മഞ്ജു വാര്യരുടെ വേറിട്ട വേഷത്തില്‍ കെയര്‍ ഓഫ് സൈറാബാനു ടീസര്‍ ശ്രദ്ധേയമാകുന്നു

മഞ്ജു വാര്യര്‍ നായികയായി അഭിനയിക്കുന്ന കെയര്‍ ഓഫ് സൈറബാനു എന്ന ചിത്രത്തിന്റെ ടീസര്‍ പുറത്തുവന്നു. മഞ്ജുവിന്റെ വേറിട്ട വേഷമാണ് ടീസറിന്റെ പ്രധാനാകര്‍ഷണം. നായികാ പ്രാധാന്യമുള്ള ചിത്രം അധികം വൈകാതെ തിയേറ്ററുകളിലെത്തും.

ടീസറില്‍ മഞ്ജുവും ഷെയ്ന്‍ നിഗമും കൂടി അവതരിപ്പിക്കുന്ന ഡബ്‌സ്മാഷ് തികച്ചും രസകരമാണ്. കുതിരവട്ടം പപ്പുവിന്റെ ഡയലോഗാണ് ഇവര്‍ ഇതിനായി ഉപയോഗിച്ചിരിക്കുന്നത്.

കിസ്മത്തിനുശേഷം ഷെയ്ന്‍ നിഗം ശ്രദ്ധേയമായ വേഷം ചിത്രത്തില്‍ കൈകാര്യം ചെയ്യുന്നുണ്ട്. ഷെയ്ന്‍ നിഗമിന്റെ അമ്മവേഷമാണ് മഞ്ജു ചെയ്യുന്നത് എന്നാണ് സൂചന. ചിത്രത്തില്‍ പോസ്റ്റ് വുമണിന്റെ വേഷത്തിലാണ് മഞ്ജു. എന്റെ സൂര്യപുത്രിക്ക്, ഉള്ളടക്കം എന്നീ മലയാള ചിത്രങ്ങളില്‍ മാത്രമഭിനയിച്ച് മലയാളികളുടെ മനം കവര്‍ന്ന അമല അക്കിനേനിയും ഈ ചിത്രത്തിലൂടെ മലയാളത്തിലേക്ക് തിരിച്ചുവരുന്നു.

ആന്റണി സോണി സെബാസ്റ്റ്യനാണ് ചിത്രത്തിന്റെ സംവിധാനം. ബിബിന്‍ രാജേന്ദ്രനെഴുതി ഷാന്‍ തിരക്കഥ രചിച്ച ഈ ചിത്രം നിര്‍മിച്ചിരിക്കുന്നത് ഇറോസും മാക്ട്രോ പിക്ച്ചേഴ്‌സും ചേര്‍ന്നാണ്. വര്‍ഷങ്ങള്‍ക്കുശേഷം മെജോ ജോസഫിന്റെ മാന്ത്രിക സംഗീതം കെയര്‍ ഓഫ് സൈറബാനുവില്‍ കേള്‍ക്കാം.

DONT MISS
Top