ആവശ്യങ്ങള്‍ പൂര്‍ണമായും മാനേജ്‌മെന്റ് അംഗീകരിച്ചു; പാമ്പാടി നെഹ്‌റു കോളെജിലെ വിദ്യാര്‍ത്ഥി സമരം പിന്‍വലിച്ചു

ഫയല്‍ ചിത്രം

തൃശൂര്‍: പാമ്പാടി നെഹ്‌റു കോളെജില്‍ വിദ്യാര്‍ത്ഥികള്‍ നടത്തിവന്ന സമരം പിന്‍വലിച്ചു. വിദ്യാര്‍ത്ഥികളുടെ ആവശ്യങ്ങള്‍ പൂര്‍ണമായും അംഗീകരിക്കാന്‍ കോളെജ് മാനേജ്‌മെന്റ് തയ്യാറായതോടെയാണിത്. ജിഷ്ണുവിന്റെ മരണവുമായി ബന്ധപ്പെട്ട് ആരോപണ വിധേയരായവരെ പുറത്താക്കുമെന്ന് മാനേജ്‌മെന്റ് ഉറപ്പ് നല്‍കി.

കോളെജ് വൈസ് പ്രിന്‍സിപ്പല്‍ ശക്തിവേല്‍, പിആര്‍ഒ സഞ്ജിത് വിശ്വനാഥന്‍, അധ്യാപകരായ പ്രവീണ്‍, ഗോവിന്ദന്‍കുട്ടി, ഇര്‍ഷാദ് എന്നിവരെയാണ് പുറത്താക്കുക.

വിദ്യാര്‍ത്ഥികള്‍ മുന്നോട്ടുവെച്ച എല്ലാ ആവശ്യങ്ങളും കോളെജ് മാനേജ്‌മെന്റ് അംഗീകരിക്കാന്‍ സന്നദ്ധമാവുകയായിരുന്നു. ഇക്കാര്യം കോളെജ് ചെയര്‍മാന്‍ പി കൃഷ്ണകുമാര്‍ ഒപ്പിട്ട് നല്‍കി. ഇതിന് ശേഷമാണ് സമരം പിന്‍വലിക്കാന്‍ വിദ്യാര്‍ത്ഥികള്‍ തയ്യാറായത്. ചേലക്കര സിഐ വിജയകുമാറിന്റെ നേതൃത്വത്തിലായിരുന്നു ചര്‍ച്ച നടന്നത്. കളക്ടറുടെ അധ്യക്ഷതയില്‍ നേരത്തെ ചേര്‍ന്ന യോഗത്തില്‍ കൈക്കൊണ്ട എല്ലാ തീരുമാനങ്ങളും നടപ്പിലാക്കാമെന്ന ഉറപ്പ് ചെയര്‍മാന്‍ നല്‍കി.

അഞ്ച് അധ്യാപകരെ മാറ്റി നിര്‍ത്തുന്നത് ഉള്‍പ്പെടെയുള്ള വിദ്യാര്‍ത്ഥികളുടെ ആവശ്യങ്ങളാണ് ഇന്ന് അംഗീകരിക്കപ്പെട്ടിരിക്കുന്നത്. ഇന്ന് ഉച്ചയോടെയാണ് വിദ്യാര്‍ത്ഥികള്‍ സമരം ആരംഭിച്ചത്.

കഴിഞ്ഞ മാസം 15 ന് കളക്ടറുടെ അധ്യക്ഷതയില്‍ നടന്ന ചര്‍ച്ചയിലെ തീരുമാനങ്ങള്‍ മാനേജ്‌മെന്റ് അട്ടിമറിക്കുന്നു എന്ന് ചൂണ്ടിക്കാട്ടിയാണ് വിദ്യാര്‍ത്ഥികള്‍ സമരം ആരംഭിച്ചത്. ആരോപണ വിധേയരായ അഞ്ച് അധ്യാപകരെ മാറ്റി നിര്‍ത്തുക, കോളെജില്‍ നിലിനില്‍ക്കുന്ന ഫൈന്‍ സമ്പ്രദായം അവസാനിപ്പിക്കുക എന്നീ ആവശ്യങ്ങള്‍ കളക്ടറുടെ നേതൃത്വത്തില്‍ നടന്ന ചര്‍ച്ചയില്‍ അംഗീകരിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലായിരുന്നു കഴിഞ്ഞ മാസം 17 മുതല്‍ കോളെജ് തുറന്ന് പ്രവര്‍ത്തിച്ചത്. എന്നാല്‍ മിനിട്ട്‌സില്‍ ഒപ്പുവെക്കണമെന്ന ആവശ്യം വിദ്യാര്‍ത്ഥികള്‍ കഴിഞ്ഞ കുറേ ദിവസങ്ങളായി ഉന്നയിച്ചിരുന്നെങ്കിലും മാനേജ്‌മെന്റ് ചെവിക്കൊണ്ടിരുന്നില്ല. ഇതാണ് വീണ്ടും സമരത്തിലേക്ക് നീങ്ങാന്‍ വിദ്യാര്‍ത്ഥികളെ പ്രേരിപ്പിച്ചത്.

DONT MISS
Top