എല്ലാം ശരിയായി; മലയാളികളുടെ സ്വകാര്യ അഹങ്കാരമായ എംഫോണ്‍ ഈ മാസം 23-ന് വിപണിയിലെത്തും

എംഫോണുകള്‍

കൊച്ചി: ദക്ഷിണേന്ത്യയിലെ ഏക ഫോണ്‍ നിര്‍മ്മാതാക്കളായ കേരളത്തിന്റെ സ്വന്തം ബ്രാന്‍ഡ് എംഫോണിന്റെ ഫോണുകള്‍ ഈ മാസം 23-ന് വിപണിയിലെത്തും. ദുബായില്‍ നടക്കുന്ന ചടങ്ങിലാണ് ഫോണ്‍ വിപണിയിറക്കുന്നത്. മലയാളികളെ പ്രതിനിധീകരിച്ചാണ് എംഫോണ്‍ എന്ന പേര്. അതുപോലെ തന്നെ, ഭാരതത്തിന്റെ ദേശീയ ഫലമായ മാങ്ങയാണ് കമ്പനിയുടെ ചിഹ്നം.

ദുബായിലെ അല്‍മംസാര്‍ പാര്‍ക്ക് ആംഫി തിയേറ്ററിലാണ് ചടങ്ങ് നടക്കുക. നിരവധിപ്രമുഖര്‍ ചടങ്ങില്‍ പങ്കെടുക്കും. സ്മാര്‍ട്ട്‌ഫോണ്‍ കമ്പനികളുടെ ചരിത്രത്തിലാദ്യമായാണ് ഓപ്പണ്‍ എയര്‍ തിയേറ്ററില്‍ ഫോണ്‍ പുറത്തിറക്കുന്ന ചടങ്ങ് നടക്കുന്നത് എന്ന് കമ്പനി അവകാശപ്പെടുന്നു. ബോളിവുഡ് പിന്നണി ഗായിക സുനീതി ചൗഹാന്റെ സംഗീതനിശയും ചടങ്ങിന്റെ പ്രധാന ആകര്‍ഷകങ്ങളിലൊന്നാണ്.

ലോഞ്ചിനു ശേഷം ലോകത്തെ എല്ലാ പ്രധാന ഓണ്‍ലൈന്‍ വിപണന സൈറ്റുകളിലും ഷോപ്പിംഗ് മാളുകളിലും ഫോണ്‍ ചില്ലറ വില്‍പ്പന ശാലകളിലും എംഫോണ്‍ ഫോണുകള്‍ ലഭ്യമാകുമെന്ന് കമ്പനി അറിയിച്ചു. രാജ്യമെമ്പാടും എംഫോണ്‍ സര്‍വ്വീസ് സെന്ററുകള്‍ സജ്ജീകരിച്ചിട്ടുണ്ട്. ആപ്പിളിന്റെ ഇന്ത്യയിലെ വിതരണക്കാരായ റെഡ്ഡിംഗ്ടണിന്റെ നേതൃത്വത്തിലാണ് ഇത്. ഇതിന്റെ വിവരങ്ങള്‍ കമ്പനിയുടെ ഔദ്യോഗിക വെബ്‌സൈറ്റായ www.mphone.in -ല്‍ ലഭ്യമാണ്.

കൊറിയയില്‍ റിസര്‍ച്ച് വിഭാഗം പ്രവര്‍ത്തിക്കുന്ന കമ്പനിയുടെ ഫോണുകള്‍ ഉല്‍പ്പാദിപ്പിക്കുന്നത് ചൈനയിലെ കമ്പനിയുടെ സ്വന്തം അത്യന്താധുനിക പ്ലാന്റിലാണ്. നിര്‍മ്മിക്കുന്ന ഓരോ എംഫോണുകളും നൂറിലധികം പരിശോധനകള്‍ക്ക് ശേഷമാണ് വിപണിയിലെത്തുക. എംഫോണ്‍ 8, എംഫോണ്‍ 7 പ്ലസ്, എംഫോണ്‍ 6, എന്നീ ആന്‍ഡ്രോയിഡ് സ്മാര്‍ട്ട്‌ഫോണുകളാണ് ഇപ്പോള്‍ വിപണിയില്‍ ലഭ്യമാവുക.

