കലാഭവൻ മണിയുടെ മരണത്തിൽ അന്വേഷണം ഏങ്ങുമെത്താത്തതിൽ പ്രതിഷേധിച്ച് ബന്ധുക്കൾ സമരത്തിലേക്ക്; മണിയുടെ സഹോദരൻ ഇന്നു മുതല്‍ നിരാഹാരം ആരംഭിക്കും

ചാലക്കുടി: കലാഭവന്‍ മണിയുടെ മരണം നടന്ന് ഒരാണ്ട് തികയുമ്പോള്‍ അന്വേഷണം എങ്ങുമെത്താത്തില്‍ പ്രതിഷേധിച്ച് ബന്ധുക്കള്‍ സമരം ആരംഭിക്കുന്നു. ഇന്ന് മുതല്‍ മണിയുടെ സഹോദരന്‍ ആര്‍എല്‍ വി രാമകൃഷ്ണന്‍ ചേനത്തുനാട് കലാഗൃഹത്തിന് മുന്നില്‍ നിരാഹാരമനുഷ്ടിക്കും. അന്വേഷണം സിബിഐ ഏറ്റെടുക്കാത്തതിലും മരണകാരണത്തില്‍ വ്യക്തത വരുത്താതെ അന്വേഷണം അവസാനിപ്പിക്കാനുമുള്ള നീക്കത്തിനുമെതിരെയാണ് പ്രതിഷേധം.

കലാഭവന്‍ മണിയുടെ ഓര്‍മ്മകള്‍ക്ക് തിങ്കളാഴ്ച തികയുന്ന പശ്ചാത്തലത്തിലാണ് നിരാഹാര സമരവുമായി കുടുംബം രംഗത്തിറങ്ങുന്നത്. ഒരു വര്‍ഷം മുന്‍പ് ചാലക്കുടി ചേനത്ത നാട്ടിലെ വീടിനടുത്തുള്ള പാഡിയില്‍ അവശനിലയില്‍ കണ്ടെത്തിയ മണിയെ ആശുപത്രിയിലെത്തിച്ചുവെങ്കിലും ചികിത്സയിലിരിക്കെ മരിക്കുകയായിരുന്നു. ശരീരത്തില്‍ വിഷമദ്യത്തിന്റെയും കീടനാശിനിയുടെയും സാന്നിധ്യം ഉയര്‍ത്തിയ ദുരൂഹത ഇന്നും അവശേഷിക്കുകയാണ്. മരണം സംബന്ധിച്ച വ്യക്തത കൈവരിക്കാത്ത സാഹചര്യത്തില്‍ കേസ് അന്വേഷണം അവസാനിപ്പിക്കാന് അന്വേഷണസംഘം തയ്യാറാകുന്നതിലാണ് കുടുംബത്തിന്റെ പ്രതിഷേധം. സിബിഐ അന്വേഷണം ഏറ്റെടുക്കാത്തതിലും മണിയുടെ കുടുംബത്തിന് അമര്‍ഷമുണ്ട്. ആന്തരികാവയവങ്ങള്‍ ഫോറന്‍സിക് പരിശോധനക്കയക്കുമ്പോള് സീല്‍ ചെയ്യാതിരുന്നത് കേസ് അട്ടിമറിക്കുന്നതിന്റെ ഭാഗമായാണെന്ന് സഹോദരന്‍ രാമകൃഷ്ണന്‍ ആരോപിച്ചു. ഇന്ന് മുതല്‍ മണിയുടെ സ്മരണകളിരമ്പുന്ന കലാഗൃഹത്തിന് മുന്നില് രാമകൃഷ്ണന്‍ നിരാഹാരസമരം ആരംഭിക്കും

അന്വേഷണസംഘത്തിനെതിരെ കോടതിയെ സമീപിക്കാനും സഹോദരന്‍ ഒരുങ്ങുന്നുണ്ട്. അതേ സമയം കലാഭവന്‍ മണി അനുസ്മരണ സമിതിയുടെ നേതൃത്വത്തില്‍ ചാലക്കുടിയില്‍ ഇന്ന് മുതല്‍ ചിരസ്മരണ സംഘടിപ്പിക്കും.ഞായറാഴ്ച നടക്കുന്ന പൊതുസമ്മേളനത്തില്‍ മുഖ്യമന്ത്രി പിണറായി വിജയനും തിങ്കളാഴ്ച നടക്കുന്ന പൊതുപരിപാടിയില്‍ മമ്മുട്ടിയുള്‌പ്പെടെയുള്ള സിനിമ താരങ്ങളും പങ്കെടുക്കും.

DONT MISS
Top