വീരേതിഹാസമാകാന്‍ ‘വീരം’ തിയേറ്ററുകളിലേക്ക്; മാക്ബെത്ത് ആധാരമാക്കി ഒരുക്കിയ ചിത്രത്തെ കുറിച്ച് ജയരാജും കുനാല്‍ കപൂറും

സംവിധായകന്‍ ജയരാജും കുനാല്‍ കപൂറും

മലയാള സിനിമാ ചരിത്രത്തിലെ ഏറ്റവും ചെലവേറിയ ചിത്രം എന്ന വീരത്തോടെയാണ് ജയരാജ് സംവിധാനം ചെയ്ത ‘വീരം’ നാളെ തിയേറ്ററുകളിലെത്തുന്നത്. വടക്കന്‍ പാട്ടിലെ ചന്തു ചതിയനല്ല എന്ന് പറയുന്നതായിരുന്നു എംടിയുടെ തിരക്കഥയിലെത്തിയ ‘ഒരു വടക്കന്‍ വീരഗാഥ’യെങ്കില്‍, ഈ ചന്തു ചതിക്കും എന്ന് പറഞ്ഞുകൊണ്ടാണ് വീരം പ്രേക്ഷകരിലേക്ക് എത്തുന്നത്. ഷേക്സ്പിയറിന്റെ മാക്ബെത്തിനെ ആസ്പാദമാക്കിയാണ് ജയരാജ് ‘വീരം’ ഒരുക്കിയിരിക്കുന്നത്.

എല്ലാവര്‍ക്കും അറിയാവുന്ന ചന്തുവിന്റെ കഥ മാക്ബെത്തിന്റെ പശ്ചാത്തലത്തില്‍ പുനരാവിഷ്കാരിച്ച ‘വീരം’ മലയാളത്തിന് പുറമെ ഹിന്ദിയിലും ഇംഗ്ലീഷിലും ഇറങ്ങുന്നുണ്ട്. ഓസ്കാറിന്റെ പടിവാതിലില്‍ എത്തിയ വീരം പ്രേക്ഷകരെ നിരാശപ്പെടുത്തില്ല എന്ന കാര്യം ഉറപ്പാണ്. ഹൃത്വിക്ക് റോഷന്‍ പുറത്തിറക്കിയ ചിത്രത്തിന്റെ ട്രെയിലര്‍ ആമിര്‍ ഖാന്‍ ഉള്‍പ്പെടെയുള്ള പ്രമുഖരുടെ പ്രശംസ പിടിച്ചുപറ്റിയതാണ്.

ജയരാജിന്റെ നവരസചിത്രങ്ങളില്‍ അഞ്ചാമത്തെ ചിത്രമാണ് വീരം. ജയരാജിന്റെ ഈ സ്വപ്ന ചിത്രത്തിന്റെ ഗ്രാഫിക്സിന് മാത്രമായി ചെലവായത് 20 കോടിയിലേറെ രൂപയാണ്. ചന്ദ്രകല ആര്‍ട്സ് ആണ് ചിത്രം നിര്‍മ്മിക്കുന്നത്. വീരം നാളെ മലയാളി പ്രേക്ഷകരിലേക്ക് എത്താനിരിക്കെ സംവിധായകന്‍ ജയരാജ് റിപ്പോര്‍ട്ടര്‍ ലൈവിനോട് സംസാരിക്കുന്നു.

വീരം

അഞ്ച് വര്‍ഷത്തെ പ്രയത്നത്തിന്റെ ഫലമാണ് വീരം. ലോക ചരിത്രത്തിലെ ആദ്യ ആയോധനകലയാണ് കളരി ഉള്‍പ്പെട്ടിട്ടുള്ള ചിത്രങ്ങള്‍ കുറവാണ്. വടക്കന്‍ പാട്ടിലെ ചന്തു ചതിയനാണ് എന്ന് തന്നെയാണ് ചരിത്രത്തില്‍ നിന്ന് മനസിലാക്കാന്‍ കഴിയുക. എന്നാല്‍ വടക്കന്‍ വീരഗാഥയിലൂടെ ചന്തുവിന്റെ കഥയെ മറ്റൊരു രൂപത്തില്‍ മനോഹരമായി ആവിഷ്കരിച്ചു. വീരത്തില്‍ പറയുന്നത് ചന്തുവിന്‍റെ ചതിയുടെ കഥയാണ്. ചന്തുവിന്‍റെ കഥയെ മാക്ബെത്ത് പശ്ചാത്തലമായി ഒരുക്കാനും കാരണമുണ്ട്.

