ജിയോ തരംഗം തുടരുമ്പോള്‍ മറ്റു കമ്പനികള്‍ വിയര്‍ക്കുന്നു; ഐഡിയ, വോഡാഫോണ്‍, എയര്‍ടെല്‍ എന്നിവരുടെ ശോകപൂര്‍ണ്ണമായ ഓഫറുകള്‍ ഇങ്ങനെ

ജിയോ ഇപ്പോള്‍ തരുന്ന ദിവസേനയുള്ള ഒരു ജിബി 4ജി ഡേറ്റയും പരിധിയില്ലാത്ത ഇന്റര്‍നെറ്റും കോളുകളും എസ്എംഎസുകളും അടങ്ങുന്ന പ്ലാന്‍ തികച്ചും സൗജന്യമാണ്. ഇതേ ഓഫര്‍ അടുത്ത മാര്‍ച്ച് വരെ ലഭിക്കാന്‍ മാസം തോറും 303 രൂപയ്ക്ക് റീച്ചാര്‍ജ് ചെയ്യേണ്ടതായും വരും. മറ്റ് നെറ്റ്‌വര്‍ക്കുകളുടെ ഇന്റര്‍നെറ്റ് പ്ലാനുകളുമായി താരതമ്യം ചെയ്യുമ്പോള്‍ വന്‍ ലാഭകരം.

ഫ്രീ ഓഫറുകള്‍ കഴിയുമ്പോള്‍ ജിയോ തങ്ങളുടെ ഉപഭോക്താക്കളെ പിടിച്ച് വിഴുങ്ങിക്കളയും എന്ന് പ്രചരിപ്പിച്ചവര്‍ക്കുള്ള ചുട്ട മറുപടിയാണ് കമ്പനി നല്‍കിയത്. പണം നല്‍കിയാല്‍ത്തന്നെ ഇനിയും 13 മാസങ്ങള്‍ കൂടി ഇതേ പ്ലാന്‍ ആസ്വദിക്കാം. ഇങ്ങനെയുള്ള വിശേഷങ്ങള്‍ ഒരുവശത്ത് നില്‍ക്കുമ്പോള്‍ മറ്റു ടെലികോം സേവന ദാതാക്കളുടെ കാര്യം വളരെ കഷ്ടമാണ്. നഷ്ടത്തിലേക്ക് കൂപ്പുകുത്തുന്ന മറ്റു കമ്പനികള്‍ നിലനില്‍ക്കാനുള്ള പെടാപ്പാടിലാണ്. വോഡഫോണും ഐഡിയയും തമ്മില്‍ ലയിക്കാനൊരുങ്ങുമ്പോള്‍ ടെലിനോര്‍ പോലുള്ള ചെറുകമ്പനികളെ ഏറ്റെടുത്ത് കാര്യങ്ങള്‍ ശരിയാക്കാന്‍ സാധിക്കുമോ എന്നാണ് എയര്‍ടെല്‍ നോക്കുന്നത്.

ജിയോയുമായി മത്സരിക്കാന്‍ തക്ക ഓഫറുകളും മറ്റ് ടെലികോം സേവന ദാതാക്കളൊന്നും നല്‍കുന്നുമില്ല. ജിയോ നല്‍കിയിട്ടുള്ള ഓഫറുകളുടെ അടുത്തുപോലും മറ്റു കമ്പനികളുടെ ഓഫറുകള്‍ എത്തുന്നില്ല. ഏതൊക്കെയാണ് അവ എന്ന് നോക്കാം. എയര്‍ടെല്‍ പോസ്റ്റ് പെയ്ഡ് ഉപഭോക്താക്കള്‍ക്കു നല്‍കിയ മൈ പ്ലാന്‍ ഇന്‍ഫിനിറ്റി എന്ന പ്ലാനിലാണ് അണ്‍ലിമിറ്റഡ് കോളുകള്‍ നല്‍കിയിരിക്കുന്നത്. 100 ലോക്കല്‍-എസ്ടിഡി മെസ്സേജുകളും ലഭിക്കും എന്നാല്‍ ഇന്റര്‍നെറ്റ് 2ജിബി മാത്രമേ ലഭിക്കൂ. 1,199 രൂപയ്ക്ക് 5 ജിബി ഇന്റര്‍നെറ്റോടെ ഇതേ ഓഫര്‍ ലഭിക്കും.

എയര്‍ടെല്‍ പ്രീപെയ്ഡ് ഉപഭോക്താക്കള്‍ക്കായി നല്‍കുന്നത് 345 രൂപയ്ക്ക് പരിധിയില്ലാത്ത വിളികളും 1 ജിബി ഇന്റര്‍നെറ്റുമാണ്. 145 രൂപയ്ക്ക് പരിധിയില്ലാത്ത വിളികളും 300എംബി ഇന്റര്‍നെറ്റും. 28 ദിവസമാണ് രണ്ടിന്റേയും കാലാവധി.

വോഡഫോണ്‍ പോസ്റ്റ്‌പെയ്ഡ് ഉപഭോക്താക്കള്‍ക്ക് 1,699 രൂപയുടെ ഓഫര്‍ നല്‍കിയിരിക്കുന്നു. പരിധിയില്ലാത്ത കോളുകളും 500 മെസ്സേജുകളും ഒപ്പം 12 ജിബി നെറ്റും വോഡഫോണ്‍ തരുന്നു. 1,999 രൂപയ്ക്ക് 16 ജിബി നെറ്റ് ലഭിക്കും.

344 രൂപയ്ക്ക് പരിധിയില്ലാത്ത വിളികളും 300 എംബി 3ജി ഇന്റര്‍നെറ്റും 3ജി ഫോണുകളില്‍ ലഭിക്കും. ഇതേ ഓഫര്‍ 4ജി ഫോണുകളിലാണ് ഉപയോഗിക്കുന്നതെങ്കില്‍ 1ജിബി ഡാറ്റ ലഭിക്കും! 3ജി ഫോണ്‍ മാത്രമുള്ളവര്‍ക്ക് ജിയോ ഉപയോഗിക്കാനാവില്ല എന്ന് മനസിലാക്കിയുള്ള സൈക്കോളജിക്കല്‍ മൂവ്. ഇത്തരം പക്ഷാപാതങ്ങള്‍ക്ക് തക്കതായ തിരിച്ചടി വോഡഫോണിന് ലഭിക്കുന്നുമുണ്ട്.

ഓഫറുകളുടെ മായികലോകം ജിയോ സൃഷ്ടിച്ചപ്പോള്‍ എന്തുചെയ്യണമെന്ന് യാതൊരു രൂപവുമില്ലാതെ അക്ഷരാര്‍ത്ഥത്തില്‍ ഉഴറുന്നത് ഐഡിയയാണ്. 1,498 രൂപയ്ക്കാണ് 15 ജിബി ഇന്റര്‍നെറ്റ് നല്‍കുന്നത്. കോളുകളോടൊപ്പം ലഭിക്കുന്ന ഇന്റര്‍നെറ്റാവട്ടെ 3ജിയും. 1,199 രൂപയുടെ പ്ലാനില്‍ പരിധിയില്ലാത്ത വിളികളും 3000 എസ്എംഎസുകളും 5ജിബി ഡേറ്റയും ലഭിക്കും.

DONT MISS
Top