മരങ്ങള്‍ പരസ്യം മറച്ചു, ഐഫോണ്‍ പരസ്യബോര്‍ഡിനായി നശിപ്പിച്ചത് 27 മരങ്ങള്‍, 17 എണ്ണത്തില്‍ വിഷം കുത്തിവെച്ചു

പരസ്യബോര്‍ഡ് മറഞ്ഞുനിന്നതിനാല്‍ ചില്ലകള്‍ വെട്ടിമാറ്റപ്പെട്ട മരങ്ങള്‍

ബംഗളൂരു: ഒരു ഐഫോണ്‍ പരസ്യത്തിന്റെ ബില്‍ബോര്‍ഡിനായി പരസ്യ കമ്പനി നശിപ്പിച്ചത് മൊത്തം 27 മരങ്ങള്‍. അസ്തമയത്തിന്റെ ഐഫോണ്‍ ചിത്രമുള്ള പരസ്യബോര്‍ഡ് മറച്ചുനിന്ന മരങ്ങളാണ് പരസ്യ കമ്പനി നശിപ്പിച്ചത്. ഇവയില്‍ 17 എണ്ണത്തില്‍ വിഷം കുത്തിവെയ്ക്കുകയും ബാക്കിയുള്ളവയുടെ ചില്ലകള്‍ വെട്ടിക്കളയുകയും ചെയ്യുകയായിരുന്നു. മറാത്തഹള്ളി മുതല്‍ ചിന്നപ്പന്നഹള്ളി വരെയുള്ള ഔട്ടര്‍ റിംഗ് റോഡിന്റെ ഇരുവശത്തുമുള്ള ബെഹന്ദി മരങ്ങളാണ് മരച്ചുവട്ടിലെ മണ്ണ് നീക്കി വേരുകളിലേക്ക് ആസിഡ് ഒഴിച്ചും ചില്ലകള്‍ വെട്ടിയും
നശിപ്പിച്ചത്.
ഒരു ആര്‍ച്ച് ബിഷപ് ഹൗസിന്റെ ഉടമസ്ഥതയിലുള്ള ഭൂമിയില്‍,  അംഗീകാരമില്ലാത്ത പരസ്യ കമ്പനിയായ നൈല്‍ എന്റര്‍പ്രൈസസ് സ്ഥാപിച്ചതാണ് ഈ പരസ്യ ബോര്‍ഡ്. ബിഷപ് ഹൗസ് അധികാരികളും പരസ്യ കമ്പനി ഉടമകളും തമ്മില്‍ കരാറുണ്ടാക്കിയാണ് മരങ്ങള്‍ നശിപ്പിച്ചതെന്ന് മുനിസിപ്പാലിറ്റി അധികൃതര്‍ പറയുന്നു.

വിജയ് നിഷാന്തും സംഘവും മരങ്ങളെ പരിശോധിക്കുന്നു

വിഷബാധയേറ്റ മരങ്ങളില്‍ മൂന്നെണ്ണം മാത്രമേ രക്ഷപ്പെടാന്‍ സാധ്യതയുള്ളൂ. ബാക്കിയുള്ളവയുടെ ഇലകള്‍ മുഴുവനായും കൊഴിഞ്ഞുപോയി. കലാമന്ദിര്‍ റോഡിലും ഇതേരീതിയില്‍ മരങ്ങള്‍ നശിപ്പിച്ചിട്ടുണ്ട്. ബിഷപ് ഹൗസിനും നൈല്‍ എന്റര്‍പ്രൈസസിനും ബൃഹത് ബംഗളൂരു മഹാനഗര പാലികെയുടെ ഫോറസ്റ്റ് സെല്‍ നോട്ടീസ് അയച്ചിട്ടുണ്ട്. പരസ്യബോര്‍ഡിന്റെ പേരില്‍ ആര്‍ച്ച്ബിഷപ് ഹൗസ് എത്ര പണം സ്വീകരിച്ചു എന്നും അന്വേഷണം നടന്നുവരുന്നു.

അതേ സമയം, പരിസ്ഥിതി പ്രവര്‍ത്തകന്‍ വിജയ് നിഷാന്ത്, മരങ്ങളെ രക്ഷിക്കാനുള്ള ശ്രമങ്ങള്‍ ആരംഭിച്ചു. ഓറഞ്ച് ഓയില്‍, ബീ വാക്‌സ് എന്നിവകൊണ്ടുള്ള ദ്രവരൂപത്തിലുള്ള ബാന്‍ഡേജ് വെച്ചാണ് ചികിത്സ.

DONT MISS
Top