‘വൃത്തികെട്ട ചിരിയോടെ അയാള്‍ പറഞ്ഞു നിങ്ങള്‍ കുട്ടിയെ കണ്ടില്ലല്ലോ, കണ്ടാല്‍ അത്ര തോന്നും’; ബാലിക പീഡിപ്പിക്കപ്പെട്ടതില്‍ ഫാ. തോമസ് തേരകത്തിന്റെ പ്രതികരണം വെളിപ്പെടുത്തി അഭിഭാഷക

കൊട്ടിയൂരില്‍ പതിനാറുകാരിയെ പുരോഹിതന്‍ ബലാത്സംഗം ചെയ്ത സംഭവത്തില്‍, നിരുത്തരവാദിത്തരപരമായി പ്രവര്‍ത്തിച്ച വയനാട് ശിശുക്ഷേമസമിതി അധ്യക്ഷനായ ഫാദര്‍ തേരകത്തിനെതിരെ ഗുരുതര ആരോപണങ്ങളുമായി അഭിഭാഷകയുടെ ഫെയ്‌സ്ബുക്ക് പോസ്റ്റ്. തോമസ് ജോസഫ് തേരകത്തില്‍ അച്ഛന്റെ ഭാഗത്തു നിന്നും നേരത്തേയും ഇത്തരത്തിലുള്ള സമീപനം ഉണ്ടായതിന്റെ അനുഭവം ഫെയ്സ്ബുക്കില്‍ കുറിച്ചു കൊണ്ടാണ് അഭിഭാഷകയായ മായ കൃഷ്ണന്‍ രംഗത്തെത്തിയിരിക്കുന്നത്.

അമ്പലവയലില്‍ ആദിവാസി ബാലിക പീഡിപ്പിക്കപ്പെട്ട സംഭവവുമായി ബന്ധപ്പെട്ട് സി.കെ ജാനുവുമൊന്നിച്ച് ഫാദര്‍ തേരകത്തിനെ പോയിക്കണ്ട അനുഭവമാണ് അഡ്വക്കേറ്റ് മായകൃഷ്ണന്‍ ഫെയ്സ്ബുക്കില്‍ കുറിച്ചത്. അന്ന് പീഡിപ്പിക്കപ്പെട്ട കുട്ടിക്ക് 14 വയസല്ല, 18 ഒക്കെയുണ്ട്ന്ന് അയാള്‍ പറഞ്ഞു. സര്‍ട്ടിഫിക്കറ്റില്‍ അങ്ങനെയല്ല എന്നു പറഞ്ഞപ്പോള്‍. നിങ്ങള്‍ കുട്ടിയെ കണ്ടിട്ടില്ലല്ലോ, കണ്ടാലത്രയും തോന്നും എന്ന് വൃത്തികെട്ട ചിരിയോടെ ഫാദര്‍ തേരകത്ത് പറഞ്ഞെന്നും മായാ കൃഷ്ണന്‍ പറയുന്നു.

