സംസ്ഥാനത്ത് വിലക്കയറ്റം രൂക്ഷമെന്ന് പ്രതിപക്ഷം; വില വര്‍ധനവ് കുറയ്ക്കാന്‍ നടപടി സ്വീകരിച്ചിട്ടുണ്ടെന്ന് ഭക്ഷ്യമന്ത്രി

തിരുവനന്തപുരം: സംസ്ഥാനത്ത് വിലക്കയറ്റം രൂക്ഷമെന്ന് പ്രതിപക്ഷം സഭയില്‍ ഉന്നയിച്ചു. വിഷയം സഭ നിര്‍ത്തിവെച്ച് ചര്‍ച്ചചെയ്യണമെന്നാവശ്യപ്പെട്ട് പ്രതിപക്ഷം നിയമസഭയില്‍ അടിയന്തര പ്രമേയത്തിന് നോട്ടീസ് നല്‍കി. എം ഉമ്മര്‍ എംഎല്‍എയാണ് നോട്ടീസ് നല്‍കിയത്. വിലവര്‍ധന നിയന്ത്രിക്കാന്‍ സര്‍ക്കാര്‍ വേണ്ട നടപടി സ്വീകരിച്ചില്ലെന്നാണ് പ്രതിപക്ഷത്തിന്റെ ആക്ഷേപം.

അതേസമയം, വിപണിയില്‍ അരിവില വര്‍ധിച്ചിട്ടുണ്ടെന്ന് ഭക്ഷ്യമന്ത്രി പി തിലോത്തമന്‍ സമ്മതിച്ചു. ബ്രാന്‍ഡഡ് അരികള്‍ക്കാണ് വിപണിയില്‍ വില വര്‍ധിച്ചിരിക്കുന്നത്. പ്രധാനമായും രണ്ട് കാരണങ്ങള്‍ കൊണ്ടാണ് അരി വില ക്രമാധീതമായി ഉയരുന്നത്. അതില്‍ ഒന്ന് കേന്ദ്രവിഹിതം വെട്ടിക്കുറച്ചതാണ്. രണ്ടാമതായി ദക്ഷിണ മേഖലയില്‍ അനുഭവപ്പെടുന്ന കനത്ത വരള്‍ച്ച. വില വര്‍ധന തടയാല്‍ ബജറ്റില്‍ 150 കോടി രൂപയാണ് സര്‍ക്കാര്‍ മാറ്റിവെച്ചിയിരിക്കുന്നത്. മുന്‍ സര്‍ക്കാര്‍ 70 കോടി രൂപമാത്രമാണ് ഈ ഇനത്തില്‍ നീക്കി വെച്ചതെന്നും മന്ത്രി പറഞ്ഞു. പ്രതിസന്ധി മറികടക്കാന്‍ നടപടി സ്വീകരിച്ചിട്ടുണ്ടെന്നും മന്ത്രി വിശദീകരിച്ചു.എന്നാല്‍ മന്ത്രിയുടെ മറുപടിയില്‍ തൃപ്തരാകാതെ പ്രതിപക്ഷം ബഹളംവെച്ചു.

വില വര്‍ധിച്ച ഓരോ അരിയുടേയും വിവരങ്ങള്‍ പ്രതിപക്ഷം സഭയില്‍ വായിച്ചു കേള്‍പ്പിച്ചു. വരള്‍ച്ചയില്‍ സര്‍ക്കാരിനെ കുറ്റം പറയാന്‍ സാധിക്കില്ല. പക്ഷേ ഫലപ്രദമായി സര്‍ക്കാര്‍ ഇടപെടുന്നില്ലെന്ന് പ്രതിപക്ഷം പറഞ്ഞു. സര്‍ക്കാരിന് ഉഴപ്പന്‍ മട്ടാണെന്നും പ്രതിപക്ഷം ആരോപിച്ചു.

DONT MISS
Top