ജിയോക്ക് അതേ നാണയത്തില്‍ മറുപടിയുമായി എയര്‍ടെല്‍; പുതിയ സര്‍പ്രൈസ് ഓഫറില്‍ 100 രൂപയ്ക്ക് 10 ജിബി ഡാറ്റ

എയര്‍ടെല്‍

മുംബൈ: തങ്ങളുടെ കുത്തകയായിരുന്ന ടെലകോം രംഗത്തെ അപ്പാടെ ജിയോ വിഴുങ്ങുന്ന കാഴ്ച നോക്കി നില്‍ക്കാനേ മറ്റ് കമ്പനികള്‍ക്ക് കഴിഞ്ഞുള്ളൂ. ചില സൗജന്യങ്ങളൊക്കെ നല്‍കിയെങ്കിലും ജിയോയുടെ അടുത്തെത്താന്‍ പോലും മറ്റ് കമ്പനികള്‍ക്ക് കഴിഞ്ഞിട്ടില്ല. ഒടുവില്‍ സൗജന്യങ്ങള്‍ ഒഴിവാക്കി ഡാറ്റയ്ക്ക് മാത്രമെങ്കിലും പണമീടാക്കാന്‍ ജിയോ തീരുമാനിച്ചു.

ജിയോ പുതിയ ഓഫര്‍ പ്രഖ്യാപിച്ചതിനു പിന്നാലെ തന്നെ എയര്‍ടെലും സര്‍പ്രൈസ്  ഓഫറുമായി രംഗത്തെത്തിയിരിക്കുകയാണ്. ജിയോയ്ക്ക് അതേ നാണയത്തില്‍ തന്നെ തിരിച്ചടി നല്‍കാനുള്ള ശ്രമമാണ് എയര്‍ടെലിന്റെ പുതിയ സര്‍പ്രൈസ് ഓഫര്‍. 100 രൂപയ്ക്ക് ഒരുമാസത്തേക്ക് 10 ജിബി ഡാറ്റയാണ് എയര്‍ടെലിന്റെ വാഗ്ദാനം. ജിയോയിലാകട്ടെ, 303 രൂപയ്ക്ക് 30 ജിബിയാണ് മാസം ലഭിക്കുക.

എന്നാല്‍ പോസ്റ്റ്‌പെയ്ഡ് ഉപഭോക്താക്കള്‍ക്ക് മാത്രമാണ് എയര്‍ടെലിന്റെ പുതിയ ഓഫര്‍ ലഭ്യമാവുക. മറ്റ് ടെലകോം കമ്പനികളും പുതിയ ഓഫറുകളുമായി ഉടന്‍ രംഗത്തെത്തുമെന്നാണ് അറിയുന്നത്. പക്ഷേ ഇത് പുതിയ ഓഫറല്ല എന്നാണ് എയര്‍ടെല്‍ പറയുന്നത്. തെരഞ്ഞെടക്കപ്പെട്ട ഉപഭോക്താക്കള്‍ക്ക് മാത്രമാണ് ഈ സര്‍പ്രൈസ് ഓഫര്‍.

അതേസമയം, ഡാറ്റയ്ക്ക് പണമീടാക്കുന്നുണ്ടെങ്കിലും ഫോണ്‍വിളികളും എസ്എംഎസുകളും ജിയോയില്‍ സൗജന്യമായിരിക്കും. മാര്‍ച്ച് 1 മുതല്‍ 31 വരെയുള്ള കാലയളവില്‍ 99 രൂപ മുടക്കിയാല്‍ ജിയോ പ്രൈം അംഗമാകാം. പ്രൈം അംഗങ്ങള്‍ക്കാണ് 303 രൂപ മുടക്കിയാല്‍ ഹാപ്പി ന്യൂ ഇയര്‍ ഓഫറില്‍ തുടര്‍ന്നും ഡാറ്റ ഉപയോഗിക്കാനാവുക.

DONT MISS
Top