ഏത് സ്മാര്‍ട്ട് ഫോണിലുമെത്താം അമേരിക്കയുടെ ചാരക്കണ്ണ്; സിഐഎയ്ക്ക് സ്മാര്‍ട്ഫോണും വാട്ട്സ്ആപ്പും അനായാസം ഹാക്ക് ചെയ്യാം: വിക്കിലീക്സ് രേഖ

അമേരിക്കന്‍ ചാരസംഘടനയായ സിഐഎ നടത്തുന്ന ഹാക്കിംഗ് ഫോണ്‍ ചോര്‍ത്തല്‍ എന്നിവയെക്കുറിച്ച് ഞെട്ടിക്കുന്ന വിവരങ്ങള്‍ വെളിപ്പെടുത്തി വിക്കിലീക്‌സ്. വിവിധ രാജ്യങ്ങളിലെ പ്രമുഖരുടെയും ഭീകരരുടെയും ഹൈ ടെക് ഫോണുകള്‍ മുതല്‍ ടെലിവിഷനുകളും കാറുകളും വരെ സിഐഎ ഹാക്ക് ചെയ്യാനായി ഉപയോഗിക്കുന്നു എന്നാണ് വിക്കിലീക്‌സ് രേഖകള്‍ പറയുന്നത്. സാധാരണക്കാര്‍ ഉപയോഗിക്കുന്ന സാങ്കേതിക ഉപകരണങ്ങളൊക്കെയാണ് ലോകമെമ്പാടും ചാരപ്പണി നടത്താന്‍ സി ഐ എ ഉപയോഗിക്കുന്നത്.
അമേരിക്കന്‍ ചാര സംഘടനായ സിഐഎയുടെ ആഭ്യന്തര ഫയലുകളുടെ വന്‍ ശേഖരമാണ് വിക്കിലീക്‌സ് പുറത്തു വിട്ടിരിക്കുന്നത്.

സിഐഎയുടെ ഹാക്കിംഗ് ശേഷിയുടെ വിവരങ്ങളടങ്ങുന്ന 8761 രേഖകളാണ് പുറത്തു കൊണ്ടു വന്നതെന്ന് വിക്കിലീക്‌സ് സ്ഥാപകന്‍ ജൂലിയന്‍ അസാഞ്ച് പറയുന്നു. വോള്‍ട്ട സെവന്‍ പരമ്പരയിലെ ആദ്യ വെളിപ്പെടുത്തലാണ് വിക്കിലീക്‌സ് ഇപ്പോള്‍ നടത്തിയിരിക്കുന്നത്. ദേശീയ സുരക്ഷാ ഏജന്‍സി അടക്കുമുള്ള രഹസ്യാന്വേഷണ ഏജന്‍സികളുടെ ചോര്‍ത്തല്‍ നടപടികളെക്കുറിച്ചുള്ള വിവരങ്ങള്‍ പുറത്തു വിട്ടതിനാണ് എഡ്വോേഡ് സ്‌നോഡന്‍ അമേരിക്ക വിട്ട് പോകേണ്ടി വന്നത്. സ്‌നോഡന്‍ പുറത്തു വിട്ട രേഖകളേക്കാല്‍ കൂടുതലാണ് ഇപ്പോള്‍ പുറത്തു വന്നിരിക്കുന്നത്. സാധാരണക്കാര്‍ ഉപയോഗിക്കുന്ന സാങ്കേതിക ഉപകരണങ്ങളൊക്കെയാണ് ലോകമെമ്പാടും ചാരപ്പണി നടത്താന്‍ സിഐഎ ഉപയോഗിക്കുന്നത്. ആപ്പിള്‍ ഐ ഫോണ്‍, ഗൂഗിളിന്റെ ആന്‍ഡ്രേയിഡ് മൈക്രോസോഫ്റ്റിന്റെ വിന്‍ഡോസ് തുടങ്ങി സാംസങ്ങിന്റെ ടെലിവിഷന്‍ സെറ്റുകള്‍ വരെ സിഐഎയുടെ മൈക്രോഫോണുകളായി മാറുന്നുവെന്നാണ് വിക്കിലീക്‌സ് പുറത്തുവിട്ട രേഖകള്‍ പറയുന്നത്. ഇത്തരത്തില്‍ വിവരങ്ങള്‍ ചോര്ത്തി സിഐഎ ലോകത്തെ അതിശക്തമായ ഏജന്‍സിയായി മാറിക്കഴിഞ്ഞെന്നാണ് വിക്കിലീക്‌സിന്റെ ഞെട്ടിക്കുന്ന വെളിപ്പെടുത്തല്‍.

സൈബര്‍ സുരക്ഷ സംബന്ധിച്ചുള്ള സിഐഎയുടെ ആയിരത്തോളം രേഖകളാണ് ചോര്‍ത്തി പ്രസിദ്ധീകരിച്ചിരിക്കുന്നത്. സ്മാര്‍ട്ട്‌ഫോണുകള്‍ക്ക് പുറമെ സോഷ്യല്‍മീഡിയ, ഇ-മെയില്‍ അക്കൗണ്ടുകളും സിഐഎ ഹാക്ക് ചെയ്യുന്നുണ്ട്. ഹാക്കിങ്ങിനു ഏതെല്ലാം രീതികളാണ് സ്വീകരിക്കുന്നതെന്നും ഈ രേഖകളില്‍ നിന്നു വ്യക്തമാണ്.

വാട്‌സാപ്പ്, ഫെയ്‌സ്ബുക്ക് മെസഞ്ചറുകളില്‍ സുരക്ഷിതമെന്ന് പറയുന്ന മെസേജുകള്‍ വരെ ചോര്‍ത്താനുള്ള സോഫ്റ്റ്‌വെയര്‍ സിഐഎയുടെ കൈവശമുണ്ട്. ആന്‍ഡ്രോയ്ഡ്, ഐഒഎസ് ഡിവൈസുകള്‍ ഹാക്ക് ചെയ്തു സന്ദേശങ്ങളും മറ്റു രേഖകളും ചോര്‍ത്താന്‍ ഈ സോഫ്റ്റ്‌വെയറിനു സാധിക്കുമെന്നും വിക്കീലീക്‌സ് രേഖകള്‍ പറയുന്നു.

അതേസമയം, സിഐഎ ഉപയോഗിക്കുന്ന നിരവധി സൈബര്‍ ആയുധങ്ങള്‍ വിദേശ ചാര ഏജന്‍സികളുടെയും കുറ്റവാളികളുടെയും കൈവശമുണ്ടെന്നും വിക്കിലീക്‌സ് രേഖകളിലുണ്ട്.

DONT MISS
Top