ഓഫറുകളുടെ കൂട്ടപ്പൊരിച്ചിലിലേക്ക് ഇടിച്ചുകയറി വോഡാഫോണ്‍; 342 രൂപയ്ക്ക് 28 ജിബി 4ജി ഇന്റര്‍നെറ്റ്

പ്രതീകാത്മക ചിത്രം

പണ്ട് ഡോകോമോ കൊണ്ടുവന്ന സെക്കന്റ് പള്‍സ് എന്ന രീതി ഇന്ത്യന്‍ ടെലക്കോം രംഗത്ത് തരംഗമായിമാറിയതുപോലെ ജിയോയുടെ 4ജി വിപ്ലവം ഇന്റര്‍നെറ്റിന് ഓരോ ഉപഭോക്താവും ചിലവഴിക്കേണ്ട തുക കുത്തനെ കുറയ്ക്കുമെന്നുറപ്പായി. ‘കട്ടയ്ക്കുമുട്ടാന്‍ തയാറുള്ളവര്‍ വാടാ’ എന്ന തരത്തിലുള്ള വെല്ലുവിളിയായി മാറി ജിയോയുടെ ഓരോ ഓഫറും. അങ്ങനെയിരിക്കുമ്പോഴാണ് എയര്‍ടെല്‍ ജിയോയുടേതിന് സമാനമായ ഓഫര്‍ അവതരിപ്പിക്കുന്നത്. ഇതാ ഇപ്പാള്‍ വോഡഫോണും ജിയോയുടെ വെല്ലുവിളി ഏറ്റെടുത്ത് മികച്ച ഓഫറുമായി രംഗത്ത് വന്നിരിക്കുന്നു.

വോഡാഫോണിന്റെ 342 രൂപയുടെ പുതിയ ഓഫറില്‍ ദിവസേന ഒരു ജിബി 4ജി ഇന്റര്‍നെറ്റാണ് ലഭിക്കുക. 28 ദിവസമാണ് വാലിഡിറ്റി. അതായത് മൊത്തം 28 ജിബി ഇന്റര്‍നെറ്റാവും ഉപയോഗിക്കാനാവുക. അണ്‍ലിമിറ്റഡ് കോളുകളും ലഭിക്കും. ഇതിലൂടെ ജിയോയ്ക്കും എയര്‍ടെല്ലിനും ഒട്ടും പിന്നിലല്ലാത്ത ഓഫറാണ് വോഡാഫോണ്‍ അവതരിപ്പിച്ചിരിക്കുന്നത്. ജിയോയിലേക്കുള്ള ഉപഭോക്താക്കളുടെ കൊഴിഞ്ഞുപോക്ക് കുറയ്ക്കാന്‍ സാധിക്കുമോ എന്നാണ് കമ്പനി ഉറ്റുനോക്കുന്നത്.

ഐഡിയ ഇതുവരെ ലാഭകരമായ ഓഫറുകള്‍ ഒന്നുംതന്നെ അവതരിപ്പിച്ചിട്ടില്ല. അത് ഏറ്റവും നല്ല ഓഫര്‍ അവതരിപ്പിക്കാനുള്ള മുന്നൊരുക്കമാവും എന്ന് കരുതാം. എന്നാല്‍ വോഡഫോണ്‍-ഐഡിയ ലയനം സംഭവിക്കുമ്പോള്‍ ഇതിലും വളരെ മികച്ച ഓഫറുകള്‍ ഇവര്‍ മുന്നോട്ടുവച്ചുവെന്നും വരാം. എന്തായാലും ജിയോ തരംഗം ഉടനെയെങ്ങും തീരുന്നമട്ടില്ല. ഒരുപക്ഷേ ആ തരംഗം തീരാതിരിക്കുന്നതാവും ഓരോ ഇന്റര്‍നെറ്റ് ഉപയോക്താക്കള്‍ക്കും ഗുണകരമാവുകയും ചെയ്യുന്നത്.

DONT MISS
Top