മുഖ്യമന്ത്രിയുടെ തല വെട്ടുമെന്ന് പറയുന്ന ആര്‍എസ്എസുകാര്‍ താലിബാനും ഐഎസിനും തുല്യമെന്ന് ഇപി ജയരാജന്‍ എംഎല്‍എ

ഇപി ജയരാജന്‍

കേരളത്തിന്റെ പ്രിയപ്പെട്ട മുഖ്യമന്ത്രിയുടെ തല വെട്ടുമെന്ന് പറയുന്ന ആര്‍എസ്എസുകാര്‍ താലിബാനും ഐഎസിനും തുല്യമാണെന്ന് ഇപി ജയരാജന്‍ എംഎല്‍എ കുറ്റപ്പെടുത്തി. സംഘ പരിവാറിന്റെ കൊലവിളി തങ്ങളുടെ അറിവോടെയാണോ എന്ന് നരേന്ദ്ര മോദിയും അമിത് ഷായും വ്യക്തമാക്കണമെന്നു ഇക്കാര്യത്തില്‍ കുമ്മനം രാജശേഖരന്റെ നിലപാട് അറിയാനും ജനങ്ങള്‍ക്ക് താല്‍പ്പര്യമുണ്ടെന്നും അദ്ദേഹം പറഞ്ഞു.

പൊലീസ് മര്‍ദ്ദനങ്ങളും ജയില്‍ വാസവും അനുഭവിച്ച് അടിയന്തരാവസ്ഥാ പീഡനങ്ങള്‍ ഏറ്റുവാങ്ങി എതിരാളികളുടെ ആക്രോശങ്ങളിലും കടന്നാക്രമണങ്ങളിലും അടിപതറാതെ സിപിഐഎമ്മിന്റെ നേതൃപദവിയിലെത്തുകയും വമ്പിച്ച ജനപിന്തുണയോടെ അധികാരത്തിലെത്തുകയും ചെയ്ത വ്യക്തിയാണ് പിണറായി വിജയന്‍. മുഖ്യമന്ത്രിക്കും സിപിഐഎം സംസ്ഥാന സെക്രട്ടറിക്കുമെതിരെ സംഘ പരിവാര്‍ നടത്തുന്ന ആക്രോശങ്ങള്‍ ഉദിച്ചുയരുന്ന സൂര്യനെ നോക്കി ഓരിയിടുന്ന പട്ടിയുടെ മാനസികാവസ്ഥയില്‍ നിന്നുണ്ടാകുന്ന മിഥ്യാബോധത്തിന്റെ ഫലമാണെന്ന് കേരളീയര്‍ മനസിലാക്കും. ജയരാജന്‍ പ്രസ്താവനയിലൂടെ അഭിപ്രായപ്പെട്ടു.

കേരളത്തിലെ മുഖ്യമന്ത്രിയെ കൊലപ്പെടുത്തുന്നവര്‍ക്ക് മധ്യപ്രദേശിലെ ഉജ്ജയിനിലെ ആര്‍എസ്എസ് നേതാവ് ചന്ദ്രവത് ഒരു കോടി രൂപ പാരിതോഷികം പ്രഖ്യാപിച്ചിരിക്കുന്നു. കൈയ്യും കാലും വെട്ടിയിട്ടുണ്ടെന്നും ഇനിയും വെട്ടുമെന്നും കേരളത്തിലെ ബിജെപി നേതാക്കളായ സുരേന്ദ്രനും ഗോപാലകൃഷ്ണനും ആക്രോശിച്ചു കൊണ്ടിരിക്കുകയാണ് ജയരാജന്‍ പറഞ്ഞു.

