‘ഹാപ്പി ന്യൂ ഇയര്‍’ ഇനി കൊല്ലം മുഴുവന്‍; പുതിയ ഓഫര്‍ പ്രഖ്യാപിച്ച് റിലയന്‍സ് ജിയോ

പുതിയ ഓഫര്‍ പ്രഖ്യാപിക്കുന്ന മുകേഷ് അംബാനി

ഇന്ത്യയിലെ ജിയോ ഇന്റര്‍നെറ്റ് വിപ്ലവം അടുത്ത കാലത്തൊനിനും തീരില്ലെന്ന് ഉറപ്പായി. വെല്‍ക്കം ഓഫറിന് ശേഷം അവതരിപ്പിച്ച ഹാപ്പി ന്യൂ ഇയര്‍ ഓഫറിന്റെ കാലപരിധി മാര്‍ച്ച് 31-ന് അവസാനിക്കാനിരിക്കെ മറ്റ് ഓപ്പറേറ്റര്‍മാര്‍ക്ക് ഞെട്ടലും ഉപഭോക്താക്കള്‍ക്ക് ആവേശവും നല്‍കിക്കൊണ്ട് റിലയന്‍സ് ജിയോ പുതിയ ഓഫര്‍ പ്രഖ്യാപിച്ചു. പുതിയ ഓഫറിലൂടെ വരുന്ന ഒരു കൊല്ലത്തേക്ക് ഉപഭോക്താക്കള്‍ക്ക് സൗജന്യങ്ങള്‍ ലഭ്യമാകും.

ജിയോ പ്രൈമില്‍ മെമ്പര്‍ഷിപ്പ് എടുക്കുന്നവര്‍ക്കാണ് ഒരു കൊല്ലത്തേക്കുള്ള ഓഫര്‍ ലഭ്യമാവുക. എന്നാല്‍ പ്രൈം മെമ്പഷിപ്പ് എടുക്കാന്‍ 99 രൂപ മുടക്കണം. മെമ്പര്‍ഷിപ്പ് എടുത്താല്‍ ഹാപ്പി ന്യൂ ഇയര്‍ ഓഫറില്‍ ലഭിച്ചിരുന്ന ആനുകൂല്യങ്ങള്‍ ഒരു കൊല്ലത്തേക്ക് കൂടി ലഭിക്കുകയാണ് ചെയ്യുക. ഇതിനു ശേഷം മാസം 303 രൂപയ്ക്ക് റീച്ചാര്‍ജ് ചെയ്താല്‍ പഴയ ഓഫറുകള്‍ ലഭിക്കും.

റിലയന്‍സ് ഇന്‍ഡസ്ട്രീസ് ചെയര്‍മാന്‍ മുകേഷ് അംബാനിയാണ് പുതിയ താരിഫ് പ്ലാനുകള്‍ പ്രഖ്യാപിച്ചത്. ജിയോ ഉപഭോക്താക്കളുടെ എണ്ണം രാജ്യത്ത് 10 കോടി കടന്നതായും മുകേഷ് അംബാനി പറഞ്ഞു. മാര്‍ച്ച് ഒന്ന് മുതല്‍ 31 വരെയാണ് ജിയോ പ്രൈം മെമ്പര്‍ഷിപ്പ് ക്യാംപെയിന്‍. ഈ കാലയളവില്‍ നിലവിലെ ഉപഭോക്താക്കള്‍ക്കൊപ്പം പുതിയ ഉപഭോക്താക്കള്‍ക്കും പ്രൈം അംഗങ്ങളാകാം. ഈ ഓഫര്‍ മുഖേനെ കൂടുതല്‍ സൗജന്യങ്ങള്‍ ഇനിയുമുണ്ടാകുമെന്നും അംബാനി പറഞ്ഞു. മൈ ജിയോ ആപ്പിലൂടെ ഇതു സംബന്ധിച്ച വിവരങ്ങള്‍ അറിയാം.

രാജ്യത്തെ ബാക്കി എല്ലാ ടെലകോം കമ്പനികളും നല്‍കുന്നതിനേക്കാള്‍ 20 ശതമാനം അധികം സേവനം റിലയന്‍സ് ജിയോ നല്‍കുമെന്ന ഉറപ്പും മുകേഷ് നല്‍കി. ജിയോ അംഗങ്ങളുടെ എണ്ണം 10 കോടിയിലെത്തിക്കാന്‍ സഹായിച്ച ഉപഭോക്താക്കള്‍ക്ക് മുകേഷ് അംബാനി നന്ദി പറഞ്ഞു. 2016 സെപ്റ്റംബര്‍ 5-ന് സേവനം ആരംഭിച്ച റിലയന്‍സ് ജിയോയുടെ ലക്ഷ്യം മാര്‍ച്ച് അവസാനത്തോടെ 10 കോടി ഉപഭോക്താക്കളെ നേടുക എന്നതായിരുന്നു. എന്നാല്‍ ഫെബ്രുവരിയില്‍ തന്നെ ജിയോ ലക്ഷ്യം കണ്ടു.

വീഡിയോ:

DONT MISS