നെഹ്‌റു ഗ്രൂപ്പ് മുന്‍ ചെയര്‍മാന്‍ കൃഷ്ണദാസിന്റെ ജാമ്യം റദ്ദാക്കണമെന്ന് സര്‍ക്കാര്‍; ഹൈക്കോടതിയില്‍ ഹര്‍ജി നല്‍കി

പി കൃഷ്ണദാസ്

കൊച്ചി : പാമ്പാടി നെഹ്‌റു കോളെജ് വിദ്യാര്‍ത്ഥി ജിഷ്ണു പ്രണോയിയുടെ മരണത്തില്‍ ഒന്നാം പ്രതിയായ നെഹ്‌റു ഗ്രൂപ്പ് മുന്‍ ചെയര്‍മാന്‍ പി കൃഷ്ണദാസിന്റെ ജാമ്യം റദ്ദാക്കണമെന്ന് സര്‍ക്കാര്‍. ഇക്കാര്യം ആവശ്യപ്പെട്ട് സര്‍ക്കാര്‍ ഹൈക്കോടതിയില്‍ ഹര്‍ജി നല്‍കി.

കോടതിയെ തെറ്റിദ്ധരിപ്പിച്ചാണ് കൃഷ്ണദാസ് ജാമ്യം നേടിയത്. കൃഷ്ണദാസിന്റെ മുന്‍കൂര്‍ ജാമ്യം കേസന്വേഷണത്തെ പ്രതികൂലമായി ബാധിക്കുന്നതായും സര്‍ക്കാര്‍ ഹര്‍ജിയില്‍ ചൂണ്ടിക്കാട്ടി.ഹര്‍ജി കോടതി നാളെ പരിഗണിക്കും.

ജിഷ്ണു ആത്മഹത്യ ചെയ്ത സംഭവത്തില്‍ കൃഷ്ണദാസിനെ ഒന്നാം പ്രതിയാക്കി പൊലീസ് എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്തിരുന്നു. പ്രേരണാക്കുറ്റം, ഗൂഢാലോചന തുടങ്ങി ജാമ്യമില്ലാത്ത വകുപ്പുകളാണ് കൃഷ്ണദാസ് ഉള്‍പ്പെടെയുള്ള അഞ്ച് പ്രതികള്‍ക്കെതിരെ ചുമത്തിയിരിക്കുന്നത്. വടക്കാഞ്ചേരി കോടതിയില്‍ സമര്‍പ്പിച്ചിരിക്കുന്ന എഫ്‌ഐആറിലാണ് ഇക്കാര്യങ്ങള്‍ വ്യക്തമാക്കുന്നത്.

വൈസ് പ്രിന്‍സിപ്പല്‍ ശക്തിവേല്‍, ജിഷ്ണു കോപ്പിയടിച്ചെന്ന് ആരോപിക്കുന്ന സമയത്ത് പരീക്ഷാ ഹാളില്‍ ഡ്യൂട്ടിയില്‍ ഉണ്ടായിരുന്ന അധ്യാപകന്‍ സിപി പ്രവീണ്‍, പിആര്‍ഒ സഞ്ജിത് വിശ്വനാഥന്‍, ബിബിന്‍ എന്നിവരാണ് കേസിലെ പ്രതികള്‍.

പ്രതികള്‍ ഒളിവില്‍ പോയതിനെത്തുടര്‍ന്ന് പൊലീസ് ലുക്കൗട്ട് നോട്ടീസ് പുറപ്പെടുവിച്ചിരുന്നു. രാജ്യത്തെ വിമാനത്താവളങ്ങള്‍, റെയില്‍വേ സ്റ്റേഷനുകള്‍ തുടങ്ങിയ ഇടങ്ങളില്‍ ജാഗ്രതാ നിര്‍ദേശം നല്‍കാനും, പ്രതികളുടെ ഫോട്ടോ പ്രദര്‍ശിപ്പിക്കാനും പൊലീസ് തീരുമാനിച്ചിരുന്നു.

DONT MISS
Top