എന്തുകൊണ്ട് മാക്ബെത്ത്

വടക്കന്‍ പാട്ടിലെ ചന്തുവിനും ഷേക്സ്പിയറിന്‍റെ മാക്ബെത്തിനും സമാനതകളേറെയാണ്. ഇരുകഥകളിലേയും നായകന്‍മാര്‍ തങ്ങളെ കണ്ണടച്ച് വിശ്വസിച്ചവരെ ചതിക്കുന്നു. മറ്റ് കഥാപാത്രങ്ങളിലും സമാനതകളുണ്ട്. ലേഡി മാക്ബെത്ത് പോലെ കുട്ടിമാണിയും, ഡംഗന്‍ രാജാവിനെ പോലെ ആരോമലുമെല്ലാം വടക്കന്‍ പാട്ടില്‍ ഉണ്ട്. രണ്ട് കഥകളും ചതിയുടേതാണ്. സ്ത്രീകളുടെ പ്രേരണയാണ് രണ്ട് കഥകളിലേയും ചതിയ്ക്ക് ആധാരം. രണ്ട് കഥകളിലും സ്ഥാനമാനങ്ങള്‍ക്ക് വേണ്ടിയാണ് ചതി നടന്നത്. ഷേക്സ്പീരിയന്‍ സംഭാഷണങ്ങളെ വടക്കന്‍ പാട്ടിന്‍റെ പശ്ചാത്തലത്തിലേക്ക് മാറ്റി വെയ്ക്കുക മാത്രമാണ് ‘വീര’ത്തില്‍ ചെയ്തത്.

നിര്‍മ്മാണഘട്ടത്തിലേക്ക്

ചിത്രത്തിന്‍റെ കടലാസുപണികള്‍ പൂര്‍ത്തീകരിക്കുന്നതിന് ഒരുപാട് സമയമെടുത്തു. അതുകഴിഞ്ഞാണ് നിര്‍മ്മാതാക്കളെ കണ്ടെത്തിയത്. നിര്‍മ്മാതാക്കള്‍ മികച്ച പിന്തുണയാണ് ചിത്രത്തിന് നല്‍കിയത്. പിന്നീട് അമേരിക്കയില്‍ നിന്നുള്ള സാങ്കേതിക വിദഗ്ധരെ സമീപിച്ച് ചിത്രത്തിന്‍റെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങളിലേക്ക് കടന്നു. 35 കോടിയോളം രൂപയാണ് ചിത്രത്തിന്‍റെ ബജറ്റ്.

ചിത്രീകരണം

‘വീരം’ ചിത്രീകരിക്കുന്നതിന് 41 ദിവസം മാത്രമാണെടുത്തത്. ബാക്കി സമയം മുഴുവന്‍ ചിത്രത്തിന്‍റെ മറ്റ് ജോലികള്‍ക്ക് വേണ്ടിയായിരുന്നു. ഔറംഗാബാദ്, അജന്ത എല്ലോറ തുടങ്ങിയ സ്ഥലങ്ങളിലാണ് ചിത്രീകരണം നടത്തിയത്. വടക്കന്‍ പാട്ട് കഥകള്‍ക്ക് ആവശ്യമായതെല്ലാം കേരളത്തിലേത് പോലെ തന്നെ ഇവിടങ്ങളില്‍ ഉണ്ട്.

എന്തുകൊണ്ട് മലയാളത്തില്‍ നിന്നുള്ള നായകന്‍ ഇല്ല?

