അടിമുടി മാറി വാട്ട്‌സ്ആപ്പ്; വാട്ട്‌സ്ആപ്പിന്റെ പുതിയ ‘സ്റ്റാറ്റസ് അപ്‌ഡേറ്റി’നെ പറ്റി അറിയേണ്ടതെല്ലാം

പ്രതീകാത്മക ചിത്രം

ഴിഞ്ഞദിവസമാണ് വാട്ട്‌സ്ആപ്പ് പുതിയ അപ്‌ഡേറ്റ് പുറത്തിറക്കിയത്. പുതിയ അപ്‌ഡേറ്റ് കണ്ടവരെല്ലാം ഞെട്ടിയിരിക്കുകയാണ്. വാട്ട്‌സ്ആപ്പ് അടിമുടി മാറിയിരിക്കുന്നു. ലോകത്തെ ഏറ്റവും വലിയ ചാറ്റിംഗ് ആപ്ലിക്കേഷനായ വാട്ട്‌സ്ആപ്പിന്റെ പുതിയ രൂപമാറ്റം പക്ഷേ പല ഉപഭോക്താക്കള്‍ക്കും ദഹിച്ചിട്ടില്ല എന്നാണ് സോഷ്യല്‍ മീഡിയ പ്രതികരണങ്ങളില്‍ നിന്ന് മനസിലാകുന്നത്.

ചാറ്റിംഗും ഫയല്‍ഷെയറിംഗും മാത്രമായിരുന്നു ഇത്രയും കാലം വാട്ട്‌സ്ആപ്പില്‍ ഉണ്ടായിരുന്നത്. എന്നാല്‍ പുതിയ അപ്‌ഡേറ്റോടു കൂടെ ഒരു സോഷ്യല്‍ മീഡിയ ആപ്ലിക്കേഷന്‍ എന്ന നിലയിലേക്ക് മാറാനാണ് വാട്ട്‌സ്ആപ്പ് തയ്യാറെടുക്കുന്നത് എന്ന് വ്യക്തമാണ്.

വാട്ട്‌സ്ആപ്പ് സ്റ്റാറ്റസ് ആണ് പുതിയ അപ്‌ഡേറ്റിലെ ശ്രദ്ധേയമായ മാറ്റം. സ്‌നാപ്പ് ചാറ്റ്, ഇന്‍സ്റ്റഗ്രാം എന്നീ സോഷ്യല്‍ മീഡിയ ആപ്ലിക്കേഷനുകളുടെ തനി പകര്‍പ്പാണ് വാട്ട്‌സ്ആപ്പ് സ്റ്റാറ്റസ് എന്നാണ് ഉപഭോക്താക്കളില്‍ നിന്ന് ഉയരുന്ന വിമര്‍ശനം.

വാട്ട്‌സ്ആപ്പ് സ്റ്റാറ്റസ്

ഇത്രയും കാലം വാട്ട്‌സ്ആപ്പില്‍ സ്റ്റാറ്റസായി ടെക്സ്റ്റ് നല്‍കാന്‍ കഴിയുമായിരുന്നു. എന്നാല്‍ പുതിയ അപ്‌ഡേറ്റോടു കൂടെ അത് ചരിത്രമായി. ഇനിമുതല്‍ ഉപഭോക്താക്കള്‍ക്ക് തങ്ങളുടെ സ്റ്റാറ്റസായി ചിത്രമോ അല്ലെങ്കില്‍ വീഡിയോയോ മാത്രമേ നല്‍കാന്‍ കഴിയൂ. ഇതാണ് വാട്ട്‌സ്ആപ്പ് സ്റ്റാറ്റസ് എന്ന പുതിയ ഫീച്ചര്‍.

പഴയതുപോലെ മെനുവിലല്ല, പ്രധാന സ്‌ക്രീനിലാണ് സ്റ്റാറ്റസ് സ്ഥാനം പിടിച്ചിരിക്കുന്നത്. മുന്‍പുണ്ടായിരുന്ന കോണ്ടാക്റ്റ്‌സ് ടാബ് ഒഴിവാക്കി അവിടെയാണ് സ്റ്റാറ്റസിന് സ്ഥാനം നല്‍കിയിരിക്കുന്നത്.

