റെയില്‍വേ പ്ലാറ്റ് ഫോമിലേയ്ക്ക് കാറോടിച്ച് കയറ്റിയ യുവക്രിക്കറ്റ് താരം അറസ്റ്റില്‍

ഹര്‍മീത് സിങ് പൊലീസ് പിടിയില്‍

മുംബൈ : മുംബൈ അന്ധേരി റെയില്‍വെ സ്‌റ്റേഷനിലെ പ്ലാറ്റ് ഫോമിലേയ്ക്ക് കാറോടിച്ച് കയറ്റിയ യുവക്രിക്കറ്റ് താരം അറസ്റ്റില്‍. രഞ്ജി ട്രോഫിയില്‍ മുംബൈയ്ക്ക് വേണ്ടി കളിക്കുന്ന 25കാരനായ ഹര്‍മീത് സിങ് ബാദനാണ് കാര്‍ പ്ലാറ്റ്‌ഫോമിലേക്ക് ഓടിച്ച് കയറ്റിയത്. റെയില്‍വെ സ്‌റ്റേഷനിലെ ഒന്നാമത്തെ പ്ലാറ്റ്‌ഫോമിലേക്കാണ് ഹ്യുണ്ടായി സെഡാന്‍ വിഭാഗത്തില്‍പ്പെട്ട കാര്‍ താരം ഓടിച്ചുകയറ്റിയത്.

പ്ലാറ്റ്‌ഫോമിലേയ്ക്ക് കാര്‍ പാഞ്ഞെത്തിയപ്പോള്‍ ഇവിടെയുണ്ടായിരുന്ന യാത്രക്കാര്‍ പരിഭ്രമിച്ചു. എന്നാല്‍ ആര്‍ക്കും പരിക്കേറ്റിട്ടില്ല. റെയില്‍വേ പൊലീസ് കസ്റ്റഡിയിലെടുത്ത താരത്തെ വൈദ്യപരിശോധനയ്ക്ക് വിധേയമാക്കി. യുവതാരം മദ്യലഹരിയിലാണ് കാറോടിച്ചതെന്ന് പൊലീസ് വ്യക്തമാക്കി.

യാത്രക്കാര്‍ക്ക് സുരക്ഷാഭീഷണിയുണ്ടാക്കി, റെയില്‍വേ വസ്തുവകകള്‍ നശിപ്പിച്ചു, തുടങ്ങി നിരവധി കുറ്റം ചുമത്തി ഇയാള്‍ക്കെതിരെ പൊലീസ് കേസെടുത്തിട്ടുണ്ട്. വൈകീട്ട് ഇയാളെ ജാമ്യത്തില്‍ വിട്ടതായും പൊലീസ് അറിയിച്ചു.

ഇടങ്കയ്യന്‍ സ്പിന്നറായ ഹര്‍മീത് സിങ് ബാദന്‍ അണ്ടര്‍ 19 ലോകകപ്പ് വിജയിച്ച ടീമില്‍ അംഗമായിരുന്നു. ഐപിഎല്ലില്‍ 2013 ല്‍ രാജസ്ഥാന്‍ റോയല്‍സ് ടീമംഗമായിരുന്നു.

DONT MISS
Top