പൊതുമേഖലാ ബാങ്ക് ജീവനക്കാര്‍ നാളെ പണിമുടക്കും; ബാങ്കിംഗ് പ്രവര്‍ത്തനങ്ങളെ ബാധിച്ചേക്കും

ഫയല്‍ ചിത്രം

ദില്ലി : രാജ്യത്തെ പൊതുമേഖലാ ബാങ്ക് ജീവനക്കാരുടെ വിവിധ സംഘടനകള്‍ നാളെ പണിമുടക്കും. യുണൈറ്റഡ് ഫോറം ഓഫ് ബാങ്ക് യൂണിയന്‍സിന്റെ നേതൃത്വത്തിലാണ് പണിമുടക്ക്. ബാങ്ക് ജീവനക്കാരുടെ ഒന്‍പതു സംഘടനകള്‍ അടങ്ങിയതാണ് യൂണൈറ്റഡ് ഫോറം. ബാങ്കിങ് മേഖലയിലെ സ്ഥിരം ജോലികള്‍ കരാര്‍ അടിസ്ഥാനത്തില്‍ നല്‍കുന്നത് ഉള്‍പ്പെടെയുള്ള തൊഴില്‍ നിയമ പരിഷ്‌കരണങ്ങള്‍ക്ക് എതിരെയാണ് പണിമുടക്ക്.

പണിമുടക്ക് ബാങ്കിംഗ് മേഖലയുടെ പ്രവര്‍ത്തനങ്ങളെ ബാധിച്ചേക്കും. സേവനങ്ങളെ ബാധിക്കാനിടയുണ്ടെന്ന് എസ്ബിഐ, പഞ്ചാബ് നാഷനല്‍ ബാങ്ക്, ബാങ്ക് ഒഫ് ബറോഡ തുടങ്ങിയ ബാങ്കുകള്‍ ഇടപാടുകാരെ അറിയിച്ചിട്ടുണ്ട്.

ബിഎംഎസിന്റെ നേതൃത്വത്തിലുള്ള നാഷണല്‍ ഓര്‍ഗനൈസേഷന്‍ ഓഫ് ബാങ്ക് വര്‍ക്കേഴ്‌സ്, നാഷണല്‍ ഓര്‍ഗനൈസേഷന്‍ ഓഫ് ബാങ്ക് ഓഫീസേഴ്‌സ് എന്നിവ പണിമുടക്കില്‍ പങ്കെടുക്കുന്നില്ല. അതേസമയം ഐസിഐസിഐ, എച്ച്ഡിഎഫ്‌സി, ആക്‌സിസ്, കൊട്ടക് മഹീന്ദ്ര തുടങ്ങിയ സ്വകാര്യ മേഖലാ ബാങ്കുകളില്‍ പണിമുടക്ക് ഉണ്ടാവില്ല.

നോട്ട് അസാധുവാക്കലിനെത്തുടര്‍ന്ന് ബാങ്ക് ജീവനക്കാര്‍ അധികസമയം ജോലിചെയ്തതിന് നഷ്ടപരിഹാരം നല്‍കുക, കിട്ടാക്കടങ്ങള്‍ തിരിച്ചുപിടിക്കുക, വായ്പകള്‍ തിരിച്ചടയ്ക്കുന്നതില്‍ മനപ്പൂര്‍വം വീഴ്ച വരുത്തുന്നവര്‍ക്കെതെിരെ നടപടി സ്വീകരിക്കുക തുടങ്ങിയ ആവശ്യങ്ങളും യൂണിയനുകള്‍ ഉന്നയിക്കുന്നു.

DONT MISS
Top