മുപ്പതിനായിരം അതിഥികളുമായി ആഡംബരം പൊടിപൊടിച്ച് ബിജെപി നേതാവിന്റെ മകന്റെ കല്യാണം; തിരക്കുനിയന്ത്രിക്കാന്‍ റോഡ് ഗതാഗതം തടഞ്ഞ് പോലീസ്


ഔറംഗബാദ്: മറ്റൊരു ബിജെപി നേതാവിന്റെ മകന്റെ വിവാഹം കൂടി ആഡംബരം കൊണ്ട് വാര്‍ത്തയാകുന്നു. ബിജെപി മഹാരാഷ്ട്ര പ്രസിഡന്റ് റാവുസാഹിബ് ദാന്‍വേയുടെ മകനായ സന്തോഷ് ദാന്‍വേയുടെ വിവാഹമാണ് അത്യാഡംബരപൂര്‍വം കഴിഞ്ഞദിവസം നടന്നത്. പ്രശസ്ത മറാഠി സംഗീതജ്ഞനായ രാജേഷ് സര്‍കാട്ടേയുടെ മകളായ റെനുവായിരുന്നു വധു.

മുപ്പതിനായിരത്തിലേറെ ആളുകളാണ് വിവാഹത്തില്‍ പങ്കെടുത്തത്. വിവാഹത്തിന് തടസങ്ങളൊന്നും നേരിടാതിരിക്കാന്‍ പ്രധാന പാത പോലീസ് അടയ്കുകയും ചെയ്തു. ഇന്നലെ ഔറംഗബാദില്‍വച്ച് സിനിമാ സെറ്റുകളെ വെല്ലുന്ന കല്യാണമണ്ഡപത്തിലാണ് ചടങ്ങുകള്‍ നടന്നത്. മഹാരാഷ്ട്ര രാഷ്ട്രീയത്തിലെ വമ്പന്മാരെല്ലാം പങ്കെടുത്ത കല്യാണത്തില്‍ ബാബാ രാംദേവ്, ആര്‍എസ്എസ് നേതാവ് മോഹന്‍ ഭാഗവത് എന്നിവരും അതിഥികളായെത്തി.

വിവാഹം കഴിഞ്ഞതോടെ വിവാഹ ധൂര്‍ത്തിന് ചിലവഴിച്ച പണത്തേച്ചൊല്ലിയുള്ള വിവാദങ്ങളും ഉയര്‍ന്നുതുടങ്ങി. സാമൂഹിക പ്രവര്‍ത്തക അഞ്ജലി ദമാനിയ പണത്തിന്റെ ഉറവിടം ചോദ്യം ചെയ്ത് രംഗത്തെത്തിയിട്ടുണ്ട്. നേരത്തെ കേന്ദ്ര ഗതാഗതവകുപ്പ് മന്ത്രി നിതിന്‍ ഗഡ്കരിയുടെ മകളുടെ വിവാഹച്ചടങ്ങില്‍ പങ്കെടുക്കാനായി പത്ത് ചാര്‍ട്ടേര്‍ഡ് വിമാനങ്ങള്‍ സര്‍വീസ് നടത്തിയതും ആന്ധ്രയിലെ ഖനി ഭീമന്‍ ജനാര്‍ദന്‍ റെഡ്ഡി മകളുടെ വിവാഹത്തിന് 500 കോടി രൂപ ചെലവിട്ടതും വിവാദമായിരുന്നു.

DONT MISS
Top