‘അമ്പട ഞാനേ”; തന്റെ ഫെയ്‌സ്ബുക്ക് പോസ്റ്റ് പരിഗണിച്ചാണ് വികാരിമാര്‍ക്ക് പോപ്പ് സന്തോഷവാര്‍ത്ത സമ്മാനിച്ചതെന്ന് ജോയ്മാത്യു

മാര്‍പാപ്പയും ജോയ് മാത്യുവും

കൊച്ചി: വിവാഹിതര്‍ക്ക് പുരോഹിതരാകാമെന്ന ആഗോള കത്തോലിക്കാ സഭാ മേധാവി ഫ്രാന്‍സിസ് മാര്‍പ്പാപ്പയുടെ അഭിപ്രായത്തെ സ്വാഗതം ചെയ്ത് നടന്‍ ജോയ്മാത്യു. ഫെയ്‌സ്ബുക്ക് പോസ്റ്റിലാണ് നടന്‍ അഭിപ്രായം വ്യക്തമാക്കിയത്. തന്റെ പ്രതികരണവും ഫ്രാന്‍സിസ് മാര്‍പ്പാപ്പയുടെ പ്രതികരണവും ഇപ്പോള്‍ ഒന്നായിരിക്കുകയാണെന്ന് പറഞ്ഞുകൊണ്ടാണ് ജോയ് മാത്യു പോസ്റ്റ് പങ്കുവെച്ചിരിക്കുന്നത്.

പ്ലസ് വണ്‍ വിദ്യാര്‍ത്ഥിനിയെ വൈദികന്‍ പീഡിപ്പിച്ചുവെന്ന പരാതിയില്‍ ശക്തമായി പ്രതികരണവുമായി ജോയ്മാത്യു രംഗത്തുവന്നിരുന്നു. പള്ളിവികാരി എന്നത് ഒരു ജോലിയായികണ്ട് വിവാഹിതനായി കുടുംബമായി കഴിയുന്നവരെ ഈ ജോലിയ്ക്ക് വെക്കണമെന്നും ജോയ് മാത്യു നിര്‍ദേശിച്ചിരുന്നു. ഈ അഭിപ്രായത്തോട് യോജിച്ചു നില്‍ക്കുന്ന പ്രതികരണവുമായാണ് കഴിഞ്ഞ ദിവസം ഫ്രാന്‍സിസ് മാര്‍പ്പാപ്പയും രംഗത്തെത്തിയത്. കത്തോലിക്ക സഭയിലെ പുരോഹിതരുടെ എണ്ണം കുറഞ്ഞ് വരുന്നത് പരിഹരിക്കാനായി വിവാഹിതരെ പുരോഹിതരാക്കുന്നത് പരിഗണിക്കുമെന്ന് മാര്‍പ്പാപ്പ പറഞ്ഞിരുന്നു. ഉള്‍നാടന്‍ മേഖലകളില്‍ പുരോഹിതവൃത്തിക്ക് ആളെ ലഭിക്കാനില്ലാത്ത സാഹചര്യത്തിലാണ് സഭ ഇതിനേപറ്റി ആലോചിക്കുന്നതെന്നും മാര്‍പ്പാപ്പ വ്യക്തമാക്കിയിരുന്നു.

ഈ അഭിപ്രായത്തിനുള്ള പ്രതികരണമായാണ് വികാരിമാര്‍ക്ക് ഒരു സന്തോഷവാര്‍ത്ത എന്ന തലക്കെട്ടോടെ ജോയ്മാത്യു പോസ്റ്റ് പങ്കുവെച്ചിരിക്കുന്നത്. ക്രിസ്ത്യന്‍ സഭയിലെ പുരോഹിതരുടെ ശാരീരികവും ലൈംഗികവുമായ പ്രശ്‌നങ്ങള്‍ക്ക് താന്‍ മുന്നോട്ടുവെച്ച മൂന്ന് നിര്‍ദേശങ്ങളില്‍ രണ്ടാമത്തേതായിരുന്നു പൗരോഹിത്യം മാന്യമായ തൊഴിലായി കണ്ട് വിവാഹം കഴിക്കുകയും കുടുംബമായി ജീവിക്കുകയും ചെയ്യുകയെന്നതെന്ന് ജോയ് മാത്യു പറയുന്നു. ഈ നിര്‍ദേശം ആരാധ്യനായ പോപ്പ് തന്നെ പരിഗണിക്കുകയാണ് എന്ന് തുടങ്ങുന്നതായിരുന്നു ജോയ് മാത്യുവിന്റെ പോസ്റ്റ്. പോപ്പിന്റെ പ്രതികരണത്തില്‍ വിവാഹ ജീവിതം സ്വപ്‌നം കാണുന്ന എല്ലാ പുരോഹിതര്‍ക്കും സന്തോഷിക്കാമെന്നും ജോയ് മാത്യു പോസ്റ്റില്‍ പറയുന്നു.

ജോയ് മാത്യുവിന്റെ പോസ്റ്റിന്റെ പൂര്‍ണ രൂപം

വികാരിമാർക്ക്‌ ഒരു സന്തോഷ വാർത്ത
———————————–
എന്റെ ഒരു ഇടപെടലിനു വത്തിക്കാനിൽ നിന്നും ഇത്രപെട്ടെന്ന് ഫലമുണ്ടാകും എന്നു ഞാൻ സ്വപനത്തിൽപോലും കരുതിയില്ല
ക്രുസ്ത്യൻ സഭയിലെ പുരോഹിതരുടെ
ശാരീരികവും വൈയക്തികവും ലൈംഗീകവുമായ പ്രശ്നങ്ങൾക്ക്‌
ഞാൻ മുന്നോട്ടുവെച്ച മൂന്നു നിർദ്ദേശങ്ങളിൽ
രണ്ടാമത്തേതായിരുന്നു, “പൗരോഹിത്യം
ഒരു മാന്യമായ തൊഴിലായിക്കണ്ട്‌ വിവാഹം കഴിച്ച്‌ കുടുംബമായി ജീവിക്കാൻ അനുവദിക്കുക” എന്നത്‌-
ഈ നിർദ്ദേശം നമ്മുടെ ആരാദ്ധ്യനും പുരോഗമനവാദിയുമായ
നമ്മുടെ സാക്ഷാൽ പോപ്പ്‌ തന്നെ
പരിഗണിക്കുന്നതായി
ബി ബി സി പോലും റിപ്പോർട്ട്‌ ചെയ്തിരിക്കുന്നത്‌-
ഫേസ്‌ ബുക്കിലൂടെ എന്റെ അഭിപ്രായത്തെ അടിസ്‌ഥാനമാക്കി ഈ സംവാദത്തിൽ പങ്കെടുത്ത എല്ലാവർക്കും ഇതിൽ
സന്തോഷിക്കാം,എന്നെ വിമർശിച്ച
ക്രൈസ്തവ യാഥാസ്ഥികന്മാർക്കും.
കൂടാതെ
വിവാഹ ജീവിതം സ്വപ്നം കാണുന്ന പുരോഹിതർക്ക്‌ പ്രത്യേകിച്ചും-
എന്നാലും എന്റെ ഫേസ്‌ ബുക്ക്‌ പോസ്റ്റിനു ഇത്രയും കഴിവുണ്ടെന്ന് ഞാനിപ്പോഴാണറിയുന്നത്‌
അബട ഞാനേ ?

DONT MISS
Top