പാലക്കാട് സഹോദരികളായ വിദ്യാര്‍ത്ഥിനികളുടെ ദുരൂഹമരണം മരണം: മൂത്തമകള്‍ ലൈംഗിക ചൂഷണത്തിന് ഇരയായിട്ടുണ്ടെന്ന് അമ്മ

പ്രതീകാത്മക ചിത്രം

പാലക്കാട്: വാളയാറില്‍ സഹോദരികളായ സ്‌കൂള്‍ വിദ്യാര്‍ത്ഥിനികള്‍ ദുരൂഹ സാഹചര്യത്തില്‍ മരിച്ച സംഭവത്തില്‍ ഞെട്ടിപ്പിക്കുന്ന വെളിപ്പെടുത്തലുമായി മാതാവ്. പതിനൊന്നുകാരിയായ മൂത്തമകളെ ബന്ധു നിരവധി തവണ ലൈംഗിക ചൂഷണത്തിന് ഇരയാക്കിയിട്ടുണ്ടെന്നും താക്കീത് ചെയ്തിട്ടും ഇത് തുടര്‍ന്നെന്നും മാതാവ് പൊലീസിന് മൊഴി നല്‍കി. എന്നാല്‍ ഇളയകുട്ടി ലൈംഗിക പീഡനത്തിന് ഇരയായിട്ടുണ്ടോ എന്നത് വ്യക്തമല്ല.

ലൈംഗിക പീഡനത്തിന് ഇരയായ വിവരം മകള്‍ തന്നെ തങ്ങളോട് പറഞ്ഞിട്ടുണ്ടെന്ന് മാതാപിതാക്കള്‍ വെളിപ്പെടുത്തി. തങ്ങള്‍ ഇത് നേരിട്ട് കണ്ടിട്ടുണ്ട്. ഇതിനെ തുടര്‍ന്ന് ഇയാളെ പലതവണ താക്കീത് ചെയ്തിരുന്നു. എന്നാല്‍ ഇയാള്‍ വീണ്ടും ഇത് തുടര്‍ന്നതായും ഇവര്‍ പറയുന്നു. കൂലിപ്പണിക്കാരായ മാതാപിതാക്കള്‍ വീട്ടില്‍ ഇല്ലാത്ത സമയത്താണ് ബന്ധു വീട്ടിലെത്തി കുട്ടിയെ ലൈംഗിക പീഡനത്തിന് ഇരയാക്കിയിരുന്നത്.

രണ്ട് മാസത്തെ ഇടവേളയില്‍ നടന്ന കുട്ടികളുടെ മരണം വന്‍ ഞെട്ടലാണ് ഉണ്ടാക്കിയത്. സമാനമായ സാഹചര്യത്തില്‍ ഒരേ രീതിയിലാണ് രണ്ട് കുട്ടികളേയും വീടിനുള്ളില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. മരണം ആത്മഹത്യയല്ല, കൊലപാതകമാണെന്ന സംശയം ഉയര്‍ന്നിരുന്നു.

പതിനൊന്നുകാരിയായ മൂത്തമകളെ ഇക്കഴിഞ്ഞ ജനുവരി 13 നും ഒമ്പതുകാരിയായ ഇളയമകളെ മാര്‍ച്ച് നാലിനുമാണ് ഒറ്റമുറി വീട്ടിലെ ഉത്തരത്തില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. മൂത്തകുട്ടിയുടെ മരണത്തില്‍ നിര്‍ണായക മൊഴി നല്‍കിയത് ഇളയ കുട്ടിയായിരുന്നു. മൂത്തകുട്ടി തൂങ്ങിനില്‍ക്കുന്നത് ആദ്യം കണ്ടത് ഇളയകുട്ടിയാണ്. താന്‍ വീട്ടിലേക്ക് വരുമ്പോള്‍മുഖംമറച്ച് രണ്ട് പേര്‍ വീട്ടില്‍ നിന്നും ഇറങ്ങിപ്പോകുന്നത് കണ്ടതായി ഈകുട്ടി പൊലീസില്‍ മൊഴി നല്‍കിയിരുന്നു.

DONT MISS
Top