ഇംഗ്ലീഷ് ലീഗ് കപ്പ് കിരീടം മാഞ്ചസ്റ്റര്‍ യുണൈറ്റഡിന്; ഫൈനലില്‍ സതാംപ്ടണെ പരാജയപ്പെടുത്തി

മാഞ്ചസ്റ്റര്‍ യുണൈറ്റഡ് കിരീടവുമായി

ലണ്ടന്‍ : ഇംഗ്ലീഷ് ലീഗ് കപ്പ് കിരീടം മാഞ്ചസ്റ്റര്‍ യുണൈറ്റഡിന്. വെബ്ലി സ്റ്റേഡിയത്തില്‍ നടന്ന കലാശപ്പോരാട്ടത്തില്‍ സതാംപ്ടണെ രണ്ടിനെതിരെ മൂന്നുഗോളുകള്‍ക്ക് കീഴടക്കിയാണ് ചുവന്ന ചെകുത്താന്മാര്‍ കിരീടം സ്വന്തമാക്കിയത്. മാഞ്ചസ്റ്റര്‍ യുണൈറ്റഡിന്റെ ഈ സീസണിലെ രണ്ടാം കിരീടനേട്ടമാണിത്.

സ്ലാട്ടന്‍ ഇബ്രാഹാമോവിച്ചിന്റെ ഇരട്ടഗോളുകളാണ് മാഞ്ചസ്റ്റര്‍ യുണൈറ്റഡിന്റെ വിജയക്കുതിപ്പിന് ഊര്‍ജ്ജമായത്. മല്‍സരത്തിന്റെ 19 ആം മിനുട്ടില്‍ ഇബ്രാഹാമോവിച്ചിലൂടെ മാഞ്ചസ്റ്റര്‍ മുന്നിലെത്തി. 38 ആം മിനുട്ടില്‍ ജെസി ലിന്‍ഗാര്‍ഡ് ലീഡ് രണ്ടായി ഉയര്‍ത്തി.

എന്നാല്‍ മണോലോ ഗബ്ബിയാഡിനിയിലൂടെ സതാംപ്ടണ്‍ സമനില പിടിച്ചെടുത്തു. മല്‍സരത്തിന്റെ 45, 48 മിനുട്ടുകളിലായിരുന്നു ഗബ്ബിയാഡിനിയുടെ തകര്‍പ്പന്‍ ഗോളുകള്‍. സമനില നേടിയതോടെ മല്‍സരം വീണ്ടും ആവേശത്തിലായി.

ഇരുപക്ഷവും ആക്രമണ പ്രത്യാക്രമണങ്ങളിലൂടെ മുന്നേറുന്നതിനിടെ, 87 ആം മിനുട്ടില്‍ സമനിലക്കുരുക്ക് പൊട്ടിച്ച് ഇബ്രാഹാമോവിച്ച് തന്റെ രണ്ടാമത്തേയും ടീമിന്റെ വിജയഗോളും കണ്ടെത്തി.

ഹൊസെ മൗറീഞ്ഞോ കിരീടവുമായി

കിരീടനേട്ടം മാഞ്ചസ്റ്റര്‍ യുണൈറ്റഡ് പരിശീലകനും മാനേജറുമായ ഹൊസെ മൗറീഞ്ഞോയ്ക്ക് മറ്റൊരു പൊന്‍തൂവല്‍ കൂടിയാണ്. ചെല്‍സിയ്‌ക്കൊപ്പം മൗറീഞ്ഞോ മൂന്നു ലീഗ് കപ്പ് കിരീടങ്ങള്‍ നേടിയിട്ടുണ്ട്. ഇപ്പോള്‍ മാഞ്ചസ്റ്ററിലൂടെ മൗറീഞ്ഞോ കിരീടനേട്ടം നാലായി ഉയര്‍ത്തിയിരിക്കുകയാണ്.

DONT MISS
Top