അടിപൊളി ക്യാമറയുമായി മോട്ടോ ജി5 പ്ലസ്; ഏപ്രിലില്‍ വിപണിയിലെത്താന്‍ സാധ്യത

മോട്ടോ ജി5 പ്ലസ്

മോട്ടോറോള എന്ന കമ്പനിയെ പല പ്രമുഖ ടെക് ഭീമന്മാരും കൈമാറിക്കളിച്ചെങ്കിലും മോട്ടോ എന്ന മൊബൈല്‍ ബ്രാന്റ് എക്കാലവും വിപണിക്ക് പ്രിയപ്പെട്ടവയായിരുന്നു. പ്രത്യേകിച്ച് മോട്ടോയുടെ ജി സീരീസ് ഫോണുകള്‍ കമ്പനിക്ക് വന്‍ മുന്നേറ്റമാണ് നേടിക്കൊടുത്തത്. സാധാരണക്കാരന്റെ പോക്കറ്റ് കീറാത്ത ഫോണുകളാണ് ഈ സീരീസില്‍ പുറത്തിറങ്ങിയത്. മോട്ടോയുടെ ജി ഫോര്‍ പ്ലസ് എന്ന മോഡലാണ് ജി സീരീസില്‍ അവസാനമായി പുറത്തെത്തിയത്. ഇപ്പോള്‍ ജി5 പ്ലസ് എന്ന ഫോണുമായി ലോകം കീഴടക്കാനൊരുങ്ങുകയാണ് മോട്ടോ.

പുത്തന്‍ ഫോണുകളുടെ കോണ്‍ഫിഗറേഷന്‍ മോട്ടോ ഔദ്യോഗികമായി പുറത്തുവിട്ടിട്ടില്ല. എന്നാല്‍ ടെക് പാപ്പരാസികള്‍ ഫോണിന്റെ ചിത്രം ഉള്‍പ്പെടെ ചോര്‍ത്തിക്കഴിഞ്ഞു. ജി4 നേക്കാള്‍ കാണാന്‍ സുന്ദരനാണ് ജി5. ഡ്യുവല്‍ ടോണ്‍ എല്‍ഇഡി ഫ്ളാഷും ക്യാമറയും പിന്നില്‍ ഒരുമിക്കുന്നത് ഒരു കറുത്ത വൃത്തത്തിലാണ്. മുന്‍വശം കാണാന്‍ പൂര്‍വികന്റെ ഛായയുണ്ട്. വശത്ത് ലെനെവോ എന്ന് ആലേഖനം ചെയ്തിരിക്കുന്നു. സ്‌നാപ്ഡ്രാഗണ്‍ 625 പ്രൊസസ്സര്‍ ഫോണിന് കരുത്തേകും.

5.2 ഇഞ്ച് ഫുള്‍ എച്ച്ഡി ഡിസ്‌പ്ലേയും 3000എംഎഎച്ച് ബാറ്ററിയും ഫിംഗര്‍ പ്രിന്റ് സ്‌ക്യാനറും ഫോണിലുണ്ട്. 12 മെഗാ പിക്‌സല്‍ റാപ്പിഡ് ഫോക്കസ് ക്യാമറ വളരെ മികച്ച ചിത്രങ്ങള്‍ നല്‍കും. മുന്‍ ക്യാമറയേപ്പറ്റിയും റാമിനേപ്പറ്റിയും വിവരങ്ങള്‍ ലഭ്യമായിട്ടില്ല.

ഇന്ത്യയിലെത്തുമ്പോള്‍ മോട്ടോ ജി5 പ്ലസിന് 16000 രൂപയ്ക്കടുത്താവും വില. ഫോണ്‍ ഫെബ്രുവരിയില്‍ അമേരിക്കന്‍ വിപണിയിലെത്തുമെന്ന് വാര്‍ത്ത ഉണ്ടായിരുന്നു. എന്നാല്‍ അതുണ്ടാവാത്ത സാഹചര്യത്തില്‍, ഏപ്രിലിലാണ് ഇനി ഫോണ്‍ പുറത്തിറക്കുതെന്നാണ് ഇപ്പോള്‍ അറിയാന്‍ സാധിക്കുന്നത്.

DONT MISS
Top