ടെക്‌ദൈവങ്ങള്‍ പ്രാര്‍ത്ഥന കേട്ടു, ‘നഷ്ടമായ സ്റ്റാറ്റസ്’ തിരികെയെത്തിക്കാന്‍ വാട്ട്‌സാപ്പ്; പഴയ സ്റ്റാറ്റസ് വീണ്ടുമെത്തുക പുതിയ പേരില്‍

വാട്ട്‌സാപ്പ്

മലയാളീ ട്രോളന്മാര്‍ മാത്രമല്ല, ലോകമാകെയുള്ള ഉപയോക്താക്കളാകെ വാട്ട്‌സപ്പിന്റെ പുതിയ പതിപ്പിനെതിരെ രംഗത്തെത്തിയിരുന്നു. പുതിയ പതിപ്പിലെ ആ പരിഷ്‌കരണം വാട്ട്‌സപ്പിന്റെ സ്റ്റാറ്റസേ ഇല്ലാതാക്കിയെന്നാണ് ഏവരും ഒരൊറ്റ സ്വരത്തില്‍ അഭിപ്രായപ്പെട്ടത്. ഇതോടെ ഈ തീരുമാനം പുനപരിശോധിക്കാനൊരുങ്ങുകയാണ് വാട്ട്‌സപ്പ്. അവരവരുടെ പ്രൊഫൈലുകള്‍ക്ക് ടെക്സ്റ്റ് സ്റ്റാറ്റസ് തന്നെ പുനസ്ഥാപിക്കാനുള്ള തയ്യാറെടുപ്പിലാണ് വാട്ട്‌സപ്പിപ്പോള്‍. പക്ഷെ, ഇനി സ്റ്റാറ്റസെന്ന പേരിലായിരിക്കില്ല ഇതറിയപ്പെടുക, മറിച്ച് ടാഗ്ലൈനെന്ന പേരിലായിരിക്കുമെന്ന് മാത്രം.

കഴിഞ്ഞ വ്യാഴാഴ്ചയാണ് ‘പുതിയ സ്റ്റാറ്റസ്’ രീതി വാട്ട്‌സപ്പിലെത്തിയത്. ആപ്പില്‍ പുതിയൊരു ടാബ് കൂടി ഇതോടെ ചേര്‍ക്കപ്പെട്ടു. ചാറ്റ്ടാബിന് സമാനമായ ഇവിടെ ആളുകള്‍ക്ക് വീഡിയോയും ഫോട്ടോയുമാണ് ചേര്‍ക്കാനാകുന്നത്. ഇതിന് 24 മണിക്കൂര്‍ മാത്രമേ ആയുസുമുണ്ടായിരുന്നുള്ളൂ. അതേസമയം വാട്ട്‌സപ്പിന്റെ പ്രധാന സവിശേഷതയായ പഴയ ടെക്സ്റ്റ് സ്റ്റാറ്റസ് ഇല്ലാതാവുകയും ചെയ്തു.

വാട്ട്‌സപ്പിന്റെതുള്‍പ്പെടെയുള്ള ടെക് രഹസ്യങ്ങള്‍ ചോര്‍ത്തി ലോകത്തെ അറിയിക്കുന്ന ഡബ്ല്യൂഎ ബീറ്റാ ഇന്‍ഫോ എന്ന ട്വിറ്റര്‍ പേജാണ് സ്റ്റാറ്റസ് തിരിച്ചുവരുന്നുവെന്ന വിവരം ഇപ്പോള്‍ പുറത്തുവിട്ടിരിക്കുന്നത്. ഐഒഎസിന്റെ 2.17.6.21 വേര്‍ഷനിലും വിന്‍ഡോസിന്റെ 2.17.82 വേര്‍ഷനിലും ടാഗ് ഓപ്ഷനുണ്ടെന്നും, നിലവിലീ സംവിധാനം ‘ഹിഡണ്‍’ ആക്കി വെച്ചിരിക്കുകയാണെന്നും അവര്‍ പറയുന്നു. ആന്‍ഡ്രോയ്ഡ് വേര്‍ഷനിലും സ്റ്റാറ്റസ് തിരിച്ചുവരുമെന്നാണ് അവര്‍ പങ്കുവെക്കുന്ന വിവരം.

