മീശപിരിച്ച് ലാലേട്ടന്‍ വീണ്ടും ’; 1971 ബിയോണ്ട് ബോര്‍ഡേഴ്സിന്റെ ടീസര്‍ കാണാം

മോഹന്‍ലാലിനെ നായകനാക്കി മേജര്‍ രവി സംവിധാനം ചെയ്യുന്ന 1971 ബിയോണ്ട് ദി ബോര്‍ഡേഴ്സിന്റെ ടീസര്‍ പുറത്തുവന്നു. 35 സെക്കന്റ് സമയം ദൈര്‍ഘ്യമുള്ള ടീസര്‍ മോഹന്‍ലാലിന്റെ പേജിലൂടെയാണ് പുറത്തുവിട്ടത്.


ചിത്രത്തില്‍ കേണല്‍ മഹാദേവനായും മകന്‍ മേജര്‍ സഹദേവനായും മോഹന്‍ലാല്‍ ഡബിള്‍ റോളിലാണ് അഭിനയിക്കുന്നത്. ജോര്‍ജിയയിലായിരുന്നു ചിത്രത്തിന്റെ അവസാന ഘട്ട ചിത്രീകരണം. യുദ്ധരംഗങ്ങളാണ് ഇവിടെ ചിത്രീകരിച്ചത്.

1971 ലെ ഇന്ത്യാ പാക് യുദ്ധകാലത്ത് നടന്ന യഥാര്‍ത്ഥസംഭവങ്ങളെ ആസ്പദമാക്കിയാണ് ചിത്രം ഒരുങ്ങുന്നത്. രണ്ട് കാലഘട്ടങ്ങളിലൂടെയാണ് ഈ ബിഗ് ബജറ്റ് ചിത്രത്തിന്റെ കഥ മുന്നേറുക.ചിത്രത്തില്‍ മേജര്‍ മഹാദേവനായി തന്നെയാണ് മോഹന്‍ലാല്‍ എത്തുന്നത്. ആശാ ശരത്ത് ആണ് ചിത്രത്തിലെ നായിക. റെഡ്റോസ് എന്റര്‍ടെയിന്‍മെന്റിന്റെ ബാനറില്‍ ഹനീഫ് മുഹമ്മദാണ് നിര്‍മ്മാണം. സുജിത് വാസുദേവാണ് ഛായാഗ്രഹണം. മാഫിയ ശശിയാണ് ചിത്രത്തിന്റെ ആക്ഷന്‍ ഡയറക്ടര്‍.

ചിത്രത്തിന്റെ രചന സംവിധായകനായ മേജര്‍ രവി തന്നെയാണ് നിര്‍വ്വഹിച്ചിരിക്കുന്നത്. മോഹന്‍ലാലിനൊപ്പം അല്ലു സിരിഷ്, അരുണോദയ് സിംഗ്, രഞ്ജി പണിക്കര്‍, സുധീര്‍ കരമന, സൈജു കുറുപ്പ് എന്നിവരും ചിത്രത്തിലെത്തുന്നുണ്ട്. അതിര്‍ത്തിയിലെ പട്ടാള കേന്ദ്രങ്ങളും ട്രഞ്ചുകളുമുള്‍പ്പെടെ കൂറ്റന്‍ സെറ്റുകളാണ് ചിത്രത്തിനായി നിര്‍മ്മിച്ചത്. ഏപ്രില്‍ 7ന് ചിത്രം തിയേറ്ററുകളിലേക്കെത്തുമെന്നാണ് റിപ്പോര്‍ട്ട്.

DONT MISS
Top