‘ചെന്നിത്തല കാലില്‍ പാദസരമിട്ട് നടക്കുന്നയാള്‍’; പിണറായിയെ കാണുമ്പോള്‍ പ്രതിപക്ഷനേതാവ് മണവാട്ടിയെപ്പോലെ തലതാഴ്ത്തി നില്‍ക്കുകയാണെന്നും ശോഭാ സുരേന്ദ്രന്‍

പിണറായിയും രമേശ് ചെന്നിത്തലയും (ഫയല്‍)

കോഴിക്കോട്: പ്രതിപക്ഷനേതാവിനെ കടന്നാക്രമിച്ചാണ് ബിജെപി ദേശീയ നിര്‍വാഹകസമിതിയംഗം ശോഭാ സുരേന്ദ്രന്‍ രംഗത്തെത്തിയിരിക്കുന്നത്. ചെന്നിത്തല പുരുഷനാണോ എന്ന സംശയം പോലും ശോഭാ സുരേന്ദ്രന്‍ മുന്നോട്ടുവെച്ചു. മുഖ്യമന്ത്രി പിണറായി വിജയനുനേരെ ശോഭാ ഭീഷണിയാണ് ഉയര്‍ത്തിയതെങ്കില്‍, രമേശ് ചെന്നിത്തലയ്ക്ക് പരിഹാസമായിരുന്നു നല്‍കിയത്.

പ്രതിപക്ഷ നേതാവ് ഒരു പുരുഷനെപ്പോലെ പ്രതികരിച്ചിരുന്നെങ്കില്‍ സിപിഐഎം സംസ്ഥാനത്ത് അക്രമം അവസാനിപ്പിക്കുമായിരുന്നുവെന്നാണ് ശോഭാ സുരേന്ദ്രന്റെ വിമര്‍ശനം. രമേശ് ചെന്നിത്തല കാലില്‍ പാദസരമിട്ട് നടക്കുന്നയാളാണെന്നും ശോഭാ സുരേന്ദ്രന്‍ കളിയാക്കുന്നു. പിണറായി വിജയനെ കാണുമ്പോള്‍ മണവാട്ടിയെപ്പോലെ തലതാഴ്ത്തിനില്‍ക്കുന്ന പ്രതിപക്ഷനേതാവാണ് നമുക്കുള്ളതെന്നും ശോഭ പരിഹസിച്ചു. കോഴിക്കോട് നടത്തിയ വാര്‍ത്താ സമ്മേളനത്തിലാണ് ശോഭാ സുരേന്ദ്രന്‍ കത്തിക്കയറിയത്.

ആര്‍എസ്എസ് തീരുമാനിച്ചാല്‍ മുഖ്യമന്ത്രിക്ക് കേരളത്തില്‍ യാത്ര ചെയ്യുക പ്രയാസമാകുമെന്നായിരുന്നു ശോഭാ സുരേന്ദ്രന്റെ ഭീഷണി. നിയമസഭയ്ക്ക് അകത്തും പുറത്തും പിണറായി വിജയന്‍ കഥ മെനഞ്ഞ് അക്രമത്തിന് നേതൃത്വം കൊടുക്കുകയാണെന്നും അവര്‍ ആരോപിച്ചു. ആര്‍എസ്എസിനെ വെല്ലുവിളിക്കാന്‍ മുഖ്യമന്ത്രി വളര്‍ന്നിട്ടില്ലെന്നും ശോഭാ സുരേന്ദ്രന്‍ മുന്നറിയിപ്പ് നല്‍കി. ബിജെപിയെ തകര്‍ക്കാനാണ് ശ്രമമെങ്കില്‍ ജനാധിപത്യ പരമായി സിപിഎമ്മിന് ശവമഞ്ചമൊരുക്കും. ഭീഷണിപ്പെടുത്തി ഒലത്തിക്കളയാമെന്ന് പിണറായി കരുതേണ്ടെന്നും ശോഭ മുന്നറിയിപ്പ് നല്‍കി. നടിയെ ആക്രമിച്ച സംഭവത്തില്‍ സംസ്ഥാനസര്‍ക്കാര്‍ ഒത്തുകളിക്കുകയാണെന്ന് ആരോപിച്ച ശോഭാ സുരേന്ദ്രന്‍, കേസ് സിബിഐക്ക് വിടണമെന്നും ആവശ്യപ്പെട്ടു.

കേരളത്തിലെ രാഷ്ട്രീയ ആക്രമങ്ങള്‍ക്കെതിരെ പ്രതിപക്ഷം രംഗത്തുവരുന്നില്ലെന്നായിരുന്ന ശോഭാ സുരേന്ദ്രന്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞത്. പിണറായി സര്‍ക്കാരിനെതിരെ ശക്തമായ കടന്നാക്രമണമാണ് ശോഭാ സുരേന്ദ്രന്‍ വാര്‍ത്താസമ്മേളനത്തില്‍ നടത്തിയത്. സിപിഐഎമ്മിന്റെ കൊലപാതക രാഷ്ട്രീയത്തിനെതിരെ ശബ്ദമുയര്‍ത്താന്‍ പ്രതിപക്ഷം തയ്യാറാകുന്നില്ലെന്നാണ് ശോഭ ആരോപിക്കുന്നത്. അതേസമയം കോണ്‍ഗ്രസും ബിജെപിയും ഒറ്റക്കെട്ടാണെന്നാണ് മുഖ്യമന്ത്രി ഇന്നലെ നിയമസഭയില്‍ ആരോപിച്ചത്. കുമ്മനം രാജശേഖരനും വിഎം സുധീരനും ഒരേ ശബ്ദവും ലക്ഷ്യവുമാണെന്നും പിണറായി ആരോപിച്ചിരുന്നു. എതിര്‍ക്കുന്നവരെയെല്ലാം ബിജെപിയാക്കി അപമാനിക്കാനാണ് പിണറായിയുടെ ശ്രമമെന്ന് തിരിച്ചടിച്ച് വിഎം സുധീരനും രംഗത്തെത്തി. ഇതിനിടെയാണ് ചെന്നിത്തലയെ വ്യക്തിപരമായി കടന്നാക്രമിച്ച് ശോഭാ സുരേന്ദ്രന്‍ രംഗത്തെത്തിയിരിക്കുന്നത്.

DONT MISS
Top