നൂറ്റിയമ്പത് കോടി രൂപയുടെ ഖാദി ഉത്പന്നങ്ങള്‍ വാങ്ങുവാന്‍ തയ്യാറെടുത്ത് പൊതു ആരോഗ്യകേന്ദ്രങ്ങള്‍

ഫയല്‍ ചിത്രം

ദില്ലി: രാജ്യത്തെ പൊതു ആരോഗ്യകേന്ദ്രങ്ങളില്‍ ഖാദി ഉത്പന്നങ്ങള്‍ ഉപയോഗിക്കുവാന്‍  കേന്ദ്ര ആരോഗ്യ മന്ത്രാലയം നിര്‍ദേശം നല്‍കി. എയിംസ് അടക്കമുള്ള ആരോഗ്യസ്ഥാപനങ്ങള്‍ക്കാണ് നിര്‍ദേശം നല്‍കിയത്. രാജ്യത്ത് ഖാദി ഉത്പന്നങ്ങള്‍ പ്രചരിപ്പിക്കുവാന്‍ കേന്ദ്ര സര്‍ക്കാര്‍ ഉത്തരവിറക്കിയതിന്റെ പശ്ചാത്തലത്തിലാണ് പുതിയ നിര്‍ദേശം.

ഖാദി വ്യവസായ വകുപ്പിന് സ്ഥാപന സംബന്ധിയായ എറ്റവും വലിയ കരാറാണ് ഉത്തരവ് വഴി ലഭിച്ചിരിക്കുന്നത്. നൂറ്റിയമ്പത് കോടി രൂപയുടെ കരാര്‍ വഴി ഖാദി ഉത്പാദിപ്പിക്കുന്ന സോപ്പുകള്‍, കിടക്ക വിരികള്‍, മെത്തകള്‍, ടൗവലുകള്‍ എന്നിവ ആരോഗ്യ കേന്ദ്രങ്ങള്‍ക്ക് ലഭ്യമാകുന്നതാണ്.

ഖാദി ഉത്പന്നങ്ങള്‍ ആശുപത്രികളില്‍ ലഭ്യമാകുന്നത് വഴി തികച്ചും പ്രകൃതി ദത്തവും പരിസ്ഥിതി സൌഹാര്‍ദപരവുമായ ഉത്പന്നങ്ങള്‍ രോഗികള്‍ക്ക് ഉപയോഗിക്കുവാന്‍ സാധിക്കുന്നതാണെന്ന് ഖാദി ബോര്‍ഡ് തലവന്‍ വി കെ സക്‌സേന പറഞ്ഞു. ആരോഗ്യ മന്ത്രാലയം കൈത്തറി നിര്‍മ്മാണ മേഖലയിലെ തൊഴിലാളികള്‍ക്ക് വേണ്ട പരിരക്ഷ നല്‍കുവാനും പദ്ധതിയിടുന്നുണ്ട്.

ഖാദി ഉത്പന്നങ്ങള്‍ക്ക് വിപണിയില്‍ വന്‍ പ്രചരണം നല്‍കുവാനാണ് ഖാദി വ്യവസായ വകുപ്പ് ലക്ഷ്യമിടുന്നത്. നിലവില്‍ രാജ്യത്തെ ആകമാനം ടെക്‌സ്‌ടൈല്‍ വിപണിയുടെ ഒരു ശതമാനം മാത്രമാണ് ഖാദി ഉത്പന്നങ്ങള്‍ വിറ്റഴിക്കപ്പെടുന്നത്. എന്നാല്‍ 2015 – 2016 കാലഘട്ടത്തില്‍ ആയിരത്തിയഞ്ഞൂറ് കോടി രൂപയുടെ ഉത്പന്നങ്ങളാണ് ഖാദി വിറ്റഴിച്ചത്, 2017ല്‍ ഇത് 2000 കോടി രൂപയായും വരുന്ന രണ്ട് വര്‍ഷത്തിനുള്ളില്‍ 5000 കോടി രൂപയായും ഉയര്‍ത്താനാണ് ഖാദി ബോര്‍ഡ് ലക്ഷ്യമിടുന്നത്.

കേന്ദ്രത്തില്‍ ബിജെപി സര്‍ക്കാര്‍ അധികാരമേറ്റതിന് ശേഷം ഖാദി ഉത്പന്നങ്ങള്‍ക്ക് വന്‍ പ്രചരണമാണ് ലഭിക്കുന്നത്. റെയില്‍വേ ഉള്‍പ്പെയുള്ള പല പൊതു മേഖല സ്ഥാപനങ്ങളും ഖാദി ഉത്പന്നങ്ങളെ ആശ്രയിച്ച് തുടങ്ങിയിട്ടുണ്ട്. ഗുജറാത്തില്‍ പോലീസ് യൂണിഫോം ഖാദിയിലേക്ക് മാറ്റുന്നതിനായി ഖാദി ബോര്‍ഡ് സര്‍ക്കാര്‍ പ്രതിനിധികളുമായി ചര്‍ച്ചകള്‍ നടത്തി വരികയാണ്.

DONT MISS
Top