കഴിഞ്ഞ ദിവസം കാര്‍ഗില്‍ രക്തസാക്ഷിയുടെ മകളും ഡല്‍ഹി സര്‍വകലാശാല വിദ്യാര്‍ത്ഥിനിയുമായ ഗുര്‍ മെഹര്‍ കൗറിനെ ബലാല്‍സംഗം ചെയ്യുമെന്നും കൊന്നുകളയുമെന്നും എബിവിപി ഭീഷണിപ്പെടുത്തി. ബിജെപിയോ പ്രധാനമന്ത്രിയോ ഇതിനെതിരെ ഒരക്ഷരം ഉരിയാടിയിട്ടില്ല. പശ്ചിമ ബംഗാളില്‍ ഒരു വയസിനും 20 വയസിനും ഇടയിലുള്ള കുട്ടികളെ കടത്തുന്ന മാഫിയാ പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കുന്നത് ബിജെപി ദേശീയ ജനറല്‍ സെക്രട്ടറി കൈലാഷ് വിജയ് വര്‍ഗിയ ആണെന്നും കുട്ടിക്കടത്ത് റാക്കറ്റിന്റെ മേല്‍നോട്ടം വഹിക്കുന്നത് മഹിളാ മോര്‍ച്ച സംസ്ഥാന പ്രസിഡന്റും രാജ്യസഭാംഗവുമായ രൂപ ഗാംഗുലിയും മഹിളാ മോര്‍ച്ച ജനറല്‍ സെക്രട്ടറി ജൂഹി ചൗധരിയുമാണെന്ന് ബംഗാള്‍ പൊലീസ് വെളിപ്പെടുത്തിയിരിക്കുന്നു.

സംഘപരിവാറിന്റെ നേതൃത്വത്തിലുള്ള സന്നദ്ധ സംഘടനകളുടെ മറവില്‍ ഇത്തരം കുട്ടിക്കടത്ത് റാക്കറ്റുകള്‍ പ്രവര്‍ത്തിക്കുന്നുണ്ടെന്ന് ആര്‍എസ്എസ് വിട്ടുവന്ന നിരവധി പ്രവര്‍ത്തകര്‍ നേരത്തേ തന്നെ വെളിപ്പെടുത്തിയിട്ടുള്ളതാണ്. ബിജെപി ദേശീയ എക്‌സിക്യുട്ടീവ് അംഗവും മുന്‍ എംഎല്‍എ യുമായ വിജയ് ജോളി എന്ന മുതിര്‍ന്ന നേതാവ് പാര്‍ട്ടി പരിപാടിക്കെത്തിയ തനിക്ക് മയക്കുമരുന്ന് ചേര്‍ത്ത തക്കാളി സൂപ്പ് നല്‍കിയതിന് ശേഷം മാനഭംഗപ്പെടുത്തിയെന്ന് ബിജെപി പ്രവര്‍ത്തകയായ യുവതി കേസ് നല്‍കിയിരിക്കുന്നു. ഇപ്പറയപ്പെട്ടവരെല്ലാം നരേന്ദ്ര മോദിയുടെയും അമിത് ഷായുടെയും അടുപ്പക്കാരാണ്. ജയരാജന്‍ പറഞ്ഞു.

കേരളത്തിലെ മഹിളാ മോര്‍ച്ച നേതാവ് ശോഭാ സുരേന്ദ്രന്‍ സിപിഐഎം സംസ്ഥാന സെക്രട്ടറിയെ വഴി നടത്തില്ല എന്ന് ആക്രോശിക്കുന്നു. അസഹിഷ്ണത കൊണ്ട് ആക്രോശിക്കുമ്പോള്‍ വനിതാ നേതാവിന് ചേരാത്ത പദപ്രയോഗങ്ങള്‍ നടത്തി അന്തരീക്ഷ മലിനീകരണം നടത്തുന്നു. ‘ഉലത്തിക്കളയും, ഉലത്തിക്കളയും’ എന്നിത്യാദി നിലവാരം കുറഞ്ഞ പ്രസംഗം നടത്തുവാന്‍ എങ്ങിനെയാണ് ഇവര്‍ക്ക് കഴിയുന്നത്. ഇതാണോ ? ആര്‍ എസ് എസും സംഘപരിവാറും ബി ജെ പിയും പറയുന്ന ആര്‍ഷഭാരത സംസ്‌കാരം. നഗ്‌ന സന്യാസിമാരുടെ ഘോഷയാത്രകളും മറ്റും നടത്തി അതില്‍ ആനന്ദം കണ്ടെത്തുന്ന ഇക്കൂട്ടര്‍ ഇതും ഇതിലപ്പുറം പ്രയോഗങ്ങളും നടത്തും. ഇപി ജയരാജന്‍ കുറ്റപ്പെടുത്തി.

DONT MISS
Top