സ്വകാര്യത

ഉപഭോക്താക്കള്‍ സ്റ്റാറ്റസായി ചിത്രമോ വീഡിയോയോ ഇട്ടാല്‍ അത് ഉടന്‍ തന്നെ ഫോണിലെ മുഴുവന്‍ കോണ്ടാക്റ്റുകളിലേക്കും നോട്ടിഫിക്കേഷനായി പോകും. എന്നാല്‍ ആരൊക്കെ സ്റ്റാറ്റസ് കാണണം എന്ന് ഉപഭോക്താവിന് തീരുമാനിക്കാനുള്ള സൗകര്യവുമുണ്ട്. എന്‍ഡ്-ടു-എന്‍ഡ് എന്‍ക്രിപ്ഷന്‍ സ്റ്റാറ്റസിനും ലഭ്യമായതിനാല്‍ കൂടുതല്‍ സുരക്ഷ ഉറപ്പു തരുന്നു എന്നാണ് വാട്ട്‌സ്ആപ്പ് അവകാശപ്പെടുന്നത്.

എങ്ങനെ സ്റ്റാറ്റസ് ഉപയോഗിക്കാം?

വാട്ട്‌സ്ആപ്പ് തുറന്ന ശേഷം പ്രധാനസ്‌ക്രീനില്‍ കാണുന്ന സ്റ്റാറ്റസ് എന്ന ടാബ് തുറന്നാല്‍ മറ്റുള്ളവരുടെ സ്റ്റാറ്റസുകള്‍ കാണാന്‍ കഴിയും. പുതിയ സ്റ്റാറ്റസ് ഇടാനായി മുകളില്‍ കാണുന്ന മൈ സ്റ്റാറ്റസ് എന്ന ഓപ്ഷനാണ് എടുക്കേണ്ടത്. സ്റ്റാറ്റസ് ചേര്‍ത്ത് 24 മണിക്കൂര്‍ കഴിഞ്ഞാല്‍ ഇത് സ്വയം നീക്കം ചെയ്യപ്പെടും. ഉപഭോക്താവിന് സ്വയം നീക്കം ചെയ്യാനുള്ള സൗകര്യവുമുണ്ട്. മറ്റുള്ളവരുടെ സ്റ്റാറ്റസിന് റിപ്ലേ ഓപ്ഷന്‍ ഉപയോഗിച്ച് കമന്റ് ചെയ്യാനുള്ള സൗകര്യവുമുണ്ട്.

സ്വകാര്യത സംരക്ഷിക്കാം

സ്വകാര്യത സംരക്ഷിക്കുന്നതിനുള്ള സൗകര്യം വാട്ട്‌സ്ആപ്പ്തന്നെ നല്‍കുന്നുണ്ടെങ്കിലും ഇത് വേണ്ട വിധം ഉപയോഗിച്ചില്ലെങ്കില്‍ സ്വകാര്യത സുരക്ഷിതമാവില്ല. സ്വകാര്യതാ സംരക്ഷണത്തിനായി മൂന്ന് ഓപ്ഷനുകളാണ് ഒരുക്കിയിരിക്കുന്നത്.

  • കോണ്ടാക്റ്റുകള്‍ക്ക് മാത്രം (My Contacts)

ഇതാണ് നിങ്ങള്‍ തെരഞ്ഞെടുക്കുന്ന സ്വകാര്യതാ ഓപ്ഷന്‍ എങ്കില്‍ നിങ്ങളുടെ സ്റ്റാറ്റസ് ഫോണില്‍ സൂക്ഷിച്ചിട്ടുള്ള എല്ലാ കോണ്ടാക്റ്റുകള്‍ക്കും കാണാന്‍ കഴിയും.

  • ചിലരെ ഒഴിവാക്കാം (My Contacts Except)

ചിലരെ മാത്രം ഒഴിവാക്കി ബാക്കിയെല്ലാ കോണ്ടാക്റ്റുകള്‍ക്കും സ്റ്റാറ്റസ് കാണുന്ന തരത്തില്‍ ക്രമീകരിക്കാനായി ഈ ഓപ്ഷന്‍ തെരഞ്ഞെടുക്കാം.

  • വേണ്ടപ്പെട്ടവരെ മാത്രം കാണിക്കാം (Only Share with)

ഒരു പ്രത്യേക വ്യക്തിയെ അല്ലെങ്കില്‍ ഒന്നില്‍ കൂടുതല്‍ വ്യക്തികളെ മാത്രമാണ് സ്റ്റാറ്റസ് കാണിക്കേണ്ടത് എങ്കില്‍ തെരഞ്ഞെടുക്കാനുള്ളതാണ് ഈ ഓപ്ഷന്‍.

DONT MISS
Top