പാര്‍ട്ടി പരിപാടിക്കെത്തിയ ഭര്‍തൃമതിയെ തക്കാളി ജ്യൂസില്‍ മയക്കുമരുന്ന് കലര്‍ത്തിക്കുടിപ്പിച്ച ശേഷം ബലാത്സംഗം ചെയ്തു; ബിജെപി ദേശീയ എക്‌സിക്യുട്ടീവ് അംഗം അറസ്റ്റില്‍

വിജയ് ജോളി ബിജെപി പരിപാടിയില്‍

ദില്ലി: പെണ്‍കുട്ടിയെ ബലാത്സംഗം ചെയ്ത കേസില്‍ മുന്‍എംഎല്‍എയായ ബിജെപി നേതാവ് അറസ്റ്റില്‍. ദില്ലിയിലെ ബിജെപി നേതാവായ വിജയ് ജോളിയാണ് അറസ്റ്റിലായത്. തന്നെ മയക്കുമരുന്ന് നല്‍കി ബലാത്സംഗം ചെയ്തുവെന്ന് പെണ്‍കുട്ടി നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിലായിരുന്നു അറസ്റ്റ്. ദില്ലി സാകേത് മണ്ഡലത്തില്‍ നിന്നുള്ള മുന്‍ എംഎല്‍എയായ വിജയ് നിലവില്‍ ബിജെപി ദേശീയ എക്‌സിക്യുട്ടീവ് അംഗമാണ്.

ബലാത്സംഗത്തിനുള്ള ഐപിസി 376, വിഷം നല്‍കി അപകടപ്പെടുത്തിയതിനുള്ള ഐപിസി 328, ക്രിമിനല്‍ ഗൂഢാലോചനയ്ക്കുള്ള 506 , 120ബി ഉള്‍പ്പെടെയുള്ള വകുപ്പുളാണ് ഇദ്ദേഹത്തിനെതിരെ ചുമത്തിയിരിക്കുന്നത്. ദില്ലിക്കാരിയായ പെണ്‍കുട്ടി ഫെബ്രുവരി 21നാണ് പരാതി നല്‍കിയത്. റിസോര്‍ട്ടില്‍വെച്ച് ഫെബ്രുവരി 10ന് പാനീയത്തില്‍ മയക്കുമരുന്ന് കലര്‍ത്തി തന്നെ ബോധരഹിതയാക്കിയ ശേഷം ബലാത്സംഗം ചെയ്യുകയായിരുന്നുവെന്നാണ് യുവതിയുടെ പരാതി. ദേശീയപാതയിലുള്ള റിസോര്‍ട്ടില്‍ പാര്‍ട്ടി പരിപാടിക്ക് പോയതാണെന്നും യുവതി വനിതാ പൊലീസ് സ്റ്റേഷനില്‍ നല്‍കിയ പരാതിയില്‍ പറയുന്നു. പരാതിയില്‍ വിജയ് ജോളിയെ അറസ്റ്റ് ചെയ്തതായി ഇന്ത്യാ ടുഡേ റിപ്പോര്‍ട്ട് ചെയ്യുന്നു.