നിലവിലെ മാറ്റം ഉപയോക്താക്കളെ രണ്ട് തട്ടിലാക്കി മാറ്റിക്കഴിഞ്ഞു. ചാറ്റ് ആപ്പിനെ ഫെയ്‌സ്ബുക്ക് പോലെ ഒരു സമൂഹമാധ്യമമാക്കുന്നതിനെതിരെ ആയിരുന്നു ചിലരുടെ വിമര്‍ശനം. ഇത്തരത്തില്‍ ആപ്പിനെ കൂടുതല്‍ സങ്കീര്‍ണമാക്കിയതിനെതിരാണ് ഇവരെല്ലാം. സ്റ്റാറ്റസ് ഇല്ലാതായതും, കോണ്ടാക്ട് ടാബ് അപ്രത്യക്ഷമായതും ഇവരെ ചൊടിപ്പിച്ചിരിക്കുന്നു. ഇവര്‍ക്ക് മുന്നിലേക്കാണ് ടാഗ്ലൈനും സ്റ്റാറ്റസും രണ്ടുമെത്തിക്കുന്നത്.

ഡബ്ല്യൂഎ ബീറ്റാ ഇന്‍ഫോ പുറത്തുവിട്ട പുതിയ വാട്ട്‌സപ്പിന്റെ സ്‌ക്രീന്‍ഷോട്ടുകള്‍

ഡബ്ല്യൂഎ ബീറ്റാ ഇന്‍ഫോ പുറത്തുവിട്ട പുതിയ വാട്ട്‌സപ്പിന്റെ സ്‌ക്രീന്‍ഷോട്ടുകള്‍

വാട്ട്‌സപ്പിന് തുടക്കത്തില്‍ പറ്റിയ ഒരു പിഴവ് തിരുത്താനുള്ള ശ്രമത്തിന്റെ ഭാഗമായിട്ടാണ് ഈ നീക്കമെന്നാണ് വിലയിരുത്തുന്നത്. പഴയ സ്റ്റാറ്റസുകള്‍ നമ്മളെന്തിനാണ് ഉപയോഗിച്ചുകൊണ്ടിരുന്നത്? നമുക്ക് മെസേജയയ്ക്കുന്ന ആളുകളെ ചില കാര്യങ്ങളറിയിക്കാന്‍ അല്ലേ? ‘സുഖമില്ല, വിളിക്കരുത്’ എന്ന് നമ്മളെഴുതിയാല്‍ അത് അന്ന് ഒരുദിവസത്തെ കാര്യമാണ്. അടുത്ത സ്റ്റാറ്റസ് മാറ്റുംവരെ അതവിടെ കിടക്കുമായിരുന്നു മുന്‍പ്. പുതിയ സ്റ്റാറ്റസുകള്ഡ 24 മണിക്കൂര്‍ മാത്രമേ നില്‍ക്കുകയുള്ളൂ. കൂടുതല്‍ സമയം നില്‍ക്കേണ്ട കാര്യങ്ങള്‍ ടാഗ്ലൈനായി നല്‍കുകയും ചെയ്യാം. ചുരുക്കത്തില്‍ സ്റ്റാറ്റസെന്ന ഫീച്ചറിനെ പുതുക്കിപ്പണിയാനുള്ള നീക്കമാണ് വാട്ട്‌സപ്പ് നടത്തിയതെന്നാണ് ഡബ്ല്യൂഎ ബീറ്റാ ഇന്‍ഫോ പറയുന്നത്. എന്തായാലും വാട്ട്‌സപ്പ് സ്റ്റാറ്റസുകള്‍ തിരിച്ചുവരികയാണെന്നതാണ് ടെക് ലോകത്തെ ഏറ്റവും പുതിയ വാര്‍ത്ത.

DONT MISS
Top