ധൈര്യം തുണയായി; മലപ്പുറത്ത് പതിനഞ്ചുകാരി തടഞ്ഞത് തന്റേതുള്‍പ്പെടെ പത്തോളം ശൈശവ വിവാഹങ്ങള്‍

മലപ്പുറം: ആശങ്കകള്‍ക്കിടയിലും ചൈല്‍ഡ് ലൈനിന്റെ ടോള്‍ഫ്രീ നമ്പറിലേക്ക് വിളിച്ച് 15 വയസ്സുകാരി തടഞ്ഞത് തന്റെതുള്‍പ്പടെ പത്തോളം ശൈശവ വിവാഹങ്ങള്‍. മലപ്പുറത്താണ് സംഭവം. പെണ്‍കുട്ടി നല്‍കിയ വിവരത്തിന്റെ അടിസ്ഥാനത്തില്‍ ചൈല്‍ഡ് ലൈന്‍ പ്രവര്‍ത്തകര്‍ നടത്തിയ ഇടപെടലിലൂടെയാണ് കരുവാരക്കുണ്ട് മേഖലയിലെ 10ഓളം പെണ്‍കുട്ടികളെ ബാലവിവാഹത്തില്‍ നിന്നും മോചിപ്പിച്ചത്.

ചൈല്‍ഡ് ലൈനിന്റെ ടോള്‍ ഫ്രീ നമ്പറായ 1098 ലേക്ക് കഴിഞ്ഞ ദിവസം വന്ന പെണ്‍കുട്ടിയുടെ ഫോണ്‍കോളിലൂടെയാണ് സംഭവങ്ങളുടെ തുടക്കം.10ാംക്ലാസ് കാരിയായ പെണ്‍കുട്ടി രക്ഷിതാക്കള്‍ പരീക്ഷ കഴിഞ്ഞ ഉടന്‍ തന്റെ വിവാഹം നടത്തുമെന്നും രക്ഷിക്കണമെന്നും കരഞ്ഞുകൊണ്ട് പറയുകയായിരുന്നു. തന്റെ കൂട്ടുകാരികളായ പത്താം ക്ലാസിലും പ്ലസ് വണിലും പഠിക്കുന്ന ഒന്‍പത് പേരുടെ വിവാഹം കൂടി ഉറപ്പിച്ചിരിക്കുകയാണെന്നും അറിയിച്ചു.ഞെട്ടിക്കുന്ന വിവരങ്ങള്‍ കേട്ട ചൈല്‍ഡ് ലൈന്‍ പ്രവര്‍ത്തകര്‍ കരുവാരക്കുണ്ടിലെത്തി പെണ്‍കുട്ടികളുടെ രക്ഷിതാക്കളെക്കണ്ട് വിവാഹത്തില്‍ നിന്ന് പിന്മാറണമെന്ന് ആവശ്യപ്പെടുകയായിരുന്നു.

പ്രായപൂര്‍ത്തിയാകും മുന്‍പുളള വിവാഹം നിയമവിധേയമല്ലെന്നറിഞ്ഞിട്ടും രക്ഷിതാക്കള്‍ ഇതിന് നിര്‍ബന്ധിതരാകുകയായിരുന്നെന്നാണ് ചൈല്‍ഡ് ലൈന്‍ പ്രവര്‍ത്തകര്‍ പറയുന്നത്. വിവാഹമാര്‍ക്കറ്റില്‍ 18 വയസ്സ് തികയാത്ത പെണ്‍കുട്ടികള്‍ക്കാണ് ആവശ്യക്കാര്‍ അധികമെന്നും ചൈല്‍ഡ് ലൈന്‍ പ്രവര്‍ത്തകര്‍ വ്യക്തമാക്കി.

DONT MISS
Top