ഇന്ത്യയില്‍ അഞ്ച് വയസ്സില്‍ താഴെയുള്ള ശിശുക്കളില്‍ ഭൂരിഭാഗത്തിനും വിളര്‍ച്ച ബാധിക്കുന്നു

പ്രതീകാത്മക ചിത്രം

ദില്ലി: ഇന്ത്യയില്‍ അഞ്ച് വയസ്സില്‍ താഴെ പ്രായമുള്ള ശിശുക്കളില്‍ ഭൂരിഭാഗത്തിനും വിളര്‍ച്ച ബാധിക്കുന്നതായി പഠനം. ദേശീയ കുടുംബ ആരോഗ്യ സര്‍വ്വേയുടെ കണക്കുകളിലാണ് രാജ്യത്ത് അഞ്ച് വയസ്സില്‍ താഴെ പ്രായമുള്ള ശിശുക്കളില്‍ 58 ശതമാനത്തിനും വിളര്‍ച്ച അനുഭവപ്പെടുന്നതായി കണ്ടെത്തിയിട്ടുള്ളത്. രക്തത്തില്‍ ആവശ്യമുള്ള അളവില്‍ ഹീമോഗ്ലോബിന്‍ ഇല്ലാത്തതാണ് ഇതിനുള്ള പ്രധാന കാരണം.  കേരളത്തിലെ മൂന്നിലൊന്ന് ശിശുക്കളിലാണ് വിളര്‍ച്ച കണ്ടെത്തിയിട്ടുള്ളത്.

ശിശുക്കളില്‍ വിളര്‍ച്ച അനുഭവപ്പെടുന്നത് വഴി ഇന്‍ഫെക്ഷന്‍ വളരെ പെട്ടെന്ന് ബാധിക്കുവാനുള്ള സാധ്യത കണക്കാക്കുന്നു. ഇത് ബുദ്ധിവികാസത്തെയും സാരമായി ബാധിക്കുന്നുണ്ടെന്നും പഠനങ്ങള്‍ വെളിവാക്കിയിട്ടുണ്ട്.

2015- 2016 കാലയളവില്‍ ആറ് ലക്ഷത്തിലധികം കുടുംബങ്ങളിലാണ് ആരോഗ്യ സര്‍വ്വേ നടത്തിയിട്ടുള്ളത്. ഈ സമയം മുപ്പത്തിയെട്ട് ശതമാനം ശിശുക്കളില്‍ മാത്രമാണ് ബലക്കുറവും ആരോഗ്യപരമായ ബുദ്ധിമുട്ടുകളും കണ്ടെത്തിയത്. ഇക്കാലയളവില്‍ നടത്തിയിട്ടുള്ള സര്‍വ്വേകളില്‍ ആദ്യമായാണ് ശിശുക്കളില്‍ കാര്യമായ ആരോഗ്യ പ്രശ്‌നങ്ങള്‍ കണ്ടെത്തുന്നത്.

ശിശുക്കളില്‍ ഇത്രയുമധികം പോഷക കുറവ് ഉണ്ടാകുന്നത് സാമൂഹികപരമായും സാമ്പത്തികപരമായും നേരിടുന്ന ബുദ്ധിമുട്ടുകള്‍ മൂലമാണെന്നാണ് ലോക ആരോഗ്യ സംഘടന വിലയിരുത്തുന്നത്. ആരോഗ്യ രംഗത്തെ് കാര്യമായ മുന്‍കരുതല്‍ ഇല്ലെന്നും അവര്‍ ചൂണ്ടിക്കാട്ടുന്നു.

ഗര്‍ഭകാലത്ത് മാതാവ് കാര്യമായ പോഷക ആഹാരങ്ങള്‍ കഴിക്കാത്തതാണ് ശിശുക്കളില്‍ വിളര്‍ച്ച അനുഭവപ്പെടുന്നതിനുള്ള പ്രധാന കാരണം. സ്ത്രീകളില്‍ പതിനഞ്ചിനും നാല്‍പ്പത്തിയഞ്ചിനും ഇടയില്‍ പ്രായമുള്ളവര്‍ക്കും വിളര്‍ച്ച അനുഭവപ്പെടുന്നുണ്ട്. എന്നാല്‍ പുരുഷന്‍മാരില്‍ ഇത് ഇരുപത്തിമൂന്ന് ശതമാനം മാത്രമാണ്.

കേന്ദ്ര ആരോഗ്യ മന്ത്രാലത്തിന്റെ നോഡല്‍ ഏജന്‍സിയായി മുംബൈ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ഇന്റര്‍നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് പോപ്പുലേഷന്‍ സയന്‍സസ് ആണ് സര്‍വ്വേ നടത്തിയിട്ടുള്ളത്.

DONT MISS
Top