‘വീര’ത്തിലെ നായകനായി എത്തുന്നയാള്‍ വളരെ നന്നായി കളരി പഠിക്കേണ്ടതായുണ്ട്. ഇതിന് നീണ്ട സമയമെടുക്കും. നിര്‍ഭാഗ്യവശാല്‍ മലയാളത്തിലെ താരങ്ങള്‍ക്ക് ഇത്രയും കാലത്തേക്ക് ഒരു ചിത്രത്തിന് വേണ്ടി മാത്രമായി മാറിനില്‍ക്കാന്‍ കഴിയില്ല. അതുകൊണ്ടാണ് പുറത്തു നിന്നുള്ള ഒരാള്‍ നായകനായത്. വളരെ നന്നായി തന്നെ കുനാല്‍ ചന്തുവിനെ അവതരിപ്പിച്ചു. വീരം അതിന്‍റെ പൂര്‍ണ്ണതയിലെത്താനായി കുനാല്‍ വളരെയധികം ശ്രമിച്ചിട്ടുണ്ട്.

കുനാല്‍ കപൂര്‍

കാസ്റ്റിംഗ് ഡയറക്ടര്‍ മീര വഴിയാണ് കുനാലിലേക്ക് എത്തുന്നത്. ചന്തുവിന് യോജിച്ച ശരീരഭാഷയാണ് കുനാലിന്‍റേതെന്ന് ആദ്യകാഴ്ചയില്‍ തന്നെ തോന്നി. കളരി അഭ്യസിക്കണമെന്ന് പറഞ്ഞപ്പോള്‍ കുനാല്‍ സന്തോഷത്തോടെ തയ്യാറായി. ആറ് മാസത്തിലേറെ നീണ്ട് നില്‍ക്കുന്ന പരിശീലനമായിരുന്നു കുനാലിന്‍റേത്. സിവിഎന്‍ കളരിയിലെ (കൊല്ലം) ശിവകുമാര്‍ ഗുരുക്കളാണ് അദ്ദേഹത്തെ കളരി അഭ്യസിപ്പിച്ചത്.

ബിഗ്ബജറ്റും ആശങ്കകളും

വന്‍ ബജറ്റിലാണ് വീരം ഒരുക്കിയത്. അതുകൊണ്ട് തന്നെ സാമ്പത്തിക വിജയം നേടുക എന്നതും വെല്ലുവിളിയാണ്. എന്നാല്‍ ഇക്കാര്യത്തില്‍ ആശങ്കകളില്ല. മലയാളത്തില്‍ മാത്രമല്ല ചിത്രം പുറത്തു വരുന്നത്. ഇംഗ്ലീഷ് എന്ന വലിയ ക്യാന്‍വാസിലും , ഒട്ടും ചെറുതല്ലാത്ത ഹിന്ദിയിലും വീരം എത്തുന്നുണ്ട്. അതിനാല്‍ തന്നെ സാമ്പത്തികമായും ചിത്രത്തിന് നേട്ടം ഉണ്ടാകും. എന്നാല്‍, സാമ്പത്തികമായ വിജയത്തേക്കാള്‍ പ്രേക്ഷകഹൃദയങ്ങളില്‍ സ്ഥാനം പിടിക്കുന്ന ചിത്രമാകും എന്നതാണ് വീരത്തിന്‍റെ യഥാര്‍ത്ഥ വിജയം.

നവരസങ്ങളിലെ അടുത്ത രസം?

സാങ്കേതികമികവിന്‍റെ കാര്യത്തില്‍ വീരം തന്നെയാണ് എന്നെ തൃപ്തിപ്പെടുത്തുന്ന ചിത്രം. ഈ ചിത്രം ചെയ്യുമ്പോള്‍ മറ്റൊന്നും മനസില്‍ ഉണ്ടായിരുന്നില്ല. ഇപ്പോഴും അടുത്ത ചിത്രത്തെ കുറിച്ചുള്ള ആലോചന തുടങ്ങിയിട്ടില്ല. എന്നാല്‍ നവരസ പരമ്പരയിലെ അടുത്ത ചിത്രത്തിന്‍റെ പ്രാരംഭജോലികള്‍ ഉടന്‍ തന്നെ ആരംഭിക്കും.