മായ കൃഷ്ണന്റെ ഫെയ്സ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം

വയനാട് ശിശുക്ഷേമസമിതി അധ്യക്ഷനായ ഫാ. തോമസ് തേരകത്തെ ഓഫീസില്‍ പോയി കണ്ടിട്ടുണ്ട്. അമ്പലവയലില്‍ ആദിവാസി ബാലിക പീഡിപ്പിക്കപ്പെട്ട സംഭവുമായി ബന്ധപ്പെട്ട് സി.കെ ജാനുവുമൊന്നിച്ചാണ് അയാളെ കണ്ടത്. അന്ന് പീഡിപ്പിക്കപ്പെട്ട കുട്ടിക്ക് 14 വയസല്ല, 18 ഒക്കെയുണ്ട്ന്ന് അയാള്‍ പറഞ്ഞു. സര്‍ട്ടിഫിക്കറ്റില്‍ അങ്ങനെയല്ല എന്നു പറഞ്ഞപ്പോള്‍. നിങ്ങള്‍ കുട്ടിയെ കണ്ടിട്ടില്ലല്ലോ, കണ്ടാലത്രയും തോന്നും എന്ന് വൃത്തികെട്ട ചിരിയോടെ അയാള്‍ . സിഡബ്ല്യു നോക്കേണ്ടത് സര്‍ട്ടിഫിക്കറ്റാണ് എന്നു പറഞ്ഞ് വഴക്കുണ്ടാക്കിയാണ് ഇറങ്ങിയത്.
തിരുവനന്തപുരത്തായിരുന്നു കുട്ടി ഉണ്ടായിരുന്നത്. അവിടെ പോയി അവളെ കാണുമ്പോള്‍ തേരകത്തെ കുറിച്ചുള്ള അസഹനീയത വര്‍ദ്ധിച്ചു. അത്രയ്ക്ക് ചെറിയ ഒരു ബാലിക. അവളുടെ ശരീരത്തെ പറ്റിയാണ് അയാള്‍ പറഞ്ഞത. ജാനുവേച്ചിയുമായി അന്ന് മന്ത്രി ജയലക്ഷ്മിയെ കണ്ടപ്പോള്‍ തേരകത്തെ പറ്റി പരാതി പറഞ്ഞിരുന്നു.
തേരകം മാത്രമല്ല കേരളത്തിലെ മിക്ക ശിശുക്ഷേമ സമിതികളും ക്രൈസ്തവ വൈദികരും കന്യാസ്ത്രീകളും കയ്യടക്കി വെച്ചിരിക്കുകയാണ്. ദത്തെടുക്കല്‍ അടക്കമുള്ളവയുടെ സര്‍ക്കാര്‍ ഏജന്‍സിയാണ് ഇത്തരത്തില്‍ മതസ്ഥാപനമായി മാറുന്നത്. ഇത് അനുവദിച്ചു കൂട. എന്തുകാര്യത്തിലും കുഞ്ഞുങ്ങളുടെ സംരക്ഷകരാകേണ്ട ഇവര്‍ പ്രതികളോടൊപ്പം നില്‍ക്കുന്നത്, ഈ വൈദികന്റെ കാര്യത്തില്‍ മാത്രമല്ല. ഗേള്‍സ്, ചില്‍ഡ്രന്‍സ്, സ്പ്‌ഷെഷ്യല്‍ ഹോമുകളുടെ ചുമതലയടക്കം ഇവരുടെ കയ്യിലാണെന്നത് ഭീതി വര്‍ദ്ധിപ്പിക്കുന്നു. ദത്തുനല്‍കലുകളടക്കം ഇയാളുടെ മുഴുവന്‍ ഇടപാടുകളും പരിശോധിക്കണം. അറസ്റ്റ് ചെയ്യാന്‍ വൈകുന്നത് തെളിവുകള്‍ നശിപ്പിക്കുവാനുള്ള സാഹചര്യം ഒരുക്കലാണ്
ജുവനൈല്‍ ജസ്റ്റീസ് ആക്ട് പ്രകാരം സുപ്രധാനമായ അധികാരമുള്ള സ്ഥാനമാണ് ശിശുക്ഷേമതി അധ്യക്ഷന്‍റേത്. അത്തരം സ്ഥലങ്ങളില്‍ അനര്‍ഹരാണ് ഇരിക്കുന്നതെങ്കില്‍ പ്രത്യാഘാതം രൂക്ഷമാണ്. സംരക്ഷകര്‍ തന്നെ വേട്ടക്കാരാകുന്നത് അനുവദിച്ചുകൂട.