പിന്നില്‍ 21 മെഗാപിക്‌സല്‍ പിഡിഎഎഫ് ക്യാമറയോടെയാണ് എംഫോണ്‍ 8-ന്റെ വരവ്. 28,999 രൂപയാണ് ഫോണിന്റെ വില. ലോഹ നിര്‍മ്മിത ബോഡിയുടെ മുന്നിലെ ഹോം ബട്ടണില്‍ ഫിംഗര്‍ പ്രിന്റ് സെന്‍സെര്‍ ഘടിപ്പിച്ചിട്ടുണ്ട്. 1920X1080 പിക്‌സല്‍ റെസല്യൂഷന്‍ നല്‍കുന്ന 5.5 ഇഞ്ച് ഫുള്‍ എച്ച്ഡി ഡിസ്‌പ്ലെയോട് കൂടിയ എംഫോണ്‍ 8-ന് 4 ജിബി റാമും, 2.3 ജിഗാഹെട്‌സ് ഡാക്കകോര്‍ പ്രോസസറുമാണ് കരുത്തേകുന്നത്.

വയര്‍ലെസ് ചാര്‍ജ്ജിംഗ് സാങ്കേതികവിദ്യ ഏറ്റവും ഫലപ്രദമായി ഉപയോഗിച്ച്, അതിവേഗത്തില്‍ ഫോണ്‍ ചാര്‍ജ്ജ് ചെയ്യാന്‍ കഴിയുന്ന ഇന്‍ഡക്ഷന്‍ ബേസ്സ് എന്ന ടെക്‌നോളജി എംഫോണ്‍ 8-ല്‍ ഉപയോഗിച്ചിരിക്കുന്നു. ഓഫ്‌ലൈന്‍ വീഡിയോ പ്ലേബാക്ക് നല്‍കുന്ന 2950 എംഎഎച്ച് ബാറ്ററിയാണ് ഫോണിലുള്ളത്, 30 മിനിറ്റ് കൊണ്ട് 70% ചാര്‍ജ്ജ് സംഭരിക്കാന്‍ കഴിയുന്ന അതിവേഗ ചാര്‍ജ്ജ് സംവിധാനവും ഇതില്‍ ഉണ്ട്. എംഫോണ്‍ 8-ന് ഒപ്പം വയര്‍ലെസ്സ് ചാര്‍ജ്ജര്‍ സൗജന്യമായി നല്‍കുന്നുണ്ട്. കൂടാതെ എല്ലാ മോഡലിനും ഒപ്പം ഒടിജി കേബിളും, ബാക്ക് കവര്‍, സ്‌ക്രീന്‍ ഗാര്‍ഡ് എന്നിവയും ഉണ്ടാകും.

സെല്‍ഫി പ്രേമികള്‍ക്കായി എംഫോണ്‍ പുറത്തിറക്കുന്ന മോഡലാണ് എംഫോണ്‍ 7 പ്ലസ്. 13 മെഗാപിക്‌സല്‍ ശേഷിയുള്ള മുന്‍ ക്യാമറ 84 ഡിഗ്രി ഫീല്‍െഡപ്ത് ഒപ്പിയെടുക്കാന്‍ കഴിവുള്ളതാണ്. മുന്നിലും പിന്നിലും എല്‍ഇഡി ഫ്‌ളാഷുകളുള്ള എംഫോണ്‍ 7 പ്ലസ്സിന്റെ 16 മെഗാപിക്‌സല്‍ പിന്‍ ക്യാമറ 2K വീഡിയോ റെക്കോര്‍ഡിംഗ് സൗകര്യമുള്ളതാണ്. 1080X1920 പിക്‌സല്‍ റെസല്യൂഷനുളള അഞ്ചര ഇഞ്ച് ഡിസ്‌പ്ലേയാണ് എംഫോണ്‍ 7 പ്ലസിലുള്ളത്. 1.5 ഗിഗാഹെര്‍ട്‌സ് കരുത്തുള്ള മീഡിയാടെക് MT6750 ഒക്ടാകോര്‍ പ്രൊസസര്‍, 4ജിബി റാം, 64ജിബിഇന്റേണല്‍ സ്റ്റോറേജ് ശേഷി, മൈക്രോ എസ്ഡി കാര്‍ഡ് ഉപയോഗിച്ച് 256 ജിബി വരെയുയര്‍ത്താന്‍ സാധിക്കും. ഗോള്‍ഡ്, സില്‍വര്‍, ഗ്രേ നിറങ്ങളിലെത്തുന്ന എംഫോണ്‍ 7പ്ലസിന്റെ ഇന്ത്യയിലെ വില 24,999 രൂപയാണ്.