വിജയ് ജോളി മോദിയോടൊപ്പം

ബിജെപിയില്‍ അംഗമായ തനിക്ക് മൂന്ന് വര്‍ഷമായി ജോളിയെ അറിയാമെന്നും പരാതിയില്‍ യുവതി വ്യക്തമാക്കുന്നു. ബിജെപി പരിപാടിക്ക് ഗുര്‍ഗാവോണിലെ ആപ്പ്‌കോ ഘര്‍ റിസോര്‍ട്ടിലേക്ക് പോവുകയായിരുന്ന തന്നെ, ലിഫ്റ്റ് തരാമെന്ന് പറഞ്ഞാണ് ജോളി വാഹനത്തില്‍ കയറ്റിയത്. മുതിര്‍ന്ന നേതാവായതിനാല്‍ സംശയമൊന്നും തോന്നാതെ താന്‍ വാഹനത്തില്‍ കയറിയെന്നും, ഉച്ചയ്ക്ക് ഒന്നരയോടെ റിസോര്‍ട്ടിലെത്തിയെന്നും യുവതി പരാതിയില്‍ പറയുന്നു. ലോബിയില്‍ ഇരിക്കുകയായിരുന്ന തന്നെ ജോളി മുറിയിലേക്ക് വിളിപ്പിച്ചു. കുടിക്കാന്‍ ടൊമാറ്റോ സൂപ്പ് വരുത്തിത്തന്നുവെന്നും താനത് കുടിച്ചുവെന്നും യുവതിയുടെ പരാതിയില്‍ പറയുന്നു. പക്ഷെ, സൂപ്പ് കുടിച്ച ശേഷം താന്‍ കുഴഞ്ഞുവീണതായും യുവതി പറയുന്നു. രണ്ട് മണിക്കൂറിന് ശേഷം ബോധം തിരികെയെത്തുമ്പോള്‍, താന്‍ നഗ്നയായി റൂമിലെ കട്ടിലില്‍ കിടക്കുകയായിരുന്നു. രഹസ്യഭാഗങ്ങളില്‍ കടുത്ത വേദനയായിരുന്നുവെന്നും ബലാത്സംഗം ചെയ്യപ്പെട്ടതായി തിരിച്ചറിഞ്ഞെന്നും യുവതി പറഞ്ഞു. അവിടെ നിന്ന് വീട്ടിലെത്തിയ തന്നെ പിന്നീട് ജോളി ഭീഷണിപ്പെടുത്തിയതായും യുവതി ആരോപിക്കുന്നു. ദിവസങ്ങള്‍ക്ക് ശേഷം ഭര്‍ത്താവിനോട് കാര്യങ്ങള്‍ തുറന്നുപറഞ്ഞതിനെ തുടര്‍ന്നാണ് പൊലീസില്‍ പരാതിപ്പെട്ടതെന്നും യുവതി പറയുന്നു.

അതേസമയം വിഷയത്തില്‍ യുവതിക്കെതിരെ താനും പരാതി നല്‍കിയിട്ടുണ്ടെന്ന് ജോളി പറഞ്ഞു. സംഭവദിവസം ഭര്‍ത്താവിന്റെ ചികിത്സയ്ക്കായി പണം ആവശ്യപ്പെട്ടാണ് യുവതി എത്തിയതെന്നും, താന്‍ 20000 രൂപ നല്‍കിയെന്നും അദ്ദേഹം പറയുന്നു. റിസോര്‍ട്ടിലെ മുറിയില്‍ തന്നെ ഒറ്റയ്ക്ക് കണ്ട യുവതി, 15 ലക്ഷം രൂപ നല്‍കിയില്ലെങ്കില്‍ ബലാത്സംഗത്തിന് കേസുകൊടുക്കുമെന്ന് ഭീഷണി മുഴക്കിയെന്നുമാണ് അദ്ദേഹത്തിന്റെ അവകാശവാദം. യുവതി ബിജെപി പ്രവര്‍ത്തകയാണെന്നും അദ്ദേഹം സമ്മതിക്കുന്നുണ്ട്. കള്ളക്കേസുണ്ടാക്കി തന്റെ രാഷ്ട്രീയഭാവി തകര്‍ക്കാനുള്ള ശ്രമമാണ് നടക്കുന്നതെന്നും അദ്ദേഹം ആരോപിക്കുന്നു. പൊലീസ് ഇരുവരുടെയും പരാതികള്‍ പരിശോധിച്ചുവരികയാണ്. അതിനിടയിലാണ് ജോളിയെ അറസ്റ്റ് ചെയ്തത്.

56കാരനായ ജോളി, ബിജെപി ദേശീയ എക്‌സിക്യുട്ടീവ് അംഗമാണ്. നിലവില്‍ ബിജെപിയുടെ തൃപുര സംസ്ഥാനഘടകത്തിന്റെ ചുമതലക്കാരനാണ്(പ്രഭാരി) വിജയ് ജോളി. ബിജെപിയുടെ പ്രവാസി സംഘടനയുടെ നിലവിലെ ചുമതലക്കാരനായ ജോളി, ബിജെപി പ്രവാസി സെല്ലിന്റെ മുന്‍ കണ്‍വീനറുമാണ്. 2010ലാണ് ഓവര്‍സീസ് ബിജെപിയുടെ തലവനായി വിജയ് ജോളി തെരഞ്ഞെടുക്കപ്പെട്ടിരുന്നു. തെഹല്‍ക്കാ എഡിറ്റര്‍ തരുണ്‍ തേജ്പാല്‍ ബലാത്സംഗക്കേസില്‍ ആരോപിതനായപ്പോള്‍ വലിയ പ്രക്ഷോഭങ്ങള്‍ക്ക് നേതൃത്വം കൊടുത്തയാളാണ് വിജയ് ജോളി. അദ്ദേഹം തന്നെയാണ് ഇപ്പോള്‍ ബലാത്സംഗക്കേസില്‍ കുടുങ്ങിയിരിക്കുന്നത്.

DONT MISS
Top