെന്തിനാണെന്ന് കണ്ടുനിന്നവര്‍ക്ക് മനസിലായില്ല. പനാമ ബീച്ചില്‍ സര്‍ഫിംഗിനിറങ്ങിയ സഞ്ചാരികള്‍ക്ക് നടുവിലാണ് തിരണ്ടി ഈ സാഹസികത ഒപ്പിച്ചത്. ചിലര്‍ തിരണ്ടിയുടെ ചിത്രങ്ങളും പകര്‍ത്തി. പിന്നീട് ചിത്രങ്ങള്‍ പരിശോധിച്ചപ്പോഴാണ് സ്രാവിന്റെ മുകള്‍ഭാഗം കാണാനായത്.

തിരണ്ടികള്‍ ഇങ്ങനെ പറക്കാറുണ്ട് എന്നാണ് വിദഗ്ധര്‍ പറയുന്നത്. ഉയര്‍ന്നുപൊങ്ങുമ്പോള്‍ ചിറകുകള്‍ ഉപയോഗിച്ച് അല്‍പ്പം കൂടി ദൂരം പിന്നിടുന്നു. ഒരു അസാമാന്യമായ ചാട്ടം എന്നേ ഒറ്റക്കാഴ്ച്ചയില്‍ പറയാനുള്ളൂ.

തിരണ്ടികളുടെ ചാട്ടത്തേപ്പറ്റിയുള്ള ബിബിസി തയാറാക്കിയ വീഡിയോയും താഴെ കാണാം.

DONT MISS
Top