‘അറ്റംമുറിച്ചിട്ടും കഴപ്പ് മാറുന്നില്ലെങ്കില്‍ മുഴുവനും മുറിച്ചൂടെ’; വിഷംവമിക്കുന്ന നാവുമായി ചുവപ്പുടുത്ത സുധീഷ് മിന്നി

സുധീഷ് മിന്നി (ഫയല്‍)

കണ്ണൂര്‍:ആര്‍എസ്എസ് പ്രചാരകനായിരുന്ന സുധീഷ് മിന്നി സിപിഐഎമ്മിന്റെ പ്രധാന പ്രാസംഗികനാണിപ്പോള്‍. സിപിഐഎം വേദികളിലെ സജീവസാന്നിധ്യമായി, മതേതര പ്രസംഗം വിളമ്പുന്ന സുധീഷ് മിന്നി, പഴയ ഹാങ്ഓവറില്‍ നിന്ന് ഒട്ടും മാറിയിട്ടില്ലെന്ന് തെളിയിക്കുന്നതാണ് പുതിയ പ്രകടനം. മുസ്ലീം സമുദായത്തെ അടച്ചാക്ഷേപിക്കുന്ന ഫെയ്‌സ്ബുക്ക് പോസ്റ്റിലൂടെ ഒരിക്കല്‍കൂടി തന്റെ ഉള്ളില്‍ ഒളിപ്പിച്ചുവെച്ചിരിക്കുന്ന വര്‍ഗീയവാദിയെ കയറൂരിവിടുകയാണ് സുധീഷ് മിന്നിയിപ്പോള്‍.

വയനാടെ യത്തീംഘാനയിലെ പീഡനവുമായി ബന്ധപ്പെട്ടായിരുന്നു സുധീഷ്മിന്നിയുടെ പ്രതികരണം. ‘അറ്റംമുറിച്ചിട്ടും കഴപ്പ് മാറുന്നില്ലെങ്കില്‍ മുഴുവനും മുറിച്ചൂടെ’ എന്നായിരുന്നു സുധീഷിന്റെ പോസ്റ്റ്. പുരോഗമന-മതനിരപേക്ഷ മുഖംമൂടിയണിഞ്ഞ സുധീഷിന്റെ പൊയ്മുഖത്തെ ആക്രമിച്ച് സിപിഐഎം പ്രൊഫൈലുകളുള്‍പ്പെടെ രംഗത്തെത്തിയതോടെ പോസ്റ്റ് മുക്കി, മിന്നി മുങ്ങുകയായിരുന്നു. അപഹാസ്യമായ വിശദീകരണവുമായി പിന്നാലെ വീണ്ടുമെത്തിയ മിന്നിക്ക് തെറി തന്നെയാണ് ഫെയ്‌സ്ബുക്ക് ഉപയോക്താക്കള്‍ നല്‍കിയ മറുപടി.

വിവാദ ഫെയ്സ്ബുക്ക് പോസ്റ്റിന്റെ സ്ക്രീന്‍ഷോട്ട്

എന്റെ പോസ്റ്റ് ഒരു മതത്തിനും എതിരും അനുകൂലവുമല്ലെന്നായിരുന്നു ആദ്യം സുധീഷിട്ട വിശദീകരണ പോസ്റ്റ്. പിന്നാലെയെത്തിയ അടുത്ത പോസ്റ്റില്‍ ലീഗുകാരാണ് പീഡനത്തിന് പിന്നിലെന്നായി സുധീഷ് മിന്നി. യത്തീംഖാനയിലെ അനാഥരായ കുട്ടികളെയാണ് ലീഗുകാര്‍ പ്രലോഭിപ്പിച്ചു പീഡിപ്പിച്ചത്. അവരും മതത്തിലും വിശ്വാസത്തിലും മുഴുകി കഴിയുന്നവരാണ്. ആരും തുണയില്ലാത്തെ അല്ലാഹുവിനെ മാത്രം അഭയം പ്രാപിച്ച ആ സഹോദരിമാര്‍ക്കും ഉണ്ടായിരുന്നു മതം. ആ വാര്‍ത്ത കണ്ടപ്പോള്‍ മതത്തെ പരിപോഷിക്കാനെന്ന പേരില്‍ നടക്കുന്ന ലീഗുകാര്‍ക്കെതിരെയാണ് താന്‍ പോസ്റ്റിട്ടതെന്നായിരുന്നു സുധീഷിന്റെ അടുത്തവാദം. പോസ്റ്റില്‍ ലീഗെന്ന് രേഖപ്പെടുത്താന്‍ മറന്നതില്‍ മതവിശ്വാസികളോട് ക്ഷമ ചോദിക്കുന്നുവെന്നും സുധീഷ് മിന്നി പോസ്റ്റില്‍ പറയുന്നു. തെറ്റ് തിരുത്താനുള്ളതാണെന്നും അതിനുള്ള ആര്‍ജ്ജവം ഇന്നെനിക്കെന്റെ പ്രസ്ഥാനം നല്കിയിട്ടുണ്ടെന്നും മിന്നി പറയുന്നു. അതേസമയം സിപിഐഎമ്മിനെ ഇതിനുമെന്തിന് കൂട്ടുപിടിക്കുന്നുവെന്ന ചോദ്യവും ചിലരുയര്‍ത്തുന്നുണ്ട്. മതത്തെ വ്രണപ്പെടുത്തുന്നതായി തോന്നിയെങ്കില്‍ മാപ്പപേക്ഷിക്കുന്നുവെന്നും സുധീഷ് മിന്നി പറയുന്നു. പരമകാരുണികനായ അല്ലാഹുവിന്റെ നാമത്തിന്‍ ചിലര്‍ കാണിച്ച പേക്കൂത്തുകള്‍ക്ക് ആത്മരോഷംകൊണ്ട് പറഞ്ഞ വാക്കുകള്‍ വിശ്വാസികള്‍ക്ക് വേദനിച്ചതില്‍ പൊറുക്കണമെന്നും സുധീഷ് മിന്നി പറയുന്നു.