കൊട്ടിയൂരില്‍ വൈദീകന്റെ പീഡനത്തിനിരയായ പതിനാറുകാരിയുടെ കുഞ്ഞിനെ ദത്തെടുപ്പുമായി ബന്ധപ്പെട്ടാണ് ഫാദര്‍ തേരകത്ത് വിവാദത്തിലകപ്പെട്ടത്. സംഭവത്തില്‍ തോമസ് ജോസഫ് തേരകത്തിന്റെ ഭാഗത്തു നിന്നും വീഴ്ച ഉണ്ടായെന്നു വ്യക്തമായതിനെ തുടര്‍ന്ന് ഇദ്ദേഹത്തെ മാനന്തവാടി രൂപതയുടെ പിആര്‍ഒ സ്ഥാനത്തുനിന്നും നീക്കിയിരുന്നു.

പീഡനത്തിന് ഇരയായ പെണ്‍കുട്ടിയെ ഏറ്റെടുത്തപ്പോള്‍ നടപടിക്രമങ്ങളൊന്നും പാലിച്ചില്ലെന്നാണ് ഫാദര്‍ തേരകത്തിനെതിരെ ഉയര്‍ന്ന വിമര്‍ശനം. സിഡബ്ല്യുസി ചെയര്‍മാന്‍ എന്ന നിലയ്ക്ക് ഇത് ഗുരുതരമായ തെറ്റാണെന്ന് സാമൂഹിക ക്ഷേമവകുപ്പ് നേരത്തെ റിപ്പോര്‍ട്ട് നല്‍കിയിരുന്നു. മാത്രവുമല്ല ഇരയായ പെണ്‍കുട്ടിയുടെ പ്രായം സംബന്ധിച്ച് വ്യക്തത വരുത്തുന്നതിലും തേരകം വീഴ്ചവരുത്തി.

സിഡബ്ല്യുസി ചെയര്‍മാന്‍ ഫാദര്‍ തേരകം, അംഗം സിസ്റ്റര്‍ ബെറ്റി എന്നിവരെ തത്സ്ഥാനത്തുനിന്ന് നീക്കാന്‍ സര്‍ക്കാര്‍ കഴിഞ്ഞ ദിവസം തീരുമാനമെടുത്തിരുന്നു. ഇതോടെ ഇരുവര്‍ക്കും ഉണ്ടായിരുന്ന ജുഡീഷ്യല്‍ അധികാരങ്ങള്‍ നഷ്ടമായി. ഇവര്‍ക്കെതിരെ നടപടികളിലേക്ക് നീങ്ങാന്‍ ഈ തീരുമാനം പൊലീസിന് സഹായകമാവുകയും ചെയ്തു. എന്നാല്‍ അപകടം മനസിലാക്കിയ ഇരുവരും ഒളിവില്‍ പോയിരിക്കുകയാണ്.

അഞ്ച് കന്യാസ്ത്രീകള്‍ അടക്കം എട്ട് പ്രതികളാണ് കേസിലുള്ളത്. പ്രതികള്‍ക്കെതിരെ പോസ്‌കോ നിയമപ്രകാരവും ജുവനൈല്‍ ജസ്റ്റിസ് നിയമപ്രകാരവുമാണ് കേസ് എടുത്തിരിക്കുന്നത്.

കൊട്ടിയൂര്‍ പള്ളിയിലെ സഹായി തങ്കമ്മ, കൂത്തുപറമ്പ് ക്രിസ്തുരാജ ആശുപത്രിയിലെ ഗൈനക്കോളജിസ്റ്റ് ടെസി ജോസഫ്, പീഡിയാട്രീഷന്‍ ഹൈദര്‍ അലി, അഡ്മിനിസ്‌ട്രേറ്റര്‍ ആന്‍സി മാത്യു, സിസ്റ്റര്‍ ലിസ് മരിയ, സിസ്റ്റര്‍ അനീറ്റ, സിസ്റ്റര്‍ ഒലീഫിയ എന്നിവര്‍ രണ്ട് മുതല്‍ എട്ടുവരെ പ്രതികളാണ്.

DONT MISS
Top