‘വിവാഹം കഴിഞ്ഞോയെന്ന് വൈറസിനെങ്ങനെയറിയാം?’ വിവാഹത്തിന് മുന്‍പുള്ള ലൈംഗിക ബന്ധത്തിലൂടെ എയ്ഡ്‌സ് പകരുമെന്ന് പത്താം ക്ലാസ് ജീവശാസ്ത്ര പുസ്തകം

പാഠപുസ്തകത്തിലെ ഭാഗം

കൊച്ചി: സദാചാര പൊലീസിംഗിനെ സംബന്ധിച്ച വാര്‍ത്തകള്‍ നിത്യേനെയെന്നോണം പുറത്തു വന്നുകൊണ്ടിരിക്കുകയാണ്. ആണും പെണ്ണും ഒന്നിച്ചിരുന്നാല്‍ അസഹിഷ്ണുത കാണിക്കുന്നവരുടെ എണ്ണം സമൂഹത്തില്‍ വര്‍ധിച്ചു വരുന്ന പ്രവണതയുടെ എത്രയോ ഉദാഹരണങ്ങള്‍ വാര്‍ത്തകളായി വന്നിട്ടുണ്ട്. ഇപ്പോഴിതാ, വിദ്യാഭ്യാസ വകുപ്പ് പുറത്തിറക്കിയിരിക്കുന്ന പത്താം ക്ലാസിലെ ജീവശാസ്ത്ര പാഠപുസ്തകത്തിലെ ഒരു ഭാഗം സോഷ്യല്‍ മീഡിയയില്‍ വിമര്‍ശനം നേരിട്ടുകൊണ്ടിരിക്കുകയാണ്.

ജീവശാസ്ത്ര പുസ്തകത്തില്‍ സദാചാരവും പാഠ്യവിഷയമാകുന്നു എന്നാണ് ഉയരുന്ന വിമര്‍ശനം. പുസ്തകത്തിലെ ‘അകറ്റിനിര്‍ത്താം രോഗങ്ങളെ’ എന്ന നാലാം അധ്യായത്തില്‍ ചിത്രീകരണം 4.2-ലാണ് ഈ ഭാഗം ഉള്ളത്. വിവാഹത്തിന് മുന്‍പുള്ള ലൈംഗിക ബന്ധവും വിവാഹേതര ലൈംഗിക ബന്ധവും എയ്ഡ്‌സ് ബാധിക്കാന്‍ കാരണമാകും എന്നാണ് ഈ ഭാഗത്ത് വിദ്യാര്‍ത്ഥികളോട് പറയുന്നത്. ലൈംഗിക ബന്ധത്തിലേര്‍പ്പെടുന്നത് വിവാഹം കഴിഞ്ഞവരാണോയെന്ന് എയ്ഡ്‌സിനു കാരണമായ എച്ച്‌ഐ വൈറസ് എങ്ങനെയാണ് അറിയുക എന്നാണ് സമൂഹമാധ്യമങ്ങളില്‍ പരിഹാസരൂപത്തില്‍ ഉയരുന്ന ചോദ്യം.

എയ്ഡ്‌സ് പകരുന്നത് പ്രധാനമായും നാല് കാരണങ്ങളിലൂടെയാണെന്നാണ് പാഠഭാഗത്ത് പറയുന്നത്. ശരീരദ്രവങ്ങളിലൂടെ, എച്ച്‌ഐവി ബാധിതയായ അമ്മയില്‍ നിന്ന് ഗര്‍ഭസ്ഥ ശിശുവിലേക്ക്, എയ്ഡ്‌സ് ബാധിതര്‍ ഉപയോഗിച്ച സൂചിയും സിറിഞ്ചും പങ്കുവെയ്ക്കുന്നതിലൂടെ എന്നീ മൂന്ന് കാരണങ്ങള്‍ക്കൊപ്പമാണ് വിവാഹ പൂര്‍വ്വ/വിവാഹേതര ലൈംഗിക ബന്ധത്തിലൂടെ എന്ന വിചിത്രമായ കാരണം കൂടി പറയുന്നത്.

സുരക്ഷിതമല്ലാത്ത ലൈംഗികബന്ധത്തിലൂടെ എന്നതാണ് യഥാര്‍ത്ഥത്തില്‍ എയ്ഡ്‌സ് പകരുന്നതിനുള്ള കാരണമായി പറയേണ്ടത്. പങ്കാളികള്‍ വിവാഹിതരാണോ അല്ലയോ എന്നതിന് ഇവിടെ പ്രസക്തിയില്ല. എന്നാല്‍ പാഠപുസ്തകം തയ്യാറാക്കിയയാളുടെ സദാചാര ബോധമാണ് ഈ രീതിയില്‍ പുസ്തകം തയ്യാറാക്കാന്‍ കാരണമെന്നാണ് സമൂഹമാധ്യമങ്ങളില്‍ ഉയരുന്ന വിമര്‍ശനം.

ചില ഫെയ്സ്ബുക്ക് പോസ്റ്റുകള്‍:
1. https://www.facebook.com/photo.php?fbid=1325004687579697&set=a.416905548389620.99672.100002105344283&type=1&theater

2. https://www.facebook.com/photo.php?fbid=1340923072594866&set=a.101028006584385.2396.100000315576508&type=1&theater

DONT MISS
Top