‘ത്രേതായുഗത്തില്‍ വിമാനമുണ്ടായിരുന്നു’; പുതിയ വെളിപാടില്‍ ‘ജടിലശ്രീ പന്ന്യനെ’ ആദരിച്ച് സോഷ്യല്‍ മീഡിയ

പന്ന്യന്‍ രവീന്ദ്രന്‍

കൊച്ചി:പന്ന്യന്‍ രവീന്ദ്രനാണ് ഇപ്പോളെങ്ങും താരം. സിപിഐഎം-കോണ്‍ഗ്രസ് പ്രൊഫൈലുകള്‍ പന്ന്യന് ജടിലശ്രീ എന്നും സംഘി എന്നുമുള്ള ചാര്‍ത്തിക്കൊടുക്കലുകള്‍ കൂടി സമ്മാനിച്ചുകഴിഞ്ഞു. രാഹുല്‍ ഈശ്വറുമായി എസിവി ചാനലിലില്‍ നടത്തിയ അഭിമുഖത്തിന്റെ ദൃശ്യങ്ങളാണ് പന്ന്യനെ കുരുക്കിയിരിക്കുന്നത്. ശ്രീരാമന്റെ കാലത്തെ ആയുധങ്ങളും കണ്ടുപിടിത്തങ്ങളുമാണ് ഇപ്പോളത്തെ ടെക്‌നോളജിയുടെ അടിസ്ഥാനമെന്ന് അദ്ദേഹം സമര്‍ത്ഥിക്കുന്നതാണ് വിവാദത്തിന് കാരണം.

ശ്രീരാമന്‍ ജീവിച്ചിരുന്ന കാലഘട്ടം ത്രേതായുഗമാണ്, ആ കാലഘട്ടത്തില്‍ വിമാനമുണ്ടായിരുന്നെന്നും പന്ന്യന്‍ രവീന്ദ്രന്‍ വിശദീകരിക്കുന്നു. നമ്മെളെല്ലാം തുടങ്ങുന്നത് ഇന്നലെ ഇന്ന് നാളെ എന്നാണ്. ഇന്നലെയുടെ പൈതൃകമുണ്ട്. ആ പൈതൃകമാണ് നമ്മളെല്ലാം എന്നും പ്രസ്തുത വീഡിയോയില്‍ അദ്ദേഹം പറയുന്നു. ശ്രീരാമ കാലത്ത് യുദ്ധത്തിന് ഉപയോഗിച്ചിരുന്ന അസ്ത്രങ്ങളുടെയും മേന്മയും അദ്ദേഹം വിശദീകരിക്കുന്നു. അഗ്‌നികൊണ്ടുള്ള അസ്ത്രം എതിരാളിക്ക് നേരെ പ്രയോഗിക്കുമ്പോള്‍ അവര്‍ അത് ജലാസ്ത്രം കൊണ്ട് നേരിടുന്നു. ഇവ കണിശതയോടെയുള്ള തീരുമാനങ്ങളുടെ അടിസ്ഥാനത്തില്‍ അനേകകാലം പ്രയത്‌നിച്ചുണ്ടാക്കിയ കണ്ടുപിടുത്തങ്ങളാണെന്നാണ് അദ്ദേഹം വാദിക്കുന്നത്. ആ കണ്ടുപിടിത്തങ്ങളുടെ വളര്‍ച്ചയാണ് ഇന്നത്തെ ടെക്‌നോളജിയെന്നും അദ്ദേഹം പറയുന്നു.

സംഘിപാളയത്തിലേക്കുള്ള പന്ന്യന്റെ പോക്കിന് വേഗം വര്‍ധിച്ചതിന്റെ തെളിവാണിതെന്നാണ് സിപിഐഎം പ്രൊഫൈലുകളുടെ ആരോപണം. ലോ അക്കാദമി വിഷയത്തില്‍ വി മുരളീധരന്റെ സമരപ്പന്തലിലെത്തിയ പന്ന്യന്റെ നടപടിയും മുന്‍പ് കര്‍ശനമായ വിമര്‍ശനത്തിന് സിപിഐഎം ഇരയാക്കിയിരുന്നു. ഇതിന് പിന്നാലെയാണ് ഈ വെളിപാടും സിപിഐയുടെ സംഘിവത്കരണത്തിന് തെളിവായി നവമാധ്യമങ്ങള്‍ ഉപയോഗിക്കുന്നത്. കുമ്മനത്തെ കളിയാക്കി വിളിക്കുന്ന ജടിലശ്രീ എന്ന പേരുപോലും ചിലര്‍ പന്ന്യന് ചാര്‍ത്തിക്കൊടുത്തുകഴിഞ്ഞു.

സമാനമായ വാദങ്ങള്‍ ഇന്ത്യയിലുയര്‍ത്തുന്നത് സംഘപരിവാറാണ്. ദേശീയ ശാസ്ത്ര കോണ്‍ഗ്രസില്‍ സമാനമായ പരാമര്‍ശങ്ങള്‍ നടത്തിയതിനെ തുടര്‍ന്ന് കേന്ദ്രസര്‍ക്കാരിനെതിരെ ശക്തമായ പ്രതിഷേധം ഉയര്‍ത്തിയവരാണ് ഇടതുപക്ഷം. ഗണപതിയിലാണ് ആദ്യത്തെ പ്ലാസ്റ്റിക് സര്‍ജറിയെന്നും, രാവണന്‍ പോയ പുഷ്പകവിമാനമാണ് റൈറ്റ് സഹോദരന്മാര്‍ക്ക് വഴികാട്ടിയത് എന്നുവരെ നീളുന്നു ആ സംഘപരിവാര്‍ പ്രചരണങ്ങള്‍. ഇത്തരം അന്ധവിശ്വാസങ്ങള്‍ പല സംസ്ഥാനങ്ങളിലും പാഠപുസ്തകത്തിലുള്‍പ്പെടുത്തിയതും ഇടതുപക്ഷം വ്യാപകമായ പ്രചരണത്തിനുപയോഗിച്ചിരുന്നു. ഇതിനിടെയാണ് സിപിഐയുടെ ദേശീയ നേതാവായ പന്ന്യന്‍ രവീന്ദ്രന്‍ പുതിയ വെളിപാടുമായി രംഗത്തെത്തിയിരിക്കുന്നത്.

DONT MISS
Top