വിവാഹിതര്‍ക്ക് പ്രവേശനമില്ല ! ; വിവാഹിതരായ പെണ്‍കുട്ടികള്‍ക്ക് പ്രവേശനം വിലക്കി ഈ കോളേജ്


തെലങ്കാന:തെലങ്കാനയിലെ സോഷ്യല്‍ വെല്‍ഫെയര്‍ റസിഡന്‍ഷ്യല്‍ കോളേജില്‍ ഇത്തവണ വിവാഹിതകള്‍ക്ക് പ്രവേശനമില്ല! തെലങ്കാന ഗവണ്‍മെന്റിന്റെ ഞെട്ടിക്കുന്ന ഈ തീരുമാനത്തിന്റെ കാരണം അതിലേറെ വിചിത്രമാണ്. വിവാഹിതകളായ വിദ്യാര്‍ത്ഥിനികളെ കാണാന്‍ അവരുടെ ഭര്‍ത്താക്കന്മാര്‍ എത്തുന്നത് വിവാഹിതരല്ലാത്ത വിദ്യാര്‍ത്ഥിനികളുടെ ശ്രദ്ധ തെറ്റിക്കും എന്നാണ് സര്‍ക്കാര്‍ വാദം. ഈ വര്‍ഷത്തെ ഡിഗ്രി പ്രവേശനത്തിനുള്ള നോട്ടിഫിക്കേഷനിലാണ് വിവാദപരമായ ഈ നിബന്ധനയുള്ളത്. കോളേജ് പരിസരങ്ങളില്‍ പോലും ഇവരുടെ ഭര്‍ത്താക്കന്മാരെ അവിവാഹിതകള്‍ കണ്ടുപോകരുത് എന്ന രീതിയില്‍ കടുത്തതാണ് സര്‍ക്കാര്‍ തീരുമാനം.

സംസ്ഥാനത്ത് കൂടിവരുന്ന ബാലവിവാഹങ്ങള്‍ക്ക് തടയിടാനാണ് ഇതെന്നാണ് സര്‍ക്കാരിന്റെ വാദം. ബാലവിവാഹങ്ങള്‍ നിയന്ത്രിക്കാന്‍ മറ്റു വഴികളില്ലെന്നും, അതാണ് വിവാഹിതകള്‍ക്ക് പ്രവേശനം നിഷേധിക്കുന്നതിലൂടെ ചെയ്യാന്‍ ശ്രമിക്കുന്നതെന്നും, വിവാഹിത അല്ലെങ്കില്‍ മാത്രമേ ഉന്നതവിദ്യാഭ്യാസം നേടാനാകൂ എന്ന സന്ദേശമറിയിക്കാനാണ് ഇതെന്നും അധികാരികള്‍ പറയുന്നു.

പല സ്ത്രീ സംഘടനകളും ബാലാവകാശ കമ്മീഷനും ഇതിനെതിരെ ശക്തമായ പ്രതിഷേധമുയര്‍ത്തുന്നുണ്ട്. ബാലവിവാഹങ്ങളെ ചെറുക്കേണ്ടത് ഇങ്ങനെയുള്ള സ്ത്രീവിരുദ്ധ മാര്‍ഗങ്ങളിലൂടെയല്ല. സ്ത്രീകള്‍ വിദ്യാഭ്യാസം നേടുന്നതിനെ ഒരുതരത്തിലും നിരുത്സാഹപ്പെടുത്തരുത് എന്നും ഇവര്‍ അഭിപ്രായപ്പെട്ടു.

ഇതിനെല്ലാം പുറമേ, ഈ കോളേജുകളില്‍ പഠിക്കാനെത്തുന്ന പെണ്‍കുട്ടികളില്‍ ഭൂരിഭാഗവും താഴ്ന്ന വരുമാനമുള്ള കുടുംബങ്ങളില്‍ നിന്നെത്തുന്നവരാണ്. അവരെ വിദ്യാഭ്യാസം നേടുന്നതില്‍ നിന്നും വിലക്കാന്‍ പാടില്ലെന്നും സംഘടനകള്‍ ആവശ്യപ്പെട്ടു.

DONT MISS
Top