ഗായത്രി വീണമീട്ടി ഗായിക വൈക്കം വിജയലക്ഷ്മി ഗിന്നസ് റെക്കോര്‍ഡില്‍

കൊച്ചി: വിധിയോട് പെരുതി സംഗീതത്തിന്റെ ലോകത്തേക്ക് വളര്‍ന്ന ഗായിക വൈക്കം വിജയലക്ഷ്മിക്ക് ലോക റെക്കോര്‍ഡ്. തുടര്‍ച്ചയായി കൂടുതല്‍ സമയം ഗായത്രി വീണ മീട്ടിയതിനാണ് വിജയലക്ഷ്മി ഗിന്നസ് റെക്കോര്‍ഡില്‍ ഇടം നേടിയത്. കൊച്ചിയില്‍ സംഘടിപ്പിച്ച പരിപാടിയില്‍ വിജയലക്ഷ്മി അഞ്ചുമണിക്കൂറിലേറെ തുടര്‍ച്ചയായി ഗായത്രി വീണ മീട്ടുകയായിരുന്നു.

കൊച്ചിയിലെ ഒരു ഹോട്ടലിലായിരുന്നു പരിപാടി നടന്നത്. രാവിലെ പത്ത് മുതല്‍ ഉച്ചയ്ക്ക് ഒരു മണിവരെ ശാസ്ത്രീയ സംഗീതവും പിന്നീട് തുടര്‍ച്ചയായി മൂന്ന് മണിവരെ ചലച്ചിത്ര ഗാനങ്ങളുമാണ് വിജയലക്ഷ്മി മീട്ടിയത്. അറുപത്തിയേഴ് പാട്ടുകളാണ് വിജയലക്ഷ്മി അവതരിപ്പിച്ചത്.

വൈക്കം ഉദയനാപുരം ഉഷാനിലയത്തില്‍ വി മുരളീധരന്റെയും പി കെ. വിമലയുടെയും മകളാണ് വിജയലക്ഷ്മി. കുട്ടിക്കാലത്ത് കിട്ടിയ കളിപ്പാട്ട വീണയില്‍ പാട്ട് വായിച്ചായിരുന്നു തുടക്കം. ഇത് കണ്ട് അച്ഛന്‍ മുരളിയാണ് ഒറ്റക്കമ്പി വീണ നിര്‍മ്മിച്ചു നല്‍കിയത്. വിജയലക്ഷ്മിയുടെ ഒറ്റക്കമ്പി വീണയ്ക്ക് ഗായത്രിവീണയെന്ന പേര് നല്‍കിയത് കുന്നക്കുടി വൈദ്യനാഥനാണ്. ഗായത്രിവീണയില്‍ വിജയലക്ഷ്മി കച്ചേരി നടത്താന്‍ തുടങ്ങിയിട്ട് 18 വര്‍ഷം പിന്നിടുന്നു. കമല്‍ സംവിധാനം ചെയ്ത സെല്ലുലോയ്ഡ് എന്ന മലയാളസിനിമയില്‍ ‘കാറ്റേ കാറ്റേ നീ പൂക്കാമരത്തില്‍’ എന്ന ഗാനത്തിലൂടെയാണ് വിജയലക്ഷ്മി മലയാള സിനിമയിലേക്ക് കടന്നു വന്നത്.

DONT MISS
Top