സംസ്ഥാന ചലച്ചിത്ര പുരസ്‌കാരം: മികച്ച നടനായി വിനായകന്‍, നടി രജിഷ, സംവിധായക വിധു വിന്‍സെന്റ്

സംസ്ഥാന ചലച്ചിത്ര പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചു. മികച്ച നടനായി വിനായകനും (കമ്മട്ടിപ്പാടം) മികച്ച നടിയായി രജിഷ വിജയനും (അനുരാഗ കരിക്കിന്‍ വെള്ളം) മികച്ച സംവിധായകയായി വിധു വിന്‍സെന്റും (മാന്‍ഹോള്‍) തെരഞ്ഞെടുക്കപ്പെട്ടു. മികച്ച നടനും നടിക്കും ഒരു ലക്ഷം രൂപയും സംവിധായകയ്ക്ക് രണ്ട് ലക്ഷം രൂപയുമാണ് പുരസ്‌കാരം. മികച്ച ചിത്രമായി വിധു വിന്‍സെന്റിന്റെ മാന്‍ഹോളും(രണ്ട് ലക്ഷം രൂപ) മികച്ച കഥാചിത്രമായി ഒറ്റയാള്‍ പാതയും തെരഞ്ഞെടുക്കപ്പെട്ടു. സാംസ്‌കാരിക മന്ത്രി എ കെ ബാലനാണ് പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചത്.

ജനപ്രിയവും കലാമൂല്യവുമുള്ള ചിത്രമായി മഹേഷിന്റെ പ്രതികാരം തെരഞ്ഞെടുക്കപ്പെട്ടു. ഇ സന്തോഷ് കുമാര്‍ (കഥ-ആറടി), സുരഭി(അഭിനയം-മിന്നാമിനുങ്ങ്),ഗിരീഷ് ഗംഗാധരന്‍(ഛായാഗ്രഹണം-ഗപ്പി) എന്നിവര്‍ക്ക് പ്രത്യേക ജൂറി പരാമര്‍ശവും ലഭിച്ചു. മികച്ച തിരക്കഥയ്ക്ക് മികവു പുലര്‍ത്തിയ രചനകള്‍ ഉണ്ടായിരുന്നില്ലെന്ന് ജൂറി വിലയിരുത്തി.

സംസ്ഥാന സര്‍ക്കാരിന്റെ മികച്ച നടനുള്ള അവാര്‍ഡ് ഇതുവരെ ലഭിച്ചിരിരുന്നത് നായക കഥാപാത്രങ്ങളെ അവതരിപ്പിച്ചിട്ടുള്ള നടന്മാര്‍ക്കാണ്. ഇത് തിരുത്തിയാണ് ഇത്തവണത്തെ ചലച്ചിത്ര അവാര്‍ഡ് പ്രഖ്യാപനം. മോഹന്‍ലാലിന്റെ ഒപ്പം, പുലിമുരുകന്‍ തുടങ്ങിയ ചിത്രങ്ങളായിരുന്നു അവാര്‍ഡിനായി പരിഗണിച്ചിരുന്നത്. ഇതിനോട് കിടപിടിച്ച് മികച്ച നടനാകുക എന്നത് വിനായകനെ സംബന്ധിച്ചിടത്തോളം ഏറെ പ്രതിസന്ധികള്‍ നിറഞ്ഞതായിരുന്നു.

മറ്റ് പുരസ്‌കാരങ്ങള്‍

മികച്ച സ്വഭാവ നടന്‍-മണികണ്ഠന്‍ ആചാരി (കമ്മട്ടിപ്പാടം)

മികച്ച സ്വഭാവ നടി-വി കെ കാഞ്ചന (ഓലപ്പീപ്പി)

തിരക്കഥാകൃത്ത്- ശ്യാം പുഷ്‌കരന്‍ (മഹേഷിന്റെ പ്രതികാരം)

നവാഗത സംവിധായകന്‍-ഷാനവാസ് ബാവക്കുട്ടി (കിസ്മത്ത്)

കലാസംവിധായകന്‍-ഗോകുല്‍ദജാസ് എ വി, എസ് നാഗരാജ് (കമ്മട്ടിപ്പാടം)

മികച്ച കുട്ടികളുടെ ചിത്രം-കോലുമിഠായി

DONT MISS
Top