മധ്യപ്രദേശിലെ സംഘപരിവാര്‍ നേതാവിന്റെ ഭീഷണിയില്‍ തെളിയുന്നത് ആര്‍എസ്എസിന്റെ ഭീകരമുഖം; കേരളമുഖ്യന് പിന്തുണ പ്രഖ്യാപിച്ച് വിടി ബല്‍റാം എംഎല്‍എ

തൃക്കാക്കര: ആര്‍എസ്എസിന്റെ ഭീകരമുഖമാണ് പിണറായി വിജയനെതിരായ മധ്യപ്രദേശ് നേതാവിന്റെ ഭീഷണിയിലൂടെ വീണ്ടും തെളിയുന്നതെന്ന് വിടി ബല്‍റാം എംഎല്‍എ. കേരള മുഖ്യമന്ത്രിക്ക് ഇക്കാര്യത്തില്‍ പൂര്‍ണ്ണ പിന്തുണയെന്നും വിടി ബല്‍റാം ഫെയ്‌സ്ബുക്കില്‍ കുറിച്ചു.

കേരള മുഖ്യമന്ത്രിയുടെ തലയ്ക്ക് വിലയിട്ട ഇയാള്‍ക്കെതിരെ കേസെടുക്കാന്‍ മധ്യപ്രദേശ് സര്‍ക്കാരിനോട് കേരള സര്‍ക്കാര്‍ ഔദ്യോഗികമായിത്തന്നെ ആവശ്യപ്പെടണം. വര്‍ഗീയച്ചുവയുള്ള പ്രകോപന പസംഗങ്ങളിലൂടെ കേരളത്തിന്റെയും സ്വൈരാന്തരീക്ഷം തകര്‍ക്കാന്‍ നോക്കുന്ന ശശികല, സുരേന്ദ്രന്‍, ഗോപാലകൃഷ്ണന്‍ എന്നിങ്ങനെയുള്ള സംഘ് പരിവാര്‍ നേതാക്കള്‍ക്കെതിരെ കയ്യിലിരിക്കുന്ന അധികാരമുപയോഗിച്ച് ശക്തമായ നിയമനടപടികള്‍ സ്വീകരിക്കാന്‍ കേരള സര്‍ക്കാരും പോലീസും തയ്യാറാവണമെന്നും വിടി ബല്‍റാം പറഞ്ഞു.

കേരള മുഖ്യമന്ത്രി പിണറായി വിജയന്റെ തലയ്ക്ക് ഒരു കോടി രൂപയാണ് മധ്യപ്രദേശിലെ ആര്‍എസ്എസ് നേതാവ് ഇനാം പ്രഖ്യാപിച്ചത്. മധ്യപ്രദേശില്‍ നിന്നുള്ള ആര്‍എസ്എസ് പ്രമുഖ് ഡോക്ടര്‍ ചന്ദ്രവതാണ് മുഖ്യമന്ത്രിയുടെ തലയ്ക്ക് ഒരു കോടി രൂപ പാരിതോഷികം പ്രഖ്യാപിച്ചത്. ഉജ്ജയിനില്‍ നടന്ന ഒരു പരിപാടിക്കിടെയായിരുന്നു സംഭവം.

തന്റെ മുഴുവന്‍ സ്വത്തും വിറ്റായാലും പാരിതോഷികം നല്‍കാമെന്നും തനിക്ക് പിണറായിയുടെ തല മാത്രം മതിയെന്നും ചന്ദ്രവത് കൊലവിളി മുഴക്കുന്നു. ബിജെപി രാജ്യസഭ എംപി ചിന്താമണി മേല്‍വിയയുടേയും എംഎല്‍എ മോഹന്‍ യാദവിന്റേയും സാന്നിധ്യത്തിലായിരുന്നു ആര്‍എസ്എസ് നേതാവിന്റെ പ്രഖ്യാപനം. സംഭവം ഇതിനോടകം വിവാദമായിട്ടുണ്ട്.

DONT MISS
Top