വീരത്തിലെ ചന്തുവായെത്തുന്ന ബോളിവുഡ് താരം കുനാല്‍ കപൂര്‍ റിപ്പോര്‍ട്ടര്‍ ലൈവിനോട്

കഷ്ടപ്പാട് ഏറെ, എന്നാല്‍ ഒരുപാട് ആസ്വദിച്ചു

വീരത്തിലെ ചന്തുവാകുക എന്നത് എളുപ്പമുള്ള ഒന്നായിരുന്നില്ല. കളരി അഭ്യസിക്കാന്‍ ഒരുപാട് കഷ്ടപ്പെട്ടു. എന്നാല്‍ വീരം യാഥാര്‍ത്ഥ്യമാക്കാനായി എന്ത് കഷ്ടപ്പാടിനും തയ്യാറായിരുന്നു. എല്ലാം ഒരുപാട് ആസ്വദിച്ചു. മികച്ച ആയോധനകലയാണ് കളരി. എന്നാല്‍ ഇത് പ്രമേയമായുള്ള ചിത്രങ്ങള്‍ വേണ്ടത്രയുണ്ടായിട്ടില്ല എന്നത് സങ്കടകരമാണ്.

പരിശീലനം

ചന്തുവായി മാറാന്‍ 10 കിലോയിലേറെ ഭാരം കുറച്ചു.കളരി പരിശീലനം ആറ് മാസത്തിലേറെ നീണ്ടു. ശിവകുമാര്‍ ഗുരുക്കളായിരുന്നു മുഖ്യ പരിശീലകന്‍. എല്ലാ ദിവസവും രാവിലെയും വൈകുന്നേരവും പരിശീലനം ഉണ്ടായിരുന്നു. ആദ്യമുണ്ടായിരുന്ന ബുദ്ധിമുട്ട് പിന്നീട് തോന്നിയിട്ടില്ല.

സുന്ദരം, പക്ഷേ കഠിനം

സുന്ദരമായ ഭാഷയാണെങ്കിലും മലയാളം കൈകാര്യം ചെയ്യുക എളുപ്പമല്ല. മലയാളം സംസാരിക്കുക എനിക്ക് എളുപ്പമുള്ള കാര്യമായിരുന്നില്ല. കഠിനമായിരുന്ന കളരി ഞാന്‍ പഠിച്ചു; എന്നാല്‍ മലയാള ഭാഷയെ മെരുക്കാന്‍ എനിക്ക് കഴിഞ്ഞില്ല.

സംവിധായകന്‍ ജയരാജ്

മികച്ച സംവിധായകനാണ് ജയരാജ്. എന്തായിരിക്കും തന്‍റെ ചിത്രം എന്നതിനെ കുറിച്ച് വ്യക്തമായ ധാരണയുള്ളയാളാണ് അദ്ദേഹം. സര്‍ഗാത്മകതയുള്ള സംവിധായകന്‍. ചിത്രത്തെ കുറിച്ച് സംസാരിക്കാന്‍ ആദ്യമായി തന്‍റെയടുത്തെത്തിയ അദ്ദേഹത്തിന്‍റെ കയ്യില്‍ ഒരു കെട്ട് പുസ്തകങ്ങള്‍ ഉണ്ടായിരുന്നു. അതില്‍ നിറയെ ‘വീര’ത്തിന്‍റെ സ്കെച്ചുകളായിരുന്നു. സിനിമ ജനിക്കുന്നതിന് മുന്‍പ്അത്  മുഴുവന്‍  സ്കെച്ചുകളായി മുന്നില്‍ കണ്ടപ്പോള്‍ ഞാന്‍ ശരിക്കും അത്ഭുതപ്പെട്ടു.

ഇനി മലയാളത്തിലേക്ക്?

ഉടന്‍ തന്നെ രണ്ടാമതൊരു മലയാള ചിത്രം ഇല്ല. രഗ്ദേശ് എന്ന ഹിന്ദി ചിത്രമാണ് ഇപ്പോള്‍ ചെയ്തുകൊണ്ടിരിക്കുന്നത്. മലയാളത്തില്‍ മറ്റൊരു ചിത്രം ഉടനെയില്ലെങ്കിലും എല്ലാവരും വീരം കണ്ട് ആസ്വദിക്കണം. അത് മികച്ച ഒരു ചലച്ചിത്രാനുഭവമായിരിക്കും.

വീരം ട്രെയിലര്‍ കാണാം:

DONT MISS
Top