മാപ്പപേക്ഷയിലുടനീളം സിപിഐഎമ്മിനെ ചേര്‍ത്ത് പിടിക്കാനും സുധീഷ് മിന്നി തയ്യാറായിട്ടുണ്ട്. സൈബര്‍ സഖാക്കള്‍ തന്നെ പ്രതിരോധിക്കാനെത്തുമെന്ന പ്രതീക്ഷയിലാകാമിതെന്ന് വിലയിരുത്തപ്പെടുന്നു. എന്നാല്‍ കടുത്ത അസഭ്യവര്‍ഷവും തെറിയഭിഷേകവുമാണ് പോസ്റ്റില്‍ രാഷ്ട്രീയഭേദമില്ലാതെ ഏവരും ചൊരിയുന്നത്. അണ്ണാന്‍ മൂത്താലും മരംകയറ്റം മറക്കില്ലെന്ന വിമര്‍ശനവുമായി ഇടതുപ്രവര്‍ത്തകരുമൊപ്പമുണ്ട് വിമര്‍ശനത്തില്‍ മുന്നില്‍ തന്നെ. പഴയ സഹപ്രവര്‍ത്തകരായ സംഘപരിവാരവും ലീഗ് അണികളും എസ്ഡിപിഐക്കാരുമെല്ലാം മത്സരിച്ചാണ് സുധീഷ് മിന്നിയെ ആക്രമിക്കുന്നത്.

(യൂട്യൂബില്‍ പ്രചരിക്കുന്ന സുധീഷ് മിന്നിയുടെ പ്രസംഗങ്ങളിലൊന്ന്)

കാല്‍ നൂറ്റാണ്ടോളം നീണ്ട ആര്‍എസ്എസ് പ്രചരണത്തിനൊടുവില്‍ മൂന്ന് വര്‍ഷം മുന്‍പാണ് സുധീഷ് മിന്നി സിപിഐഎമ്മിനോട് ചേര്‍ന്ന് സഞ്ചരിക്കാനാരംഭിച്ചത്. സിപിഐഎം കണ്ണൂര്‍ ജില്ലാക്കമ്മിറ്റി ഓഫീസിലെ സ്ഥിരസാന്നിധ്യമായ സുധീഷ്, പി ജയരാജന്റെ ഏറ്റവും പ്രധാനപ്പെട്ട അനുയായിയായും അറിയപ്പെടുന്നു. സിപിഐഎമ്മിന്റെ കേരളത്തിലെ ഏറ്റവും ആരാധകരുള്ള പ്രാസംഗികരിലൊരാളായും മിന്നി ചുരുങ്ങിയ കാലത്തിനിടിയല്‍ മാറിയിരുന്നു. ആര്‍എസ്എസ് വിവിധ കൊലപാതകങ്ങളും കലാപങ്ങളും ഉള്‍പ്പെടെ നടത്തിയതിനെക്കുറിച്ച് വിവരിക്കുന്ന നരകസാകേതത്തിലെ ഉളളറകള്‍( ഒരു മുന്‍ പ്രചാരകന്റെ 25 വര്‍ഷത്തെ അനുഭവങ്ങളുടെ കുമ്പസാരം) എന്ന പേരിലുള്ള സുധീഷ് മിന്നിയുടെ പുസ്തകം സിപിഐഎം നേതൃത്വത്തിലാണ് പ്രചരിപ്പിച്ചത്. അത്തരത്തിലുള്ള ‘പുത്തന്‍സഖാവിന്റെ’ വര്‍ഗീയക്കാഴ്ചയാണ് ഇപ്പോള്‍ മറനീക്കി പുറത്തുവന്നിരിക്കുന്നത്. വാസുമാസ്റ്ററേയും അശോകനെയും സുധീഷ് മിന്നിയെയുമെല്ലാം ഒപ്പം ചേര്‍ത്തത്, കണ്ണൂരില്‍ വലിയ ചര്‍ച്ചയായിരുന്നു. ഒരിടവേളയ്ക്ക് ശേഷമുള്ള സുധീഷ് മിന്നിയുടെ ഈ വെളിപാട്, കണ്ണൂരിലെ മുസ്ലീംഭൂരിപക്ഷപ്രദേശങ്ങളില്‍ ചുവടുറപ്പിക്കാന്‍ ശ്രമിക്കുന്ന സിപിഐഎമ്മിന് തിരിച്ചടിയാകുമെന്നുറപ്പ്.

(യൂട്യൂബില്‍ പ്രചരിക്കുന്ന സുധീഷ് മിന്നിയുടെ പ്രസംഗങ്ങളിലൊന്ന്)

DONT MISS
Top