ഗോള്‍ഡ്, റോസ്, വൈറ്റ്, ഗ്രേ എന്നീ നിറങ്ങളില്‍ വിപണിയില്‍ എത്തുന്ന എംഫോണ്‍ 6-ന് ഇതിനോടകം തന്നെ മികച്ച പ്രതികരണമാണ് ഓണ്‍ലൈനില്‍ ലഭിക്കുന്നത്. 3ജിബി റാം കരുത്തില്‍ 4ജി സാങ്കേതികവിദ്യ ഉള്‍പ്പെടെ അത്യാധുനികമായ നിരവധി സവിശേഷതകളുള്ള എംഫോണ്‍ 6-ല്‍ 32 ജിബി ഡാറ്റ സ്റ്റോര്‍ ചെയ്യാന്‍ സാധിക്കും. മിഡിയടെക് 6753 ഓക്ടകോര്‍ പ്രൊസസ്സറാണ് എംഫോണ്‍ 6-ന് കരുത്തു പകരുന്നത്. 13 മെഗാപിക്‌സല്‍ ക്യാമറക്ക് കൂട്ടായി ഡ്യുയല്‍ ടോണ്‍ എല്‍ഇഡി ഫ്‌ളാഷ്, ദ്രുത പ്രതികരണ ശേഷിയുള്ള ഫിംഗര്‍ പ്രിന്റ് സ്‌കാനര്‍ എന്നിവയും എംഫോണ്‍ 6-ന്റെ പിന്നില്‍ സജ്ജികരിച്ചിരിക്കുന്നു.

ഇന്‍ഫ്രാറെഡ് ബ്‌ളാസ്റ്റര്‍ ഉള്‍പ്പെടുത്തിയെത്തിയിരിക്കുന്ന ഈ സ്മാര്‍ട്ട്‌ഫോണിനെ ആപ്പിന്റെ സഹായത്തോടെ ഒരു യൂണിവേഴ്‌സല്‍ റിമോട്ട് ആയും ഉപയോഗിക്കാന്‍ കഴിയും. സ്മാര്‍ട്ട്‌ഫോണിന് പുറമേ സ്മാര്‍ട്ട് വാച്ച്, പവര്‍ ബാങ്ക്, ബ്ലൂ ടൂത്ത് ഹെഡ്‌സെറ്റ്, വയര്‍ ലെസ ്ചാര്‍ജ്ജര്‍, ടാബ്‌ലെറ്റ് തുടങ്ങിവയുംകമ്പനി പുറത്തിറക്കുന്നുണ്ട്. പൂര്‍ണ്ണമായി 24 ക്യാരറ്റ് സ്വര്‍ണ്ണ പ്ലേറ്റിംഗോട് കൂടിയ പവര്‍ ബാങ്കുകള്‍, ഗോള്‍ഡ് ഫീച്ചര്‍ ഫോണുകള്‍ എന്നിവ വൈകാതെ തന്നെ വിപണിയില്‍ ലഭ്യമാകും .

DONT MISS
Top