‘അവളും നമ്മുടെ പെങ്ങന്മാരില്‍ ഒരുവള്‍, അവള്‍ക്കും വേണം നീതി’; മിഷേല്‍ ഷാജിക്ക് നീതി തേടി കുഞ്ചാക്കോ ബോബന്‍

കൊച്ചി കായലില്‍ ദുരൂഹ സാഹചര്യത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തിയ സിഎ വിദ്യാര്‍ത്ഥിനി മിഷേല്‍ ഷാജി വര്‍ഗീസിന് നീതി തേടി നടന്‍ കുഞ്ചാക്കോ ബോബനും. #justiceformishel എന്ന ഹാഷ്ടാഗിലാണ് മിഷേലിന് നീതി തേടി കുഞ്ചാക്കോ ബോബന്‍ എത്തയത്.

അവളും നമ്മുടെ പെങ്ങന്മാരില്‍ ഒരാളാണ്. ഈ കഴിഞ്ഞ ഞായറാഴ്ച കലൂര്‍ പളളിയില്‍ പോയ പെണ്‍കുട്ടിയെ പിന്നീട് കണ്ടത് കൊച്ചിക്കായലില്‍ ജീവനറ്റ നിലയില്‍. അവള്‍ക്കും വേണം നീതി. പോരാടാനുറച്ച് ഓരോ ആങ്ങളമാരും പെങ്ങന്മാരും മുന്നിട്ടിറങ്ങാന്‍ ആ ആത്മാവും ആഗ്രഹിക്കുന്നുണ്ട്. നീതി എല്ലാവര്‍ക്കും വേണം. ആ കുടുംബത്തിനൊപ്പം നീതിക്കായുള്ള പോരാട്ടത്തില്‍ നമുക്കും അണിചേരാമെന്ന് ഫെയ്‌സ്ബുക്കിലെഴുതിയ കുറിപ്പിലെഴുതിയ കുറിപ്പില്‍ കുഞ്ചാക്കോ പറയുന്നു.

നിവിന്‍ പോളി, ജൂഡ് ആന്റണി, ടോവിനോ തോമസ് തുടങ്ങിയ സിനിമാ പ്രവര്‍ത്തകര്‍ മിഷേലിന് നീതിയാവശ്യപ്പെട്ട് നേരത്തേ രംഗത്തെത്തിയിരുന്നു. മിഷേലിന്റെ കേസ് അന്വേഷിക്കാന്‍ നടി ആക്രമിക്കപ്പെട്ട കേസില്‍ കാണിച്ച ശുഷ്‌കാന്തി എന്തുകൊണ്ട് കാണിക്കുന്നില്ല എന്ന ചോദ്യവും ഉയര്‍ന്നു. മിഷേലിന്റെ മരണത്തിലെ ദുരൂഹതകള്‍ നീക്കി നീതി ഉറപ്പാക്കുക എന്ന ആവശ്യം ശക്തമായിരിക്കുകയാണ്.

മിഷേലിന്റേത് ആത്മഹത്യയാണെന്നായിരുന്നു പൊലീസിന്റെ പ്രാഥമിക നിഗമനം. എന്നാല്‍ മിഷേലിനെ കാണാതായ കഴിഞ്ഞ ഞായറാഴ്ച, കലൂര്‍ പള്ളിയില്‍ നിന്നും മടങ്ങുന്ന മിഷേലിന്റെ സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ച ബന്ധുക്കള്‍ കൂടുതല്‍ അന്വേഷണം ആവശ്യപ്പെടുകയായിരുന്നു. ദൃശ്യങ്ങളില്‍ കണ്ട ബൈക്കിലെത്തിയ യുവാക്കള്‍ മിഷേലിനെ തിരഞ്ഞാണോ എത്തിയതെന്നും ബന്ധുക്കള്‍ക്ക് സംശയമുണ്ട്. പിറ്റേന്ന് വൈകിട്ടാണ് ഐലന്‍ഡിലെ വാര്‍ഫിനടുത്ത് മിഷേലിന്റെ മൃതദേഹം കണ്ടെത്തിയത്. വെള്ളത്തില്‍ വീണ് മരിച്ചതിന്റെ അടയാളങ്ങള്‍ ശരീരത്തില്‍ കാണാനില്ലെന്നും ബന്ധുക്കള്‍ ചൂണ്ടിക്കാട്ടിയിരുന്നു.

DONT MISS
Top