ഉദ്യോഗാര്‍ത്ഥികള്‍ക്ക് അവസരങ്ങള്‍; എംപ്ലോയബിലിറ്റി സെന്ററിന്റെ നേതൃത്വത്തില്‍ ആലപ്പുഴയില്‍ മെഗാ തൊഴില്‍ മേള

ആലപ്പുഴ : ജില്ലാ എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചിന് കീഴിലുള്ള എംപ്ലോയബിലിറ്റി സെന്റര്‍ ഒന്നാം വര്‍ഷം പൂര്‍ത്തിയാക്കുന്നതിന്റെ ഭാഗമായി ജില്ലയില്‍ മുപ്പതില്‍പ്പരം കമ്പനികളെ പങ്കെടുപ്പിച്ചു കൊണ്ട് മെഗാ തൊഴില്‍ മേള സംഘടിപ്പിക്കും. പുന്നപ്ര കോളേജ് ഓഫ് എന്‍ജിനീയറിങ് ആന്‍ഡ് മാനേജ്‌മെന്റില്‍ മാര്‍ച്ച് 11 ന് രാവിലെ എട്ടുമുതല്‍ വൈകിട്ട് അഞ്ച്‌വരെ സംഘടിപ്പിക്കുന്ന തൊഴില്‍മേളയിലൂടെ രണ്ടായിരത്തില്‍പരം തൊഴില്‍ അവസരങ്ങള്‍ നല്‍കുവാനാണ് ജില്ലാ എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചിന്റെ പരിശ്രമം.

നാഷണല്‍ എപ്ലോയ്‌മെന്റ് സര്‍വീസ് വകുപ്പിന്റെ നേതൃത്വത്തിലാണ് പരിപാടി സംഘടിപ്പിച്ചിരിക്കുന്നത്. ഐ.ടി, ഹോസ്പിറ്റല്‍, വിപണനമേഖല, ബി പി ഒ, ഓട്ടോ മൊബൈല്‍സ് ടെലികോം, ഇലക്‌ട്രോണിക്‌സ് മേഖലകളിലടക്കം പ്രമുഖരായ മുപ്പതിലധികം സ്വകാര്യ കമ്പനികളാണ് മേളയില്‍ പങ്കെടുക്കുന്നത്.

ബിടെക്, ബിഇ, സോഫ്റ്റ്‌വെയര്‍ ട്രെയിനീസ്, ബിസിനസ്സ് ഡെവലപ്‌മെന്റ്, ഐഒഎസ് ഡെവലപ്പര്‍, പിഎച്ച്പി ഡെവലപ്പര്‍, ജാവാ ഡെവലപ്പര്‍, ആന്റോയിഡ് ഡെവലപ്പര്‍, ബി ഫാം, മാനേജ്‌മെന്റ് പ്രൊഫഷനലുകള്‍, ഓഫീസ് അഡ്മിനിസ്‌ട്രേഷന്‍, വീഡിയോഗ്രാഫര്‍, ആല്‍ബം ഡിസൈനര്‍, പാരാമെഡിക്കല്‍, ഡ്രൈവര്‍ തുടങ്ങിയ വിവിധ ഒഴിവുകളിലേക്കും ഐടിഐ, ഐടിസി പ്ലസ് ടു, ബിരുദ യോഗ്യതകളുളളവര്‍ക്കും അവസരങ്ങള്‍ ഏറെയുണ്ട്.

മേളയില്‍ പങ്കെടുക്കുന്ന ഉദ്യോഗാര്‍ത്ഥികള്‍ കുറഞ്ഞത് നാല് സെറ്റ് ബയോഡേറ്റയും സര്‍ട്ടിഫിക്കറ്റിന്റെ കോപ്പിയും കൈയ്യില്‍ കരുതേണ്ടതാണ്. മിനിമം പ്ലസ് ടു പാസ്സായ 35 വയസ്സില്‍ താഴെയുളള ഏതൊരു ഉദ്യോഗാര്‍ത്ഥിക്കും ഐ ഡി പ്രൂഫിന്റെ കോപ്പിയും 250/- രൂപയും കൊടുത്ത് എംപ്ലോയബിലിറ്റി സെന്ററില്‍ രജിസ്റ്റര്‍ ചെയ്യാം. ആലപ്പുഴ മിനി സിവില്‍ സ്റ്റേഷനിലാണ് എംപ്ലോയബിലിറ്റി സെന്റര്‍ പ്രവര്‍ത്തിക്കുന്നത്.

രജിസ്റ്റര്‍ ചെയ്യുന്ന ഉദ്യോഗാര്‍ത്ഥികള്‍ക്ക് തുടര്‍ന്നുളള തൊഴില്‍ വിവരങ്ങളും അഭിമുഖത്തെ സംബന്ധിച്ച വിവരങ്ങളും എസ്എംഎസ് ആയി ലഭിക്കുന്നതാണ്. എംപ്ലോയബിലിറ്റി സെന്ററില്‍ പേര് രജിസ്റ്റര്‍ ചെയ്യാത്തവര്‍ക്ക് മെഗാ തൊഴില്‍ മേള നടക്കുന്ന ദിവസം സ്‌പോട്ട് രജിസ്‌ട്രേഷന് അവസരം നല്‍കുന്നുണ്ട്. കൂടുതല്‍ വിവരങ്ങള്‍ക്ക് ജില്ലാ എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചുമായി ബന്ധപ്പെടുക ഫോണ്‍ 0477 2230624, 9656581883

DONT MISS
Top