പിവി സിന്ധു ‘വോളിബോള്‍ താരം’; എംഎല്‍എയുടെ ജ്ഞാനം തെലങ്കാന ഉപമുഖ്യമന്ത്രിയെ വെട്ടിലാക്കി (വീഡിയോ)

കഴിഞ്ഞ ഒളിമ്പിക്‌സില്‍ ബാഡ്മിന്റണില്‍ വെള്ളിമെഡല്‍ നേടി രാജ്യത്തിന്റെ അഭിമാനം വാനോളമുയര്‍ത്തിയ പിവി സിന്ധുവിനെ വോളിബോള്‍ താരമാക്കിയ തെലങ്കാന ഉപമുഖ്യമന്ത്രി മഹ്മൂദ് അലിയ്ക്ക് വന്‍ അബദ്ധം പിണഞ്ഞു. ദക്ഷിണമേഖലാ പോലീസ് സംഘടിപ്പിച്ച അഞ്ചു കിലോമീറ്റര്‍ കൂട്ടയോട്ടം ഉത്ഘാടനം ചെയ്ത് സംസാരിക്കവെയാണ് സിന്ധുവിനെ ഉപമുഖ്യമന്ത്രി വോളിതാരം എന്നു വിശേഷിപ്പിച്ചത്.

സിന്ധുവിനെ പരാമര്‍ശിച്ച വേളയില്‍ മഹ്മൂദ് അലിക്ക് സിന്ധു ആരാണെന്ന് അറിയുമായിരുന്നില്ല. അതിനാല്‍ അടുത്തു നിന്ന ആളോട് സിന്ധു ആരാണെന്ന് അദ്ദേഹം ആരാഞ്ഞു. അപ്പോള്‍ എംഎല്‍എയായ മുംതാജ് ഖാനാണ് ഉപമുഖ്യമന്ത്രിക്ക് സിന്ധു വോളിബോള്‍ താരമാണെന്ന ഉപദേശം നല്‍കിയത്.

ശേഷം വന്ന പ്രാസംഗികരാരും ഉപമുഖ്യമന്ത്രിയുടെ മണ്ടത്തരം തിരുത്താനും പോയില്ല. സിന്ധുവും പ്രത്യേകിച്ച് ഭാവവ്യത്യാസമൊന്നും വരുത്താതെ താന്‍ ‘വോളിബോള്‍ കളിക്കാരിയായത്’ കേട്ടുനിന്നു. എന്തായാലും നവമാധ്യമങ്ങളില്‍ മഹ്മൂദ് അലിയുടെ പ്രസംഗ വീഡിയോ വൈറലായിക്കഴിഞ്ഞു.

DONT MISS
Top