ഏഴ് വര്‍ഷം മുന്‍പ് അപ്രത്യക്ഷമായ ഇന്ത്യയുടെ ചന്ദ്രയാന്‍-1 ബഹിരാകാശ വാഹനം കണ്ടെത്തി നാസ

ഫയല്‍ചിത്രം

വാഷിങ്ടണ്‍: ഇന്ത്യ വിക്ഷേപിച്ച ചന്ദ്രയാന്‍-1 ബഹിരാകാശ വാഹനം ഇപ്പോഴും ചന്ദ്രനെ ചുറ്റുന്നുണ്ടെന്ന കണ്ടെത്തലുമായി അമേരിക്കന്‍ ബഹിരാകാശ ഏജന്‍സിയായ നാസ രംഗത്ത്. ഏഴ് വര്‍ഷം മുന്‍പ് കാണാതായ ഇന്ത്യയുടെ ബഹിരാകാശ വാഹനമാണ് നിലവില്‍ നാസ കണ്ടെത്തിയിരിക്കുന്നത്. ടെലിസ്‌കോപ്പുകള്‍ ഉപയോഗിച്ച് കണ്ടെത്താന്‍ സാധിക്കാത്ത ഇത്തരം വസ്തുക്കളെ റഡാറിന്റെ സഹായത്തോടെയാണ് കണ്ടെത്തുന്നത്.

2008 ഒക്ടോബര്‍ 22 നാണ് ഇന്ത്യ ശ്രീഹരിക്കോട്ടയില്‍ നിന്നും ചന്ദ്രയാന്‍-1 വിക്ഷേപിക്കുന്നത്. 2009 ആഗസ്റ്റ് 29 ന് ഐഎസ്ആര്‍ഒ യ്ക്ക് ചന്ദ്രയാന്‍-1മായുള്ള ബന്ധം നഷ്ടപ്പെടുകയാണുണ്ടായത്. എന്നാല്‍ ചന്ദ്രയാന്‍-1 പേടകം ഇപ്പോഴും ചന്ദ്രോപരിതലത്തിന് 200 കിലോമീറ്റര്‍ മുകളിലായി ചന്ദ്രനെ ചുറ്റുകയാണെന്നാണ് നാസ കണ്ടെത്തിയിരിക്കുന്നത്.

ഇന്ത്യയുടെ ആദ്യ ചന്ദ്രദൗത്യമായിരുന്നു ചന്ദ്രയാന്‍-1. ചരിത്രത്തിലെ ഏറ്റവും വിജയകരമായ ചാന്ദ്രദൗത്യത്തില്‍ ഒന്നായാണ് ചന്ദ്രയാന്‍-1 നെ വിലയിരുത്തുന്നത്. ചന്ദ്രനിലെ ജലസാനിധ്യം വ്യക്തമായി തെളിയിച്ചത് ചന്ദ്രയാന്‍-1ന്റെ നിരീക്ഷണത്തിലായിരുന്നു. ചന്ദ്രയാന്‍ രണ്ട് ദൗത്യത്തിനുളള ഒരുക്കത്തിലാണ് ഇന്ത്യ ഇപ്പോള്‍.

ഐഎസ്ആര്‍ഒയുടെ ചന്ദ്രയാന്‍-1നോടൊപ്പം നാസയുടെ എല്‍.ആര്‍.ഒ സാറ്റ്‌ലൈറ്റും കണ്ടെത്താന്‍ കഴിഞ്ഞതായും നാസ അറിയിച്ചു.

DONT MISS
Top