സ്വന്തം സ്മാര്‍ട്ട് ഫോണ്‍ കമ്പനിയുമായി സല്‍മാന്‍ ഖാന്‍; ലാഭം സന്നദ്ധ പ്രവര്‍ത്തനങ്ങള്‍ക്കുവേണ്ടി വിനിയോഗിക്കും

പ്രതീകാത്മക ചിത്രം

സൂപ്പര്‍ താരങ്ങള്‍ തങ്ങളുടെ താരമൂല്യം വിപണനം ചെയ്യുന്നത് സാധാരണമാണ്. വിവിധ ഉത്പന്നങ്ങളുടേയുംമറ്റും ബ്രാന്‍ഡ് അംബാസിഡര്‍മാരായി ഇവര്‍ സ്വയം വിപണിയുടെ ഭാഗഭാക്കാകാറുമുണ്ട്. എന്നാല്‍ ചില താരങ്ങള്‍ സ്വന്തം ഉത്പന്നങ്ങളാണ് പരമാവധി പ്രചരിപ്പിക്കുക. സല്‍മാന്‍ ഖാനും ഏകദേശം അതേ രീതിയില്‍ മാര്‍ക്കറ്റിംഗ് തന്ത്രങ്ങള്‍ വിജയകരമായി പയറ്റിയ താരമാണ്. മറ്റ് ബ്രാന്‍ഡുകളുടെ പ്രചരണം ഏറ്റെടുക്കുന്നതിനോടൊപ്പം സ്വന്തം കമ്പനി കരുപ്പിടിപ്പിക്കാനും ഖാന്‍ ശ്രദ്ധചെലുത്തുന്നത് ഏവര്‍ക്കും അറിയുകയും ചെയ്യാം.

സ്വന്തമായി നടത്തി സൂപ്പര്‍ഹിറ്റായി ഓടുന്ന ബീയിംഗ് ഹ്യൂമന്‍ എന്ന വസ്ത്ര നിര്‍മാണ-വിതരണ കമ്പനിയുടെ കൂടെ മറ്റൊരു ബിസിനസും തന്റെ വരുതിക്ക് നിര്‍ത്താനൊരുങ്ങുകയാണ് സല്‍മാന്‍. മറ്റൊന്നുമല്ല, ഒരു ന്യൂ ജനറേഷന്‍ ബിസിനസ് തന്നെ, സ്മാര്‍ട്ട്‌ഫോണ്‍ നിര്‍മാണം. മറ്റ് ഓഹരിയുടമകളും കമ്പനിയിലുണ്ടെങ്കിലും കൂടുതല്‍ ഓഹരി കൈയ്യില്‍ വെച്ചിരിക്കുന്നത് മസില്‍മാനാണ്. ‘ബീയിംഗ് സ്മാര്‍ട്ട്’ എന്നാണ് പുത്തന്‍ സ്മാര്‍ട്ട് ഫോണ്‍ കമ്പനിയുടെ പേര്.

ചൈനീസ് കമ്പനിയായ ഓപ്പോ, വിവോ, ഷവോമി എന്നിവരുമായി ബീയിംഗ് സ്മാര്‍ട്ട് നേരിട്ട് മുട്ടും. ഇത്രയും കരുത്തിനായി വിവിധ മൊബൈല്‍ കമ്പനികളില്‍നിന്ന് പ്രമുഖരായ വ്യക്തികളെ കമ്പനിയുടെ പ്രവര്‍ത്തനത്തില്‍ പങ്കാളികളാക്കും. ഇങ്ങനെ കേള്‍ക്കാന്‍ സുഖമുള്ള ഒരുപിടി വാര്‍ത്തകള്‍ ഫോണിനെ സംബന്ധിച്ച് പുറത്തുവരുന്നുണ്ട്. എന്തായാലും കുത്തനെ വളരുന്ന സ്മാര്‍ട്ട്‌ഫോണ്‍ വിപണി ഖാനെ തുണയ്ക്കുമെന്നുതന്നെ കരുതാം.

സ്മാര്‍ട്ട് ഫോണ്‍ വിറ്റുകിട്ടുന്ന ലാഭം സന്നദ്ധ പ്രവര്‍ത്തനങ്ങള്‍ക്കായി വിനിയോഗിക്കും എന്നാണ് സല്‍മാന്റെ വാഗ്ദാനം. അങ്ങനെയെങ്കില്‍ സ്മാര്‍ട്ട് ഫോണ്‍ വാങ്ങി സഹകരിക്കാന്‍ ആരാധകരും റെഡി എന്നാണ് സംസാരം. ഒന്നുമില്ലെങ്കിലും ചൈനീസ് കമ്പനികളെ തോല്‍പ്പിക്കാന്‍ പുതിയ ഇന്ത്യന്‍ കമ്പനി വരുന്നത് ആര്‍ക്കാണ് ഇഷ്ടപ്പെടാത്തത്. മൈക്രോമാക്‌സിന് പഴയ പ്രതാപം നഷ്ടപ്പെട്ടതുമൂലം വിവോ, ഓപ്പോ, ഹ്വാവേയ്, സെഡ്ടിഇ, ഷവോമി, ജിയോണി എന്നീ കമ്പനികള്‍ അരങ്ങുവാഴുകയാണ്.

DONT MISS
Top