സംഘപരിവാര്‍ പലരുടേയും തലയെടുത്തിട്ടുണ്ടല്ലോ? പേടിച്ച് സഞ്ചാരം മുടക്കില്ല; ആര്‍എസ്എസ് കൊലവിളിയെ പുച്ഛിച്ച് തള്ളുന്നുവെന്ന് പിണറായി വിജയന്‍

തിരുവനന്തപുരം: കേരള മുഖ്യമന്ത്രിയുടെ തലയെടുക്കുന്നവര്‍ക്ക് 1 കോടി രൂപ ഇനാം പ്രഖ്യാപിച്ച ആര്‍എസ്എസ് നേതാവിന്റെ ഭീഷണിയെ ചിരിച്ചു തള്ളി മുഖ്യമന്ത്രി പിണറായി വിജയന്‍. സംഘപരിവാര്‍ പലരുടേയും തലയെടുത്തതാണല്ലോ, എന്നു കരുതി തനിക്കിപ്പോള്‍ സഞ്ചരിക്കാതിരിക്കാന്‍ പറ്റില്ലല്ലോ എന്ന് മുഖ്യമന്ത്രി മാധ്യമങ്ങളോട് പ്രതികരിച്ചു. ഭയമില്ല എന്നാണോ മറുപടിയെന്ന് മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തിന് ചിരിയായിരുന്നു മുഖ്യമന്ത്രിയുടെ പ്രതികരണം.

മധ്യപ്രദേശ് ഉജ്ജെയിനിലെ ആര്‍എസ്എസ് പ്രമുഖായ ഡോക്ടര്‍ ചന്ദ്രാവത്താണ് പിണറായി വിജയന്റെ തലക്ക് ഒരുകോടി രൂപ ഇനാം നല്‍കുമെന്ന് പ്രഖ്യാപിച്ചത്.  തന്റെ എല്ലാ സ്വത്തുക്കള്‍ വിറ്റാണങ്കിലും പാരിതോഷികം നല്‍കുമെന്നാണ് ആര്‍എസ്എസ് നേതാവ് വേദിയില്‍ പ്രസംഗിച്ചത്.

എന്റെ കയ്യില്‍ ആവശ്യത്തിലധികം സമ്പത്തുണ്ട് , ഒരു കോടിയിലധികം വിലമതിപ്പുള്ള വീടുണ്ട്. ആ ധൈര്യത്തില്‍ തന്നെയാണ് ഈ പ്രഖ്യാപനം. ആ വിജയന്റെ തലവെട്ടി ആരെങ്കിലും എനിക്ക് കൊണ്ടുതരൂ, ഞാനെന്റെ വീടും സ്വത്തുമെല്ലാം അയാള്‍ക്ക് എഴുതി തരും. ഇയാളെ പോലുള്ള രാജ്യദ്രോഹികള്‍ക്ക് ഈ രാജ്യത്ത് കഴിയാന്‍ യാതൊരു അവകാശവുമില്ല. ഗോധ്രയെ മറന്നോ?. 56 പേരാണ് മരിച്ചത്, 2000 പേരെ ഖബറിസ്ഥാനിലാക്കിയില്ലേ. കുഴിക്കുള്ളിലാക്കിയില്ലെ അവരെ ഈ ഹിന്ദു സേന. 300 പ്രചാരകരെയോ പ്രവര്‍ത്തകരെയോ അല്ലാ നിങ്ങള്‍ കൊന്നത്? ഓര്‍ത്തോ , മൂന്ന് ലക്ഷം മനുഷ്യത്തല കൊണ്ടുള്ള മാല ഭാരത മാതാവിനെ അണിയിക്കും. ഇങ്ങെനെയായിരുന്നു കേരള മുഖ്യമന്ത്രിക്കെതിരെയുളള ആര്‍എസ്എസ് നേതാവിന്റെ കൊലവിളി ബിജെപി രാജ്യസഭ എംപി ചിന്താമണി മേല്‍വിയയുടേയും എംഎല്‍എ മോഹന്‍ യാദവിന്റേയും സാന്നിധ്യത്തിലായിരുന്നു ആര്‍എസ്എസ് നേതാവിന്റെ പ്രഖ്യാപനം.

കഴിഞ്ഞ ദിവസം മുഖ്യമന്ത്രി മംഗളൂരുവില്‍ ആര്‍എസ്എസിനെതിരെ നടത്തിയ പ്രസംഗമാണ് നേതാവിനെ ചൊടിപ്പിച്ചത്. മുഖ്യമന്ത്രിയെ മംഗളൂരുവില്‍ കാലു കുത്താന്‍ അനുവദിക്കില്ലെന്ന സംഘപരിവാര്‍ ഭീഷണിയെ മറികടന്നാണ് പിണറായി വിജയന്‍ രണ്ട് പരിപാടികളില്‍ പങ്കെടുക്കുന്നതിനായി എത്തിയത്. ഇവിടെ ആര്‍എസ്എസിന്റെ വെല്ലുവിളിയെ ശക്തമായ ഭാഷയില്‍ മുഖ്യമന്ത്രി നേരിട്ടിരുന്നു. ആര്‍എസ്എസ് ഇന്ത്യയെ വിഭജിക്കാന്‍ ശ്രമിക്കുകയാണെന്നും ഹിറ്റ്‌ലറുടേയും മുസോളിനിയുടേയും പാതയാണ് അവര്‍ പിന്തുടരുന്നതെന്നും അദ്ദേഹം പറഞ്ഞു. മതസൗഹാര്‍ദ്ദത്തിന് അപകടകരമാകുന്ന കാര്യങ്ങളാണ് രാജ്യത്ത് സംഭവിക്കുന്നത്. നിര്‍ഭാഗ്യവശാല്‍ ആര്‍എസ്എസിനാണ് രാജ്യത്തിന്റെ നയങ്ങള്‍ തീരുമാനിക്കാനുള്ള അവകാശം ലഭിച്ചിരിക്കുന്നത്. പ്രധാനമന്ത്രി അടക്കമുള്ള ഭരണനേതൃത്വം ആര്‍എസ്എസ്സിന്റെ ആജ്ഞ അനുസരിച്ചാണ് പ്രവര്‍ത്തിക്കുന്നതെന്നും പിണറായി പറഞ്ഞിരുന്നു. പരിപാടി ജനപങ്കാളിത്തം കൊണ്ടും ശ്രദ്ധേയമായിരുന്നു. പിണറായിയുടെ പ്രസംഗത്തെ പുകഴ്ത്തി നിരവധിയാളുകള്‍ രംഗത്തെത്തിയിരുന്നു.

DONT MISS
Top